എംബാപ്പെയൊക്കെ പിന്നെ, എനിക്ക് മെസിയാണെല്ലാം; തുറന്ന് പറഞ്ഞ് മുൻ പി.എസ്.ജി സൂപ്പർ താരം
football news
എംബാപ്പെയൊക്കെ പിന്നെ, എനിക്ക് മെസിയാണെല്ലാം; തുറന്ന് പറഞ്ഞ് മുൻ പി.എസ്.ജി സൂപ്പർ താരം
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 20th March 2023, 6:19 pm

ഫ്രഞ്ച് ഫസ്റ്റ് ഡിവിഷൻ ഫുട്ബോൾ ലീഗായ ലീഗ് വണ്ണിൽ ഒന്നാം സ്ഥാനത്താണ് പാരിസ് ക്ലബ്ബായ പി.എസ്.ജി.

മെസി, എംബാപ്പെ, നെയ്മർ, റാമോസ്, ഹക്കീമി മുതലായ സൂപ്പർ താരങ്ങളടങ്ങിയ പി.എസ്.ജി ഇത്തവണയും ലീഗ് കിരീടത്തിൽ മുത്തമിടുമെന്ന് തന്നെയാണ് ആരാധക പ്രതീക്ഷ.

എന്നാൽ ടീമിലെ പ്രധാനപ്പെട്ട രണ്ട് താരങ്ങളായ മെസി, എംബാപ്പെ എന്നീ സൂപ്പർ താരങ്ങളിൽ മെസിയാണ് തനിക്ക് ഏറ്റവും പ്രിയപ്പെട്ടത് എന്നഭിപ്രായപ്പെട്ട് രംഗത്ത് വന്നിരിക്കുകയാണ് പി.എസ്.ജിയുടെ മുൻ പ്രതിരോധനിര താരമായ മാക്സ് വെൽ.

പി.എസ്.ജിയിൽ മെസിയോ എംബാപ്പെയോ പ്രധാനി എന്ന ചർച്ചകൾ ഫുട്ബോൾ ലോകത്ത് തുടരുമ്പോഴാണ് എംബാപ്പെയേക്കാൾ മികച്ച താരമാണ് മെസി എന്ന അഭിപ്രായവുമായി മാക്സ് വെൽ രംഗത്തെത്തിയിരിക്കുന്നത്.

ബാഴ്സയിൽ മെസിക്കൊപ്പം ഡ്രസിങ് റൂം പങ്കുവെച്ചിട്ടുള്ള മാക്സ് വെൽ ലോകത്തിലെ മികച്ച താരമാണ് മെസി എന്നാണ് അഭിപ്രായപ്പെട്ടിരിക്കുന്നത്.

മെസിക്കും റൊണാൾഡോക്കും ശേഷം അവരുടെ പിൻഗാമിയായേക്കുമെന്ന് ഫുട്ബോൾ ലോകം വിലയിരുത്തുന്ന താരങ്ങളിലൊരാളായ എംബാപ്പെയേക്കാൾ ഹാലണ്ടാണ് മികച്ച താരമെന്നും മാക്സ് വെൽ പറഞ്ഞു.

ക്യാനൽ പ്ലസിന് നൽകിയ അഭിമുഖത്തിലാണ് മെസിയേയും എംബാപ്പെയേയും കുറിച്ചുള്ള അഭിപ്രായങ്ങൾ മാക്സ് വെൽ പങ്കുവെച്ചത്.


“എന്നെ സംബന്ധിച്ച് മെസിയാണ് എപ്പോഴും പ്രധാനപ്പെട്ട താരം. പക്ഷെ മെസി കഴിഞ്ഞാൽ ഹാലണ്ടായിരിക്കും അദ്ദേഹത്തിന്റെ സ്ഥാനത്തേക്ക് ഉയർന്ന് വരുന്നത്. മെസിയേയും റൊണാൾഡോയേയും പോലെ ശക്തനായൊരു പ്ലെയറാണ് ഹാലണ്ടും.

എംബാപ്പെയും മികച്ച താരമാണ് പക്ഷെ മെസിക്കും ഹാലണ്ടിനുമൊപ്പമെത്തുമോ എന്ന് സംശയമാണ്,’ മാക്സ് വെൽ പറഞ്ഞു.
കൂടാതെ എംബാപ്പെ 24 വയസിനിടയിൽ ഒരുപാട് വലിയ നേട്ടങ്ങൾ സ്വന്തമാക്കിയെന്നും അതിനാൽ തന്നെ അദ്ദേഹത്തെ എഴുതിതള്ളാൻ സാധിക്കില്ലെന്നും മാക്സ് വെൽ കൂട്ടിച്ചേർത്തു.

അതേസമയം പി.എസ്.ജിക്കായി ഈ സീസണിൽ 32 മത്സരങ്ങളിൽ നിന്നും 31 ഗോളുകളാണ് എംബാപ്പെ സ്കോർ ചെയ്തത്.


മെസി 32 മത്സരങ്ങളിൽ നിന്നും 18 ഗോളുകളും 17 അസിസ്റ്റുകളും പാരിസ് ക്ലബ്ബിനായി സ്വന്തമാക്കി.

നിലവിൽ 28 മത്സരങ്ങളിൽ നിന്നും 21 വിജയങ്ങളോടെ 66 പോയിന്റുമായി ലീഗ് വൺ ടേബിൾ ടോപ്പേഴ്സാണ് പി.എസ്.ജി.
ഏപ്രിൽ മൂന്നിന് ലിയോണിനെതിരെയാണ് ക്ലബ്ബിന്റെ അടുത്ത മത്സരം.

Content Highlights:For me, it’s always Messi Maxwell said about messi and mbappe