16 വര്‍ഷത്തെ ഐ.പി.എല്‍ ചരിത്രത്തില്‍ ഇങ്ങനെ സംഭവിച്ചിട്ടില്ല; ആര്‍.സി.ബി- കെ.കെ.ആര്‍ മത്സരം ബാക്കിവെച്ചത്
Cricket news
16 വര്‍ഷത്തെ ഐ.പി.എല്‍ ചരിത്രത്തില്‍ ഇങ്ങനെ സംഭവിച്ചിട്ടില്ല; ആര്‍.സി.ബി- കെ.കെ.ആര്‍ മത്സരം ബാക്കിവെച്ചത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 7th April 2023, 7:09 pm

ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം നടന്ന സൂപ്പര്‍ പോരാട്ടത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് 81 റണ്‍സിന് തകര്‍ത്തിരുന്നു. 2023ലെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ തങ്ങളുടെ ആദ്യ വിജയമായിരുന്നു വ്യാഴാഴ്ച
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് സ്വന്തമാക്കിയത്. ബാംഗ്ലൂരിന്റെ സീസണിലെ ആദ്യ തോല്‍വിക്കും കൊല്‍ക്കത്തയില്‍ നടന്ന മത്സരം സാക്ഷിയായി.

ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത 205 റണ്‍സ് നേടിയപ്പോള്‍, രണ്ടാമതിറങ്ങിയ ബാംഗ്ലൂര്‍ 17.4 ഓവറില്‍ 123 റണ്‍സിന് എല്ലാവരും പുറത്താകുകയായിരുന്നു. ബാറ്റര്‍മാര്‍ക്കും ബൗളര്‍മാര്‍ക്കും ഒരുപോലെ തിളങ്ങാന്‍ കഴിഞ്ഞതാണ് കെ.കെ.ആര്‍ വിജയത്തിന് മാറ്റ് കൂട്ടിയത്.

 

 

History: This is the first time 9 wickets have been taken by spinners in an innings in IPL.

— Johns. (@CricCrazyJohns) April 6, 2023

എന്നാല്‍ ബാംഗ്ലൂരിനെ 123 റണ്‍സിന് ഒതുക്കിയ പ്രകടനത്തില്‍ നിര്‍ണായകമായത് കൊലക്കത്തയിലെ സ്പിന്നര്‍മാരുടെ പ്രകടനമാണ്. ബാംഗ്ലൂരിന്റെ 10 വിക്കറ്റില്‍ ഒമ്പത് വിക്കറ്റും നേടിയത് സ്പിന്നര്‍മാരാണ്. 16 വര്‍ഷത്തെ ഐ.പി.എല്‍ ചരിത്രത്തില്‍ തന്നെ സ്പിന്നര്‍മാര്‍ ഒമ്പത് വിക്കറ്റ് നേടിയ സംഭവം ഇതിന് മുമ്പ് ഉണ്ടായിട്ടില്ല.

3.4 ഓവറില്‍ 15 റണ്‍സ് മാത്രം വിട്ടുനല്‍കി നാല് വിക്കറ്റെടുത്ത വരുണ്‍ ചക്രവര്‍ത്തിയാണ് വ്യാഴാഴ്ച കൊല്‍ക്കത്ത ബൗളിങ്ങ് നിരയെ നയിച്ചത്. സുയാഷിനും ചക്രവര്‍ത്തിക്കും പുറമെ സുനില്‍ നരെയ്ന്‍ രണ്ടും ഷര്‍ദുല്‍ താക്കൂര്‍ ഒരു വിക്കറ്റും വീഴ്ത്തി.

അതേസമയം, ബാംഗ്ലൂരുവിന്റെ വാലറ്റക്കാര്‍ ടീമിന്റെ തോല്‍വിഭാരം കുറയ്ക്കാനുള്ള വലിയ ശ്രമം നടത്തിയിരുന്നു. ഡേവിഡ് വില്ലിയും ആരാശ് ദീപും ചേര്‍ന്ന് അവസാന വിക്കറ്റില്‍ ചെറുത്ത് നില്‍പിന് ശ്രമിച്ചെങ്കിലും ദീപിനെ വരുണ്‍ ചക്രവര്‍ത്തി മടക്കിയതോടെ റോയല്‍ ചലഞ്ചേഴ്സിന്റെ പോരാട്ടം 123ല്‍ അവസാനിച്ചു.