പി.വി.ആറിന്റെ ബഹിഷ്‌കരണം ബ്ലെസിക്കും ആടുജീവിതത്തിനും നല്‍കിയത് കോടികളുടെ നഷ്ടം
Entertainment
പി.വി.ആറിന്റെ ബഹിഷ്‌കരണം ബ്ലെസിക്കും ആടുജീവിതത്തിനും നല്‍കിയത് കോടികളുടെ നഷ്ടം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 13th April 2024, 2:23 pm

മലയാള സിനിമ പ്രദര്‍ശിപ്പിക്കില്ലെന്ന പി.വി.ആറിന്റെ നിലപാടിനെതിരെ ഫെഫ്ക. സിനിമയ്ക്കുണ്ടായ നഷ്ടം നികത്താതെ രാജ്യത്തുള്ള പി.വി.ആറിന്റെ ഒരു സ്‌ക്രീനിലും മലയാള സിനിമ പ്രദര്‍ശിപ്പിക്കില്ലെന്നാണ് ഫെഫ്കയുടെ തീരുമാനം. നഷ്ടം നികത്തിയില്ലെങ്കില്‍ തെരുവിലേക്ക് സമരം വ്യാപിപ്പിക്കുമെന്നും സംഘടന പറഞ്ഞു.

കണ്ടന്റ് മാസ്റ്ററിങ് യൂണിറ്റ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായുള്ള തര്‍ക്കം കാരണമായിരുന്നു പി.വി.ആര്‍ ഐനോക്സ് മലയാളസിനിമകളെ ബഹിഷ്‌കരിച്ചിരുന്നത്.

പുതിയ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കില്ല എന്ന തീരുമാനിച്ചതിന് പിന്നാലെ, മുമ്പ് റിലീസായ സിനിമകളും പി.വി.ആര്‍ പിന്‍വലിച്ചിരുന്നു. പിന്നാലെ കേരളത്തിന് പുറത്ത് മലയാളസിനിമയുടെ കളക്ഷനെ ഇത് സാരമായി ബാധിച്ചു.

മഞ്ഞുമ്മല്‍ ബോയ്സ്, ആടുജീവിതം എന്നീ സിനിമകളായിരുന്നു പി.വി.ആര്‍ പിന്‍വലിച്ചത്. പ്രദര്‍ശിപ്പിക്കാനുള്ള മുഴുവന്‍ ഫീസും മുന്‍കൂട്ടി വാങ്ങിയ ശേഷമാണ് ഒരു നോട്ടീസ് പോലും നല്‍കാതെ സിനിമ പിന്‍വലിച്ചത്.

‘ബ്ലെസിക്ക് ഈ ദിവസങ്ങളില്‍ ഉണ്ടായിട്ടുള്ള നഷ്ടം വളരെ വലുതാണ്. ധനപരമായ നഷ്ടം മാത്രമല്ല. അദ്ദേഹം എത്രത്തോളം ബുദ്ധിമുട്ടി എത്രനാളത്തെ ശ്രമത്തിന്റെ ഫലമായിട്ടാണ് ആടുജീവിതം പോലെ നമുക്ക് എക്കാലവും അഭിമാനിക്കാന്‍ കഴിയുന്ന ഒരു പടം ഉണ്ടാക്കിയത് എന്ന് എല്ലാവര്‍ക്കും അറിയുന്ന കാര്യമാണ്. അദ്ദേഹത്തിന് വലിയ മാനസിക സമ്മര്‍ദമാണ് ഉണ്ടായിട്ടുള്ളത്,’ ബി. ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

ആടുജീവിതത്തിന്റെ സംവിധായകന്‍ ബ്ലെസി ഇതിനെതിരെ ശക്തമായി അപലപിച്ചിരുന്നു. ഈ ബഹിഷ്‌കരണം കാരണം ദിവസവും ഒന്നരക്കോടിയുടെ നഷ്ടമുണ്ടാകുമെന്ന് ബ്ലെസി അഭിപ്രായപ്പെട്ടിരുന്നു. ഇത്തരം കാടന്‍ നിയമങ്ങള്‍ അവസാനിപ്പിക്കണമെന്നും ബ്ലെസി കൂട്ടിച്ചേര്‍ത്തു.

Content Highlight: Fefka Against Pvr; Malayalam movie will not be shown on any screen of PVR without making up the loss