ഫെര്‍ഗൂസണ്‍: അമേരിക്കയിലെ ഫെര്‍ഗൂസണില്‍ നീഗ്രോ വംശജനായ മിഷേല്‍ ബ്രൗണിനെ വെടിവെച്ച് കൊന്ന സംഭവുമായി ബന്ധപ്പെട്ട് ഫെര്‍ഗൂസണ്‍ പോലീസ് മേധാവി തോമസ് ജാക്‌സണ്‍ രാജി വെച്ചു.
യു.എസ് ജസ്റ്റിസ് ഡിപാര്‍ട്ട്‌മെന്റ് നടത്തിയ അന്വേഷണത്തില്‍ ഫെര്‍ഗൂസണ്‍ പോലീസ് വംശീയ അധിക്ഷേപം നടത്തിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് തോമസ് ജാക്‌സണ്‍ രാജിവെച്ചത്.
ആഗസ്റ്റ് ഒമ്പതിനായിരുന്നു നിരായുധനായിരുന്ന മിഷേലിനെ ഡാരന്‍ വില്‍സണെന്ന വെള്ളക്കാരനായ പോലീസുകാരന്‍ വെടിവെച്ച് കൊലപെടുത്തിയിരുന്നത്. കേസില്‍ ഇയാള്‍ കുറ്റക്കാരനല്ലെന്ന് കോടതി വിധിക്കുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്ന് കടുത്ത പ്രക്ഷോഭ പരിപാടികളായിരുന്നു സര്‍ക്കാരിനെതിരെ ഉയര്‍ന്നിരുന്നത്. ഒടുവില്‍ ഡാരന്‍ വില്‍സണ്‍ ജോലി രാജിവെക്കുകയും ചെയ്തിരുന്നു.
മിഷേലിന്റെ വധത്തെ തുടര്‍ന്ന് യു.എസ് ജസ്റ്റിസ് ഡിപാര്‍ട്ട്‌മെന്റ് നടത്തിയ അന്വേഷണത്തില്‍ ഫെര്‍ഗൂസണിലെ പോലീസ് ഉദ്യോഗസ്ഥര്‍ നിരന്തരം ആഫ്രോ-അമേരിക്കന്‍ വംശജരെ നിരന്തരം വേട്ടയാടിയതായി കണ്ടെത്തിയിരുന്നു. റിപ്പോര്‍ട്ട് പുറത്ത് വന്നതിനെ തുടര്‍ന്ന് പോലീസ് വകുപ്പിലെ മൂന്ന് ഉദ്യോഗസ്ഥര്‍ ജോലി രാജി വെച്ചിരുന്നു.