ന്യൂദല്‍ഹി: ഫിഫയുടെ പുതിയ റാങ്കിങ്ങിന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിനു കുതിപ്പ്. ഒറ്റയടിക്ക് 11 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ ഇന്ത്യ 152-ാം സ്ഥാനത്തെത്തി. ലാവോസിനെതിരെ കഴിഞ്ഞ മാസം നേടിയ വിജയങ്ങളാണ് ഇന്ത്യയ്ക്ക് അനുകൂലമായത്. 6-1നും 1-0 നും ഇന്ത്യ രണ്ടു കളികളില്‍ അവരെ തോല്‍പ്പിച്ചിരുന്നു. കോപ്പ അമേരിക്ക റണ്ണറപ്പായ അര്‍ജന്റീനയാണ് റാങ്കിങ്ങില്‍ ഒന്നാമത്.
യൂറോ കപ്പിലെ തകര്‍പ്പന്‍ പ്രകടനത്തോടെ സെമിയിലെത്തിയ വെയ്ല്‍സ് ഇംഗ്ലണ്ടിനെ റാങ്കിങ്ങില്‍ മറികടന്നു. വെയ്ല്‍സ് 15 സ്ഥാനങ്ങള്‍ കയറി 11-ാം റാങ്കിലെത്തി. ഇംഗ്ലണ്ടാകട്ടെ രണ്ടു പടി താഴേക്കിറങ്ങി 13-ാം റാങ്കിലാണ്. യൂറോകപ്പിലെ വിസ്മയ ടീം ഐസ്ലന്റ് 22-ാം റാങ്കിലേക്കും കുതിച്ചു.
അര്‍ജന്റീന, ബെല്‍ജിയം, കൊളംബിയ, ജര്‍മനി, ചിലെ എന്നീ രാജ്യങ്ങളാണ് യഥാക്രമം ആദ്യസ്ഥാനങ്ങളില്‍. കോപ്പ അമേരിക്കയില്‍ തകര്‍ന്നുപോയ ബ്രസീല്‍ റാങ്കിങ്ങില്‍ ഒന്‍പതാംസ്ഥാനത്താണ്. യൂറോ ചാംമ്പ്യന്മാരായ പോര്‍ച്ചുഗല്‍ ഏഴാംസ്ഥാനത്താണ്.