തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറി അംഗത്തിനെതിരെ പരാതി നല്‍കി ഫെഫ്ക. ജൂറി അംഗമായ എന്‍. ശശിധരനെതിരെയാണ് ഫെഫ്ക പരാതി നല്‍കിയിരിക്കുന്നത്.
സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വേദിയില്‍ മികച്ച സംവിധായകനുള്ള പുരസ്‌കാരം നേടിയ സിനിമയുടെ നിര്‍മാതാക്കള്‍ക്കെതിരെ നടത്തിയ ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് ഫെഫ്കയുടെ നടപടി.
പുരസ്‌കാരത്തിലെ മികച്ച സംവിധായകനുള്ള പുരസ്‌കാരം നേടിയ ചിത്രം മതമൗലിക വാദികളുടെ പണം കൊണ്ട് നിര്‍മിച്ചതാണ് എന്ന ശശിധരന്റെ പരാമര്‍ശത്തിനെതിരെയാണ് ഫെഫ്ക പരസ്യമായി രംഗത്തെത്തിയിരിക്കുന്നത്.
തെരഞ്ഞെടുക്കപ്പെട്ട ചിത്രം ഒരിക്കലും ഒരു മികച്ച സിനിമയായോ, സ്ത്രീ പക്ഷത്ത് നില്‍ക്കുന്ന ചിത്രമായോ കാണാന്‍ സാധിക്കില്ലെന്നും മതമൗലിക വാദികളുടെ പണം കൊണ്ടാണ് ചിത്രം നിര്‍മിച്ചത് എന്നുമായിരുന്നു ശശിധരന്‍ പറഞ്ഞിരുന്നത്.
ഇതിനെ തുടര്‍ന്ന് വ്യാപകമായ പ്രതിഷേധങ്ങളും ഉയര്‍ന്ന് വന്നിരുന്നു. സംഭവം വിവാദമായതോടെ പ്രസ്താവന തിരുത്തി ശശിധരന്‍ രംഗത്തെത്തിയിരുന്നു.
‘അവാര്‍ഡ് നിര്‍ണയത്തിലെ പല ചര്‍ച്ചകളിലും സ്വാഭാവികമായി ഞാന്‍ സ്വീകരിച്ച അഭിപ്രായങ്ങളും ഇഷ്ടാനിഷ്ടങ്ങളും വേര്‍തിരിച്ചെടുത്ത് വാര്‍ത്തയാക്കുന്നതിനോട് യോജിപ്പില്ല. ഞാന്‍ കൂടി ഭാഗമായ പുരസ്‌കാര നിര്‍ണയത്തിന് നൂറ് ശതമാനവും ഒപ്പമാണ് ഞാന്‍ എന്ന് അറിയിക്കുന്നു. മറ്റ് തരത്തിലുള്ള വാര്‍ത്താ നിര്‍മ്മിതി തികച്ചും വസ്തുതാവിരുദ്ധമാണ്,’ എന്നാണ് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ അദ്ദേഹം പറഞ്ഞിരുന്നത്.