മലപ്പുറം: മലപ്പുറം കരുവാരക്കുണ്ടില്‍ കടുവയുടെ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച സംഭവത്തില്‍ വീഡിയോ വ്യാജമെന്ന് വനംവകുപ്പ് കണ്ടെത്തിയതിന് പിന്നാലെ യുവാവിനെതിരെ വനംവകുപ്പ് പൊലീസില്‍ പരാതി നല്‍കി. കരുവാരക്കുണ്ട് സ്വദേശിയായ ജെറിനാണ് ചായ എസ്റ്റേറ്റിന് സമീപം കടുവയെക്കണ്ടെന്ന് അവകാശപ്പെട്ട് വീഡിയോ പ്രചരിപ്പിച്ചത്.
നാട്ടുകാരെ ആശങ്കപ്പെടുത്തിയതിനും വനംവകുപ്പിനെ അപകീര്‍ത്തിപ്പെടുത്താനും ശ്രമിച്ചതിന് ഇയാള്‍ക്കെതിരെ കേസെടുക്കണമെന്ന് വനം വകുപ്പ് പരാതിയില്‍ പറഞ്ഞു. പഴയ ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്ത് വീഡിയോ ഉണ്ടാക്കുകയായിരുന്നുവെന്ന് ജെറിന്‍ വനംവകുപ്പിനോട് സമ്മതിക്കുകയായിരുന്നു.
ഇന്ന് രാവിലെയാണ് പുതിയതെന്ന തരത്തില്‍ പ്രചരിച്ചത്. എന്നാല്‍ മൂന്ന് വര്‍ഷം മുമ്പ് യൂട്യൂബില്‍ പ്രചരിച്ച വീഡിയോ ജെറിന്‍ എഡിറ്റ് ചെയ്ത് പ്രചരിപ്പിക്കുകയായിരുന്നു.
രാവിലെ വീഡിയോ പ്രചരിച്ചതിന് പിന്നാലെ ചര്‍ച്ചയാവുകയും മാധ്യമങ്ങള്‍ വിഷയം ഏറ്റെടുക്കുകയും ചെയ്തിരുന്നു. തോട്ടത്തിലേക്ക് പോവുമ്പോള്‍ റോഡിന്റെ സൈഡില്‍ കടുവയെ കണ്ടുവെന്നും വാഹനത്തിലിരുന്നു കൊണ്ടാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയതെന്നുമായിരുന്നു ജെറിന്റെ വാദം.
പിന്നാലെ വനം വകുപ്പ് കടുവയെ കണ്ടുവെന്ന സ്ഥലത്ത് പോയി അന്വേഷിക്കുകയും പരിശോധന നടത്തുകയുമായിരുന്നു. ഇതിനെ തുടര്‍ന്ന് കടുവയുടെ കാല്‍പ്പാടോ മറ്റോ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. സമീപത്തെ സി.സി.ടി.വി ദൃശ്യത്തിലും കടുവയുടെ ദൃശ്യം ഉണ്ടായിരുന്നില്ല.
തുടര്‍ന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് സംശയം വന്നതോടെ വാച്ചര്‍മാരടക്കം ജെറിനെ പോയി കണ്ടെങ്കിലും ജെറിന്‍ തന്റെ വാദത്തില് ഉറച്ചുനില്‍ക്കുകയായിരുന്നു.
പിന്നീട് ഉന്നത വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ജെറിനോട് വിശദമായി ചോദ്യങ്ങള്‍ ചോദിച്ചതിന് പിന്നാലെ ഇയാള്‍ കുറ്റം സമ്മതിക്കുകയായിരുന്നു.
Content Highlight: Finding that the video of the tiger in Karuvarkund was edited; The forest department filed a complaint