സ്വകാര്യ ആവശ്യങ്ങള്‍ക്ക് ഫയര്‍ഫോഴ്‌സ് വാഹനങ്ങള്‍ വിട്ട് നല്‍കാം: ജേക്കബ് തോമസിന്റെ ഉത്തരവ് പിന്‍വലിച്ചു
Daily News
സ്വകാര്യ ആവശ്യങ്ങള്‍ക്ക് ഫയര്‍ഫോഴ്‌സ് വാഹനങ്ങള്‍ വിട്ട് നല്‍കാം: ജേക്കബ് തോമസിന്റെ ഉത്തരവ് പിന്‍വലിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 23rd September 2015, 11:00 am

fireforce

തിരുവനന്തപുരം: സ്വകാര്യ ആവശ്യങ്ങള്‍ക്ക് ഇനി ഫയര്‍ഫോഴ്‌സ് വാഹനങ്ങള്‍ വിട്ട് നല്‍കും. ആഭ്യന്തര സെക്രട്ടറിയുടേതാണ് പുതിയ ഉത്തരവ്.

അഗ്‌നിശമന വാഹനങ്ങള്‍ വിട്ടുകൊടുക്കുന്നത് നിയന്ത്രിച്ചുകൊണ്ട് ഫയര്‍ഫോഴ്‌സ് മുന്‍ മേധാവി ഡി.ജി.പി ജേക്കബ് തോമസ് പുറത്തിറക്കിയ സര്‍ക്കുലറില്‍ സര്‍ക്കാര്‍ ഭേദഗതി വരുത്തുകയായിരുന്നു.

എന്നാല്‍ സിനിമാ ചിത്രീകരണത്തിന് ഫയര്‍ഫോഴ്‌സ് വാഹനം വിട്ടു നല്‍കണമെങ്കില്‍ സര്‍ക്കാറിന്റെ പ്രത്യേക അനുമതി വേണം. കോളേജ് ആവശ്യങ്ങള്‍ക്ക് വാഹനം വേണമെങ്കില്‍ സ്ഥാപനത്തിന്റെ മേലധികാരിയുടെ കത്ത് നിര്‍ബന്ധമാണെന്നും പുതിയ ഉത്തരവില്‍ പറയുന്നു.

അടൂര്‍ ഐ.എച്ച്.ആര്‍.ഡി എന്‍ജിനീയറിങ് കോളജിലെ ഓണാഘോഷത്തിന് ഫയര്‍ഫോഴ്‌സ് വാഹനങ്ങള്‍ വാടകക്ക് നല്‍കിയത് വിവാദമായിരുന്നു.

ഇതിനത്തെുടര്‍ന്നാണ് ഫയര്‍ഫോഴ്‌സ് വാഹനങ്ങള്‍ സ്വകാര്യ ആവശ്യങ്ങള്‍ക്ക് വാടകക്ക് നല്‍കരുതെന്ന് നിര്‍ദേശിച്ച് ജേക്കബ് തോമസ് സര്‍ക്കുലര്‍ പുറത്തിറക്കിയത്. സംഭവത്തില്‍ 6 ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരെ അന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു.

പുതിയ സര്‍ക്കുലര്‍ പ്രകാരം  ഇനി ഏത് ചെറിയ സ്വകാര്യ ആവശ്യം വരികയാണെങ്കിലും രക്ഷാപ്രവര്‍ത്തനത്തിന് പൊലീസ് ആവശ്യപ്പെടുന്ന സ്ഥലത്ത് ഫയര്‍ഫോഴ്‌സ് എത്തണം.