ഇന്ത്യക്കെതിരെ ഇതാദ്യം, ചരിത്രത്തിലെ റെക്കോഡ്; തോറ്റെങ്കിലും തലയുയര്‍ത്തി അഫ്ഗാന്‍
Sports News
ഇന്ത്യക്കെതിരെ ഇതാദ്യം, ചരിത്രത്തിലെ റെക്കോഡ്; തോറ്റെങ്കിലും തലയുയര്‍ത്തി അഫ്ഗാന്‍
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 12th January 2024, 3:44 pm

 

അഫ്ഗാനിസ്ഥാന്റെ ഇന്ത്യന്‍ പര്യടനത്തിലെ ആദ്യ മത്സരത്തില്‍ ആതിഥേയര്‍ വിജയിച്ചിരുന്നു. മൊഹാലിയില്‍ നടന്ന മത്സരത്തില്‍ ആറ് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ വിജയം. സൂപ്പര്‍ ഓള്‍ റൗണ്ടര്‍ ശിവം ദുബെയുടെ പ്രകടനമാണ് ഇന്ത്യക്ക് വിജയം സമ്മാനിച്ചത്.

മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ സന്ദര്‍ശകരെ ബാറ്റിങ്ങിനയക്കുകയായിരുന്നു. മൊഹാലിയിലെ രക്തം മരവിക്കുന്ന തണുപ്പിലും മികച്ച പ്രകടനം നടത്താന്‍ അഫ്ഗാനിസ്ഥാന് സാധിച്ചിരുന്നു.

വിക്കറ്റ് കീപ്പര്‍ റഹ്‌മാനുള്ള ഗുര്‍ബാസും ക്യാപ്റ്റന്‍ ഇബ്രാഹിം സദ്രാനും ചേര്‍ന്ന് അടിത്തറയിട്ട സ്‌കോര്‍ അസ്മത്തുള്ള ഒമര്‍സായിയും മുഹമ്മദ് നബിയും ചേര്‍ന്ന് കെട്ടിപ്പൊക്കുകയായിരുന്നു.

ആദ്യ വിക്കറ്റില്‍ അര്‍ധ സഞ്ച്വറി കൂട്ടുകെട്ട് പടുത്തുയര്‍ത്തിയ അഫ്ഗാനിസ്ഥാന്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 50 എന്ന നിലയില്‍ നിന്നും 57ന് മൂന്ന് എന്ന നിലയിലേക്ക് കൂപ്പുകുത്തിയത് വളരെ പെട്ടെന്നായിരുന്നു. അക്‌സര്‍ പട്ടേലിന്റെ കരവിരുതാണ് ഇന്ത്യക്ക് അവശ്യമായ ബ്രേക് ത്രൂ സമ്മാനിച്ചത്.

എന്നാല്‍ അഞ്ചാം നമ്പറില്‍ ഇറങ്ങിയ മുഹമ്മദ് നബിയുടെ അനുഭവ സമ്പത്ത് മറികടക്കാന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ നന്നേ പാടുപെട്ടു. അര്‍ഹിച്ച അര്‍ധ സെഞ്ച്വറിക്ക് എട്ട് റണ്‍സകലെ കാലിടറി വീണെങ്കിലും നബിയുടെ വീരോചിത പ്രകടനം തന്നെയായിരുന്നു മൊഹാലിയിലെ പ്രധാന കാഴ്ച. ഒടുവില്‍ ടീം സ്‌കോര്‍ 130ല്‍ നില്‍ക്കവെ മുകേഷ് കുമാറിന് വിക്കറ്റ് നല്‍കി നബി മടങ്ങി.

പിന്നാലെയെത്തിയ നജീബുള്ള സദ്രാനും മോശമല്ലാത്ത പ്രകടനം കാഴ്ചവെച്ചപ്പോള്‍ അഫ്ഗാന്‍ സ്‌കോര്‍ 150 കടന്നു. ഒടുവില്‍ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 158 എന്ന നിലയില്‍ അഫ്ഗാന്‍ ലയണ്‍സ് പോരാട്ടം അവസാനിപ്പിച്ചു.

മുഹമ്മദ് നബി (27 പന്തില്‍ 42), അസ്മത്തുള്ള ഒമര്‍സായ് (22 പന്തില്‍ 29), ഇബ്രാഹിം സദ്രാന്‍ (22 പന്തില്‍ 25) എന്നിവരാണ് സ്‌കോറിങ്ങില്‍ നിര്‍ണായകമായത്.

അഫ്ഗാനിസ്ഥാന്റെ ചരിത്രത്തില്‍ ടി-20 ഫോര്‍മാറ്റില്‍ ഇന്ത്യക്കെതിരെ കുറിക്കുന്ന ഏറ്റവുമുയര്‍ന്ന ടീം ടോട്ടലാണ് മൊഹാലിയില്‍ പിറന്നത്. ഇതിന് പുറമെ കുട്ടിക്രിക്കറ്റില്‍ ഇന്ത്യക്കെതിരെ ആദ്യമായി 150 റണ്‍സ് പൂര്‍ത്തിയാക്കുകും ചെയ്തു എന്ന നേട്ടവും ഈ മത്സരത്തിനുണ്ട്.

ഇന്ത്യക്കെതിരെ ടി-20യില്‍ അഫ്ഗാനിസ്ഥാന്റെ ഉയര്‍ന്ന സ്‌കോര്‍

(സ്‌കോര്‍ – വേദി – വര്‍ഷം എന്നീ ക്രമത്തില്‍)

158/5 – മൊഹാലി – 2024

144/7 – അബു ദാബി – 2021

136 – കൊളംബോ – 2012

115/8 – ഗ്രോസ് ഐലറ്റ്, സെന്റ് ലൂസിയ – 2010

112/5 – ഹാങ്ഷൂ – 2023

മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ കളി തോറ്റതിന് പിന്നാലെ 1-0 എന്ന നിലയില്‍ പിറകിലാണ് അഫ്ഗാനിസ്ഥാന്‍. ശേഷിക്കുന്ന രണ്ട് മത്സരവും വിജയിച്ചാലേ അഫ്ഗാന് പരമ്പര നേടാന്‍ സാധിക്കൂ. ജനുവരി 14നാണ് രണ്ടാം മത്സരം. ഇന്‍ഡോറിലെ ഹോല്‍കര്‍ സ്‌റ്റേഡിയമാണ് വേദി.

 

Content Highlight: For the first time Afghanistan scored 150+ runs in T20 against India