റൊണാൾഡോ റയലിൽ നിന്നും യുവന്റസിലേക്ക് പോയതിന്റെ കാരണം അതാണ്: പെരസ്
Football
റൊണാൾഡോ റയലിൽ നിന്നും യുവന്റസിലേക്ക് പോയതിന്റെ കാരണം അതാണ്: പെരസ്
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 7th September 2024, 3:34 pm

ഒരുകാലത്ത് റയല്‍ മാഡ്രിഡിന്റെ തൂവെള്ള ജേഴ്‌സിയില്‍ ഫുട്‌ബോള്‍ ലോകത്തെ അത്ഭുതപ്പെടുത്താന്‍ ഇതിഹാസതാരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്ക് സാധിച്ചിരുന്നു. റയല്‍ മാഡ്രിഡിനൊപ്പം അവിസ്മരണീയമായ ഒരു കരിയറാണ് റൊണാള്‍ഡോ പടുത്തുയര്‍ത്തിയത്.

2018ലാണ് റൊണാള്‍ഡോ സ്പാനിഷ് വമ്പന്മാര്‍ക്കൊപ്പമുള്ള നീണ്ട ഫുട്‌ബോള്‍ യാത്ര അവസാനിപ്പിച്ചുകൊണ്ട് ഇറ്റാലിയന്‍ ക്ലബ്ബ് യുവന്റസിലേക്ക് ചേക്കേറിയത്.

റൊണാള്‍ഡോ റയല്‍ മാഡ്രിഡ് വിട്ടു മറ്റൊരു ക്ലബ്ബില്‍ ചേരുന്നതിനു പിന്നിലുള്ള കാരണത്തെക്കുറിച്ച് റയല്‍ മാഡ്രിഡ് ടീം പ്രസിഡന്റ് ഫ്‌ലോറന്റീനോ പെരസ് സംസാരിച്ചിരുന്നു.

‘നികുതി കേസ് കാരണം റൊണാള്‍ഡോ ടീം വിടാന്‍ ആഗ്രഹിക്കുന്നുവെന്ന് ധാരാളം അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു, എന്നാല്‍ യാഥാര്‍ത്ഥ്യം മറ്റൊന്നാണ്. തന്റെ ഫുട്‌ബോള്‍ കരിയറില്‍ ഒരു മാറ്റം വരുത്താന്‍ റൊണാള്‍ഡോ ആഗ്രഹിച്ചു. അങ്ങനെയാണ് അദ്ദേഹം യുവന്റസിലേക്ക് പോയത്. ഇതില്‍ എല്ലാവരും സന്തുഷ്ടരായിരുന്നു,’ പെരസ് ഒന്‍ഡ സോറോക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

റയല്‍ മാഡ്രിഡിനായി 438 മത്സരങ്ങളില്‍ ബൂട്ട് കെട്ടിയ പോര്‍ച്ചുഗീസ് ഇതിഹാസം 450 ഗോളുകളാണ് അടിച്ചുകൂട്ടിയത്. 131 തവണ റയല്‍ ജേഴ്സിയില്‍ സഹതാരങ്ങളെകൊണ്ട് ഗോളടിപ്പിക്കാനും റൊണാള്‍ഡോക്ക് സാധിച്ചു.

ലോസ് ബ്ലാങ്കോസിനൊപ്പം ഒരുപിടി കിരീടനേട്ടങ്ങളില്‍ പങ്കാളിയാവാനും റൊണാള്‍ഡോക്ക് സാധിച്ചിട്ടുണ്ട്. നാല് യുവേഫ ചാമ്പ്യന്‍സ് ലീഗ്, മൂന്ന് വീതം യുവേഫ സൂപ്പര്‍കപ്പ്, ഫിഫ ക്ലബ്ബ് ലോകകപ്പ്, രണ്ട് വീതം ലാ ലീഗ, കോപ്പ ഡെല്‍റേ, സ്പാനിഷ് സൂപ്പര്‍ കപ്പ് എന്നീ ട്രോഫികളാണ് റൊണാള്‍ഡോ റയലിനൊപ്പം നേടിയത്.

നിലവില്‍ റൊണാള്‍ഡോ സൗദി പ്രൊ ലീഗ് ക്ലബ്ബായ അല്‍ നസറിന്റെ താരമാണ്. യുവേഫ നേഷന്‍സ് ലീഗിലെ ആദ്യ മത്സരത്തില്‍ ക്രോയേഷ്യക്കെതിരെ ഗോള്‍ നേടിയതിനു പിന്നാലെ ഒരു ചരിത്രനേട്ടവും റൊണാള്‍ഡോ കൈപ്പിടിയിലാക്കിയിരുന്നു.

ഫുട്ബോള്‍ കരിയറില്‍ 900 ഗോളുകള്‍ എന്ന പുതിയ നാഴികക്കല്ലിലേക്കാണ് റൊണാള്‍ഡോ ചുവടുവെച്ചത്. ഫുട്ബോളില്‍ 900 ഗോളുകള്‍ നേടുന്ന ചരിത്രത്തിലെ ആദ്യ താരമായി മാറാനും റൊണാള്‍ഡോക്ക് സാധിച്ചു.

സെപ്റ്റംബര്‍ ഒമ്പതിന് സ്‌കോട്ലാന്‍ഡിനെതിരെയാണ് പോര്‍ച്ചുഗലിന്റെ അടുത്ത മത്സരം. ഈ മത്സരത്തിലും റൊണാള്‍ഡോയുടെ ഗോളടിമികവ് ആവര്‍ത്തിക്കുമെന്ന് തന്നെയാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്.

 

Content Highlight: Florentino Perez Talks About Cristaino Ronaldo