സൂറിച്ച്: റഷ്യയിലെയും ഉക്രൈനിലെയും വിദേശ കളിക്കാര്‍ക്കും പരിശീലകര്‍ക്കും അവരുടെ കരാര്‍ താത്കാലികമായി റദ്ദാക്കി മറ്റ് രാജ്യങ്ങളിലേക്ക് പോകാമെന്ന് ഫിഫ.
റഷ്യന്‍ ക്ലബ്ബുകളെയും ദേശീയ ടീമിനെയും ഫിഫയും യുവേഫയും സസ്പെന്‍ഡ് ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് വിദേശ കളിക്കാരുടെ കാര്യത്തില്‍ ഫിഫ പുതിയ തീരുമാനം അറിയിച്ചിരിക്കുന്നത്.
ജൂണ്‍ 30 വരെ കരാര്‍ താത്കാലികമായി നിര്‍ത്തിവെയ്ക്കാന്‍ വിദേശ കളിക്കാര്‍ക്കും പരിശീലകര്‍ക്കും സാധിക്കുമെന്ന് ഫിഫ അറിയിച്ചു.
എന്നാല്‍ ഫിഫയുടെയും യുവേഫയുടെയും നടപ്പാക്കിയ നിരോധനങ്ങള്‍ മരവിപ്പിക്കാന്‍ റഷ്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ ചൊവ്വാഴ്ച അപ്പീല്‍ നല്‍കി. കോടതി ഓഫ് ആര്‍ബിട്രേഷന്‍ ഫോര്‍ സ്‌പോര്‍ട്‌സി(സി.എ.എസ്)ലാണ് റഷ്യ അപ്പീല്‍ നല്‍കിയത്.
ഉക്രൈനെതിരെ റഷ്യ നടത്തുന്ന യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഫെബ്രുവരി 28നാണ് റഷ്യന്‍ ഫുട്‌ബോള്‍ അസോസിയേഷന് ഫിഫ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നത്.