ഉടമകളില്ലാതെ മരടിലെ 50 ഫ്‌ളാറ്റുകള്‍; ഉടമകള്‍ എത്തിയില്ലെങ്കില്‍ ഫ്‌ളാറ്റുകള്‍ റവന്യു വകുപ്പ് നേരിട്ട് ഒഴിപ്പിക്കും
Kerala News
ഉടമകളില്ലാതെ മരടിലെ 50 ഫ്‌ളാറ്റുകള്‍; ഉടമകള്‍ എത്തിയില്ലെങ്കില്‍ ഫ്‌ളാറ്റുകള്‍ റവന്യു വകുപ്പ് നേരിട്ട് ഒഴിപ്പിക്കും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 5th October 2019, 8:01 am

കൊച്ചി: സുപ്രീം കോടതി ഉത്തരവിനെ തുടര്‍ന്ന് പൊളിച്ചുമാറ്റാനൊരുങ്ങുന്ന മരടിലെ ഫ്‌ളാറ്റില്‍ ആളില്ലാതെ പൂട്ടിക്കിടക്കുന്നത് 50 ഫ്‌ളാറ്റുകള്‍. ഇതിന്റെ ഉടമകളെ ഇതുവരെ കണ്ടെത്താനായില്ല.

സമയപരിധി അവസാനിച്ചിട്ടും നാല് സമുച്ഛയങ്ങളിലായി അടഞ്ഞു കിടക്കുന്ന ഫ്‌ളാറ്റുകളാണിവ. കഴിഞ്ഞ ദിവസം മരട് നഗരസഭ നടത്തിയ അന്വേഷണത്തിലാണ് ഇത്രയും ഫ്‌ളാറ്റുകള്‍ അടഞ്ഞു കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്.

ഫ്‌ളാറ്റുടമകള്‍ ഇതുവരെ നഗരസഭയുമായി ബന്ധപ്പെട്ടിട്ടില്ല. പലരും വിദേശങ്ങളിലാണെന്നാണ് അറിയാന്‍ സാധിച്ചത്. അടഞ്ഞു കിടക്കുന്ന ഫ്‌ളാറ്റുകള്‍ വിറ്റു പോയവയാണെങ്കിലും ഇതുവരെയും നഗരസഭയില്‍നിന്നും കൈവശാവകാശ രേഖ കൈപ്പറ്റിയിട്ടില്ല.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഉടമകള്‍ എത്താതിരിക്കുന്ന സാഹചര്യത്തില്‍ രജിസ്‌ട്രേഷന്‍ വകുപ്പില്‍ നിന്ന് രേഖകള്‍ ശേഖരിക്കാനാണ് നീക്കം. ബന്ധപ്പെട്ടവര്‍ ഉടമസ്ഥാവകാശം ഉന്നയിച്ച് എത്തിയില്ലെങ്കില്‍ റവന്യു വകുപ്പ് നേരിട്ട് ഒഴിപ്പിക്കുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ഇവരുടെ സാധനങ്ങള്‍ റവന്യു വകുപ്പ് കസ്റ്റഡിയിലെടുത്ത് സൂക്ഷിക്കും.

കൃത്യമായ രേഖകള്‍ കൈവശമില്ലാത്ത ഉടമകള്‍ക്ക് നഷ്ടപരിഹാരം ലഭിക്കാന്‍ സാധ്യതയില്ല. അനധികൃത ഫ്‌ളാറ്റ് നിര്‍മാണം അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് ഇക്കാര്യങ്ങള്‍ കൂടി പരിശോധിക്കും.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

പ്രദേശവാസികളുടെ ആശങ്കയില്‍ ചര്‍ച്ച ചെയ്യാന്‍ സിപിഐഎം മരട് മണ്ഡലം കമ്മിറ്റി യോഗം വിളിച്ചിട്ടുണ്ട്. ശനിയാഴ്ച വൈകീട്ട് കുണ്ടന്നൂര്‍ പെട്രോ ഹൗസിലാണ് യോഗം.