Entertainment
ആ സംവിധായകന്റെ കഴിവ് തിരിച്ചറിഞ്ഞ മമ്മൂട്ടിയുടെ കൾട്ട് സിനിമയാണത്: എസ്.എൻ.സ്വാമി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Jan 26, 09:00 am
Sunday, 26th January 2025, 2:30 pm

മലയാളത്തിലെ മികച്ച ചിത്രങ്ങളിലൊന്നാണ് 1993ല്‍ റിലീസായ ധ്രുവം. ജോഷി സംവിധാനം ചെയ്ത ചിത്രത്തില്‍ മമ്മൂട്ടി, ജയറാം, സുരേഷ് ഗോപി, ചിയാന്‍ വിക്രം തുടങ്ങി വന്‍ താരനിര അണിനിരന്നിരുന്നു.

കന്നഡ താരം ടൈഗര്‍ പ്രഭാകരനാണ് ചിത്രത്തിലെ വില്ലനായെത്തിയത്. വന്‍ വിജയമായി മാറിയ ചിത്രം ഇന്നും പലരും ആഘോഷിക്കുന്നുണ്ട്. മമ്മൂട്ടിയുടെ നരസിംഹ മന്നാഡിയാര്‍ എന്ന കഥാപാത്രത്തിനും പ്രത്യേക ആരാധകരുണ്ട്.

ജോഷി സംവിധാനം ചെയ്ത സിനിമകളിൽ ഏറ്റവും ഇഷ്ട്ടമുള്ള സിനിമയാണ് ധ്രുവമെന്നും കൾട്ട് എന്ന വിശേഷണത്തിന് ഏറ്റവും അർഹമായ സിനിമയാണ് അതെന്നും എസ്.എൻ.സ്വാമി പറയുന്നു. ആദ്യം തീരുമാനിച്ച കഥയിൽ മമ്മൂട്ടിയൊന്നും ഇല്ലായിരുന്നുവെന്നും പിന്നീടാണ് ഇപ്പോഴുള്ള വിധത്തിൽ കഥ താൻ മാറ്റിയതെന്നും എസ്.എൻ സ്വാമി പറയുന്നു. ജോഷി എന്ന സംവിധായകന്റെ കഴിവ് കണ്ടറിഞ്ഞ സിനിമയാണ് ധ്രുവമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘ജോഷി സംവിധാനം ചെയ്‌ത സിനിമകളിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടവയുടെ പട്ടികയെടുത്താൽ അതിൽ ആദ്യസ്ഥാനത്ത് വരുന്ന സിനിമകളിലൊന്നാണ് ‘ധ്രുവം’. ഞാനും ജോഷിയും ഒന്നിച്ച് മമ്മൂട്ടി നായകനായ ചിത്രം. കൾട്ട് സിനിമ എന്ന വിശേഷണത്തിന് അർഹമായ ചിത്രങ്ങളിലൊന്നാണത്.

ഏറ്റവും സ്റ്റൈലൻ ഫ്രെയിമുകളും അവതരണവുമൊക്കെക്കൊണ്ട് ഇന്നും പ്രേക്ഷകർക്ക് ആവേശമുണർത്തുന്ന സിനിമ. ധ്രുവത്തിന്റെ ആശയം ആദ്യമായി എന്നോട് പറയുന്നത് സംവിധായകനും തിരക്കഥാകൃത്തുമായ എ.കെ.സാജനാണ്. ആദ്യകഥയിൽ മമ്മൂട്ടി അവതരിപ്പിച്ച മന്നാടിയാർ എന്ന കഥാപാത്രവുമൊന്നുമില്ല. സാജൻ പറഞ്ഞ കഥയിൽ ടി.ജി. രവി അവതരിപ്പിച്ച ആരാച്ചാരും വില്ലൻ കഥാപാത്രമായ ഹൈദർ മരക്കാരും മാത്രമായിരുന്നു ഉണ്ടായിരുന്നത്.

ഈ കഥാപാത്രങ്ങളെവെച്ച് സിനിമ പൂർണമാക്കാൻ പറ്റില്ലെന്ന് ഞാൻ പറഞ്ഞു. അങ്ങനെ എന്റെ മനസിലുള്ള കേട്ടുകേൾവികളും അറിവുകളുമൊക്കെവെച്ച് ഉണ്ടാക്കിയ തിരക്കഥയാണ് ഇന്ന് കാണുന്ന ‘ധ്രുവം’ എന്ന സിനിമ. ജയറാം, സുരേഷ് ഗോപി, വിക്രം, ഗൗതമി, പ്രഭാകർ തുടങ്ങി വലിയൊരു താരനിര ആ ചിത്രത്തിലുണ്ടായിരുന്നു. ജോഷി എന്ന സംവിധായകന്റെ കഴിവ് ഞാൻ കണ്ടറിഞ്ഞ സിനിമയാണത്,’എസ്.എൻ.സ്വാമി പറയുന്നു.

 

Content Highlight: s.n.swami about joshie’s dhruvam movie