Food Poison
കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളേജ് വനിതാ ഹോസ്റ്റലില്‍ ഭക്ഷ്യവിഷബാധ; 40-ഓളം വിദ്യാര്‍ത്ഥിനികള്‍ ആശുപത്രിയില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 Mar 21, 06:28 pm
Wednesday, 21st March 2018, 11:58 pm

കോഴിക്കോട്: സാമൂതിരി ഗുരുവായൂരപ്പന്‍ കോളേജിന്റെ വനിതാ ഹോസ്റ്റലില്‍ ഭക്ഷ്യവിഷബാധ. ഇതേ തുടര്‍ന്ന് 40-ഓളം വിദ്യാര്‍ത്ഥിനികളെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ചൊവ്വാഴ്ച രാത്രി ഹോസ്റ്റലില്‍ നിന്നും ഭക്ഷണം കഴിച്ചവര്‍ക്കാണ് വിഷബാധയേറ്റത്. ഇന്നു രാവിലെ മുതലാണ് വിദ്യാര്‍ത്ഥിനികളെ ആശുപത്രിയിലെത്തിച്ചു തുടങ്ങിയത്. ഇവരെ ആശുപത്രിയിലെത്തിക്കാനുള്ള നടപടികള്‍ കോളേജ് അധികൃതരുടെ ഭാഗത്തു നിന്നുണ്ടായില്ലെന്ന് ആക്ഷേപമുണ്ട്. എന്നാല്‍ ഇത് അടിസ്ഥാനരഹിതമാണെന്ന് ഹോസ്റ്റല്‍ ഡെപ്യൂട്ടി വാര്‍ഡന്‍ ഡൂള്‍ന്യൂസിനോടു പറഞ്ഞു. കോളേജ് അധികൃതര്‍ തന്നെയാണ് കുട്ടികളെ ആശുപത്രിയിലെത്തിച്ചത്.


Also Read: പ്രാങ്ക് വീഡിയോക്കാര്‍ സൂക്ഷിക്കുക; വൈറല്‍ വീഡിയോയ്ക്കായി ചവിട്ടി വീഴ്ത്തിയ സ്ത്രീയ്ക്ക് നഷ്ടപരിഹാരമായി 50 ലക്ഷം രൂപ നല്‍കാന്‍ ഉത്തരവ് 


ഭക്ഷ്യവിഷബാധയാണ് ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം. ചൊവ്വാഴ്ച രാത്രി ഒന്നു രണ്ടു കുട്ടികള്‍ക്ക് അസ്വസ്ഥത ഉണ്ടായിരുന്നു. ഇന്ന് രാവിലെയാണ് കൂടുതല്‍ കുട്ടികള്‍ക്ക് പ്രശ്‌നങ്ങള്‍ ഉണ്ടായത്. ഛര്‍ദ്ദി, വയറിളക്കം, ക്ഷീണം എന്നീ ലക്ഷണങ്ങളാണ് കുട്ടികള്‍ക്ക് ഉള്ളത്.

വാര്‍ഡന്‍ കൂടിയായ പ്രിന്‍സിപ്പലും മാനേജ്‌മെന്റില്‍ പെട്ടവരും ആശുപത്രിയില്‍ എത്തിയിരുന്നു. എന്താണ് സംഭവിച്ചത് എന്നതിനെ പറ്റി അന്വേഷിക്കുമെന്നും ഹോസ്റ്റല്‍ ഡെപ്യൂട്ടി വാര്‍ഡന്‍ ഡൂള്‍ന്യൂസിനോടു പറഞ്ഞു.