ചാനല്‍ ചര്‍ച്ചയ്ക്കിടെ മതസൗഹാര്‍ദം തകര്‍ക്കാന്‍ ശ്രമിച്ചു; അര്‍ണബ് ഗോസ്വാമിയ്‌ക്കെതിരെ കേസ്
national news
ചാനല്‍ ചര്‍ച്ചയ്ക്കിടെ മതസൗഹാര്‍ദം തകര്‍ക്കാന്‍ ശ്രമിച്ചു; അര്‍ണബ് ഗോസ്വാമിയ്‌ക്കെതിരെ കേസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 23rd April 2020, 9:53 am

റായ്പൂര്‍: ചാനല്‍ ചര്‍ച്ചയ്ക്കിടെ മത സ്പര്‍ധ വളര്‍ത്തുന്ന പരാമര്‍ശങ്ങള്‍ ഉന്നയിച്ചെന്ന പേരില്‍ റിപ്പബ്ലിക് ടി.വി മേധാവി അര്‍ണാബ് ഗോസ്വാമിക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. ഛത്തീസ്ഗഢ് പൊലീസിന്റേതാണ് നടപടി.

ചര്‍ച്ചയ്ക്കിടെ അര്‍ണബ് രാജ്യത്തിലെ മത-സാമുദായിക ഐക്യത്തെ ബാധിക്കുന്ന തരത്തില്‍ വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തിയെന്നാണ് കേസ്. ഛത്തീസ്ഗഢ് ആരോഗ്യമന്ത്രി ടി.എസ് സിംഗദിയോ, കോണ്‍ഗ്രസ് നേതാവ് മോഹന്‍ മര്‍കാം എന്നിവര്‍ നല്‍കിയ പരാതികളുടെ അടിസ്ഥാനത്തില്‍ റായ്പൂര്‍ സിവില്‍ ലൈന്‍സ് പൊലീസാണ് കേസെടുത്തത്.

ഐ.പി.സി 153എ, 25എ 502(2) എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

പാല്‍ഘറിലെ ആള്‍ക്കൂട്ട കൊലയെക്കുറിച്ച് നടത്തിയ പരാമര്‍ശമാണ് പരാതിക്ക് ആധാരം. പാല്‍ഘറില്‍ സന്ന്യാസി കൊല്ലപ്പെട്ട സംഭവത്തില്‍ സോണിയഗാന്ധിക്കെതിരെ അര്‍ണബ് വിമര്‍ശനമുന്നയിച്ചിരുന്നു. വിദ്വേഷ പ്രസ്താവനകളും ഉന്നയിച്ചു.

മൗലവിമാരും ക്രിസ്ത്യന്‍ വൈദികന്‍മാരും ഇത്തരത്തില്‍ കൊലചെയ്യപ്പെടുമ്പോള്‍ ഈ രാജ്യം മൗനം തുടരുമോയെന്നും ഇറ്റലിയിലെ അന്റോണിയ മൈനോ(സോണിയാ ഗാന്ധി) അപ്പോഴും നിശബ്ദയായിരിക്കുമോ എന്നാണ് തനിക്ക് അറിയേണ്ടത് എന്നുമായിരുന്നു അര്‍ണബ് ചാനല്‍ ചര്‍ച്ചക്കിടെ ചോദിച്ചത്.

സോണിയ ഗാന്ധിക്കും രാഹുല്‍ഗാന്ധിക്കും എതിരെ നടത്തിയ വിവാദ പ്രസ്താവനയില്‍ അര്‍ണബ് ഗോസ്വാമിയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. അര്‍ണബിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പരാതി നല്‍കിയിട്ടുണ്ട്.

അതേസമയം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തന്നെ ആക്രമിച്ചെന്ന് പറഞ്ഞ് അര്‍ണബ് ഗോസ്വാമി രംഗത്തെത്തി. ബുധനാഴ്ച രാത്രി വീട്ടിലേക്ക് തിരികെ വരുമ്പോള്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആക്രമിക്കുകയായിരുന്നു എന്നാണ് അര്‍ണബ് വീഡിയോ സന്ദേശത്തില്‍ ആരോപിക്കുന്നത്. തന്റെ കൂടെ ഭാര്യ ഉണ്ടായിരുന്നതായും അര്‍ണബ് പറയുന്നുണ്ട്.

ബൈക്കിലെത്തിയ രണ്ട് പേര്‍ തന്റെ കാര്‍ മറികടന്ന് തടഞ്ഞു നിര്‍ത്തുകയും കാറിന്റെ വിന്‍ഡോ തകര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്തുവെന്നും കുപ്പിയില്‍ നിന്ന് എന്തോ ദ്രാവകം കാറിനു മുകളിലേക്ക് ഒഴിക്കുകയും ചെയ്തുവെന്നും അര്‍ണബ് പറയുന്നുണ്ട്. തനിക്ക് എന്ത് സംഭവിച്ചാലും അതിന്റെ ഉത്തരവാദി സോണിയ ഗാന്ധി ആയിരിക്കുമെന്നും അര്‍ണബ് വീഡിയോവില്‍ പറയുന്നുണ്ട്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.

WATCH THIS VIDEO: