ഇന്ത്യ-ഇംഗ്ലണ്ട് അഞ്ച് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയിലെ അവസാന മത്സരം ധര്‍മശാലയില്‍ നടന്നുകൊണ്ടിരിക്കുകയാണ്.
ഒന്നാം ഇന്നിങ്‌സില്‍ ബാറ്റ് ചെയ്യുന്ന ഇന്ത്യയ്ക്കായി നായകന്‍ രോഹിത് ശര്‍മയും ശുഭ്മന്‍ ഗില്ലും സെഞ്ച്വറി നേടി കരുത്തുകാട്ടി. 150 പന്തില്‍ 110 റണ്‍സാണ് ഗില്‍ നേടിയത്. 12 ഫോറുകളും അഞ്ച് സിക്സുകളുമാണ് ഗില്ലിന്റെ ബാറ്റില്‍ നിന്നും പിറന്നത്.
162 പന്തില്‍ 103 റണ്‍സുമായിരുന്നു രോഹിത് നേടിയത്. 13 ഫോറുകളും മൂന്ന് സിക്സുമാണ് ഇന്ത്യന്‍ നായകന്‍ നേടിയത്. യശ്വസി ജെയ്‌സ്വാള്‍ അര്‍ധസെഞ്ച്വറിയും നേടി. 58 പന്തില്‍ നിന്നും 57 റണ്‍സായിരുന്നു ജെയ്‌സ്വാള്‍ നേടിയത്. അഞ്ച് ഫോറുകളും മൂന്ന് സിക്‌സുമാണ് താരം നേടിയത്.
ഇതിന് പിന്നാലെ ഒരു റെക്കോഡ് നേട്ടമാണ് ഇന്ത്യന്‍ താരങ്ങള്‍ സ്വന്തമാക്കിയത്.
ചരിത്രത്തില്‍ ആദ്യമായാണ് ഒരു ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യയുടെ ടോപ്പ് ഓര്‍ഡറിലുള്ള മൂന്ന് താരങ്ങള്‍ 400+ റണ്‍സ് നേടുന്നത്. നായകന്‍ രോഹിത് ശര്‍മ, യശ്വസി ജെയ്സ്വാള്‍, ശുഭ്മന്‍ ഗില്‍ എന്നിവരാണ് ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ 400 ന് മുകളില്‍ റണ്‍സ് നേടിയത്.
ജെയ്‌സ്വാള്‍ നാല് ടെസ്റ്റുകളിലെ രണ്ട് ഇന്നിങ്സില്‍ നിന്നും രണ്ട് ഡബിള്‍ സെഞ്ചറിയും മൂന്ന് അര്‍ധസെഞ്ച്വറിയുമടക്കം 708 റണ്‍സാണ് നേടിയത്. ഇതിന് പിന്നാലെ ഒരുപിടി റെക്കോഡ് നേട്ടങ്ങളും ജെയ്സ്വാളിനെ തേടിയെത്തിയിരുന്നു.
രണ്ട് സെഞ്ച്വറികളും രണ്ട് അര്‍ധസെഞ്ച്വറിയുമടക്കം 452 റണ്‍സാണ് ഗില്ലിന്റെ അക്കൗണ്ടിലുള്ളത്. ഇന്ത്യന്‍ നായകന്‍ രോഹിത് രണ്ട് സെഞ്ച്വറികളടക്കം 400 റണ്‍സും നേടി.
ഇതിനുമുമ്പ് ഒരു തവണ മാത്രമാണ് ഇങ്ങനെ സംഭവിച്ചത് 1965ല്‍ ന്യൂസിലാന്‍ഡിനെതിരെയുള്ള ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യയുടെ മൂന്ന് ടോപ് ഓര്‍ഡറിലുള്ള താരങ്ങള്‍ 300+ റണ്‍സാണ് നേടിയത്.
അതേസമയം ആദ്യ ഇന്നിങ്സില്‍ ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 218 റണ്‍സിന് പുറത്താവുകയായിരുന്നു. ഇന്ത്യന്‍ ബൗളിങ്ങില്‍ കുല്‍ദീപ് യാദവ് അഞ്ച് വിക്കറ്റും ആര്‍.അശ്വിന്‍ നാല് വിക്കറ്റും നേടികൊണ്ട് ഇംഗ്ലണ്ടിനെ തകര്‍ക്കുകയായിരുന്നു. ശേഷിക്കുന്ന ഒരു വിക്കറ്റ് രവീന്ദ്ര ജഡേജയും വീഴ്ത്തി.