Sports News
അവരുടെ പ്രധാന ബൗളറായ ആര്‍ച്ചറിനെ തന്നെ അടിച്ചുപറത്തുക എന്നതായിരുന്നു എന്റെ ലക്ഷ്യം; തുറന്നുപറഞ്ഞ് തിലക്
സ്പോര്‍ട്സ് ഡെസ്‌ക്
2025 Jan 26, 08:49 am
Sunday, 26th January 2025, 2:19 pm

തിലക് വര്‍മയെന്ന 22കാരന് മുമ്പില്‍ കളി മറന്ന അവസ്ഥയിലായിരുന്നു ഇംഗ്ലണ്ട് ബൗളര്‍മാര്‍. ഒരുവശത്ത് വിക്കറ്റ് വീഴുമ്പോഴും മറുവശത്ത് നങ്കൂരമിട്ട് ആക്രമണഴിച്ചുവിട്ട തിലക് വര്‍മയെന്ന വലം കയ്യന്‍ ബാറ്ററെ പൂട്ടാന്‍ പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും ഇംഗ്ലണ്ട് ബൗളര്‍മാര്‍ക്ക് അതിന് സാധിച്ചില്ല.

മത്സരത്തില്‍ ഇംഗ്ലണ്ട് ഉയര്‍ത്തിയ 166 റണ്‍സിന്റെ വിജയലക്ഷ്യത്തിലേക്ക് ഇന്ത്യയെ അടുപ്പിച്ചത് തിലക് വര്‍മയായിരുന്നു. അര്‍ധ സെഞ്ച്വറി നേടിയാണ് തിലക് ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായത്.

55 പന്ത് നേരിട്ട തിലക് പുറത്താകാതെ 72 റണ്‍സ് നേടി. അഞ്ച് സിക്സറും നാല് ഫോറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്. 130.91 എന്ന സ്ട്രൈക്ക് റേറ്റിലായിരുന്നു താരത്തിന്റെ പ്രകടനം.

ഒരേസമയം വിക്കറ്റ് സംരക്ഷിക്കുകയും റണ്‍സ് ഉയര്‍ത്തുകയും ചെയ്യേണ്ട സാഹചര്യത്തില്‍ പക്വതയോടെ ബാറ്റ് വീശിയാണ് തിലക് ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചത്.

കളിയിലെ താരമായി തെരഞ്ഞെടുത്തതും തിലക് വര്‍മയെ തന്നെയായിരുന്നു.

മത്സരത്തില്‍ ഇംഗ്ലണ്ട് ബൗളര്‍മാരെ നേരിട്ടതിനെ കുറിച്ച് സംസാരിക്കുകയാണ് തിലക് വര്‍മ. എതിരാളികളുടെ ഏറ്റവും മികച്ച ബൗളറായ ജോഫ്രാ ആര്‍ച്ചറിനെതിരെ മികച്ച പ്രകടനം നടത്തുക എന്നതായിരുന്നു തന്റെ ലക്ഷ്യമെന്നും ഇതോടെ മറ്റ് ബൗളര്‍മാര്‍ സമ്മര്‍ദത്തിലാകുമെന്നും തിലക് വര്‍മ പറഞ്ഞു.

‘നിങ്ങള്‍ അവരുടെ പ്രധാന ബൗളറെ തന്നെ ആക്രമിക്കുകയാണെങ്കില്‍ മറ്റ് ബൗളര്‍മാരെല്ലാം തന്നെ സമ്മര്‍ദത്തിലാകും. ഇതുകൊണ്ടുതന്നെ വിക്കറ്റ് വീഴുമ്പോഴും അവരുടെ മികച്ച ബൗളറെ തന്നെ എനിക്ക് നേരിടണമായിരുന്നു. മറുവശത്തുള്ള ബാറ്റര്‍ക്കും ഇത് കാര്യങ്ങള്‍ എളുപ്പമാക്കും.

ഞാന്‍ സ്വയം പിന്തുണയ്ക്കുകയും അവനെതിരെ മികച്ച പ്രകടനം പുറത്തെടുക്കാന്‍ ശ്രമിക്കുകയും ചെയ്തു. ആര്‍ച്ചറിനെതിരെ പുറത്തെടുത്ത എല്ലാ ഷോട്ടുകളും ഞാന്‍ നെറ്റ്‌സില്‍ പ്രാക്ടീസ് ചെയ്തിട്ടുള്ളതാണ്. മാനസികമായി ഞാന്‍ അതിന് തയ്യാറെടുത്തിരുന്നു. ഇത് എനിക്ക് മികച്ച റിസള്‍ട്ട് തന്നെ നല്‍കി,’ തിലക് വര്‍മ പറഞ്ഞു.

ഈഡന്‍ ഗാര്‍ഡന്‍സില്‍ ഇന്ത്യ ഭാഗ്യം കൊണ്ട് മാത്രമാണ് വിജയിച്ചതെന്ന് ആര്‍ച്ചര്‍ നേരത്തെ പറഞ്ഞിരുന്നു. അടുത്ത മത്സരത്തില്‍ ഇന്ത്യയെ അതിന് അനുവദിക്കില്ലെന്നും 40/6 എന്ന നിലയില്‍ തളയ്ക്കുമെന്നും ആര്‍ച്ചര്‍ വെല്ലുവിളിച്ചിരുന്നു.

എന്നാല്‍ ചെപ്പോക്കില്‍ ആര്‍ച്ചറിനെ തല്ലിയൊതുക്കുന്നതാണ് ആരാധകര്‍ കണ്ടത്. നാല് ഓവര്‍ പന്തെറിഞ്ഞ താരം 15.00 എക്കോണമിയില്‍ 60 റണ്‍സാണ് വഴങ്ങിയത്. വീഴ്ത്തിയതാകട്ടെ ഒറ്റ വിക്കറ്റും.

അതേസമയം, മൂന്നാം മത്സരത്തിലും വിജയിച്ച് പരമ്പര സ്വന്തമാക്കാനുള്ള മുന്നൊരുക്കത്തിലാണ് ഇന്ത്യ. ജനുവരി 28നാണ് പരമ്പരയിലെ മൂന്നാം മത്സരം. സൗരാഷ്ട്രയാണ് വേദി.

 

Content highlight: IND vs ENG: Tilak Varma about batting against Jofra Archer