FB Notification
ജോസേട്ടാ, ഞങ്ങള്‍ക്കാ പഴയ മധുരം മതിയായിരുന്നല്ലോ.
ലിജീഷ് കുമാര്‍
2018 Sep 23, 05:16 pm
Sunday, 23rd September 2018, 10:46 pm

പഴയൊരു കഥയാണ്. ഈ കഥ ജോസേട്ടനറിയില്ല. ജില്ലാഭരണാധികാരിയും ജില്ലാ മജിസ്‌ട്രേറ്റുമായി കോഴിക്കോടിനൊരു കളക്ടറുണ്ടാകുന്നതിനും മുമ്പാണ്. അന്ന് സാമൂതിരിയാണ് കോഴിക്കോട് ഭരിക്കുന്നത്. ചേരമാന്‍ പെരുമാളില്‍ നിന്ന് നാട് ഭരിക്കുവാനുള്ള അവകാശം ചത്തും കൊന്നും നേടിയ സാമൂതിരിമാരാണ് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കാലം ഒരു ഭൂവിഭാഗം ഭരിച്ചവര്‍. മദ്ധ്യകാല കേരളത്തിലെ തിളക്കമേറിയ ചരിത്രമാണവരുടേത്. നമുക്ക് കഥയിലേക്ക് മടങ്ങാം. ഒരു ദിവസം നമ്മുടെ സാമൂതിരി രാജാവിന്റെ കൈയ്ക്ക് കടുത്ത വേദന തുടങ്ങി. കൊട്ടാരം വൈദ്യന്മാരെല്ലാം മാറിമാറി ചികിത്സിച്ചു നോക്കി. വേദന മാറിയതേയില്ല. ഒടുവില്‍ അന്യനാട്ടില്‍ നിന്നെത്തിയ പ്രഗത്ഭനായ ഒരു വൈദ്യന്‍ മരുന്നൊന്നും വേണ്ടതില്ലെന്നും കൈയ്യിലൊരു തുണി നനച്ചിട്ടാല്‍ മതിയെന്നും പറഞ്ഞു. തുണിയെങ്കില്‍ തുണി, ഇനി അതായിട്ടെന്തിന് പരീക്ഷിക്കാതിരിക്കണം. തുണി നനച്ച് ചുറ്റിയതും വേദന പമ്പ കടന്നു. രാജാവ് മാത്രമല്ല ദേശം മുഴുവന്‍ അമ്പരന്നു പോയി !

ദിവസങ്ങള്‍ കടന്നു പോയി. തന്റെ അസുഖം മാറിയെങ്കിലും രാജ്യത്താകെപ്പാടെ ഒരു സുഖമില്ലായ്മയുണ്ടെന്ന് സാമൂതിരിക്ക് തോന്നി. ദേശത്തിന്റെ രോഗശാന്തിയന്വേഷിച്ചലഞ്ഞത് സാമൂതിരിയുടെ പ്രധാനമന്ത്രിയായിരുന്ന മങ്ങാട്ടച്ചനാണ്. അന്ന് രാജാവിന്റെ കൈയ്യില്‍ തുണി നനച്ചിട്ടപ്പോള്‍ അദ്ദേഹത്തിന്റെ ചുമലില്‍ നിന്ന് ഭാഗ്യദേവത ഇറങ്ങിപ്പോയെന്ന് ദേശക്കാര്‍ വിശ്വസിക്കുന്ന വിവരം മങ്ങാട്ടച്ചനറിഞ്ഞു. ഐശ്വര്യദേവതയെത്തേടി കോഴിക്കോട് നഗരത്തിലൂടെ ഓടിയ മങ്ങാട്ടച്ചന്‍ ഒടുവില്‍ ദേവതയെ കണ്ടെത്തുന്നത് മിഠായിത്തെരുവിലാണ്. തെരുവില്‍ നില്‍ക്കുന്ന ദേവതയുടെ കാലുപിടിച്ച് മങ്ങാട്ടച്ചന്‍ കൊട്ടാരത്തിലേക്കു തിരിച്ചുവിളിച്ചു നോക്കി. ഒരിക്കല്‍ ഇറങ്ങിയിടത്തേക്ക് താന്‍ തിരിച്ചില്ലെന്ന് ദേവത തീര്‍ത്തുപറഞ്ഞു. ദേവതയെ കണ്ട വിവരം രാജാവിനെ അറിയിച്ച് താന്‍ മടങ്ങിവരുവോളം കാത്ത് നില്‍ക്കണമെന്ന് പറഞ്ഞ് മങ്ങാട്ടച്ചന്‍ മടങ്ങി. പക്ഷേ അയാള്‍ തിരികെ വന്നില്ല. ദേശത്തിന്റെ ഐശ്വര്യം കാക്കാന്‍ മങ്ങാട്ടച്ചന്‍ ആത്മഹത്യ ചെയ്തു. ഇന്നും മങ്ങാട്ടച്ചന്‍ മടങ്ങിവരുന്നതും കാത്ത് ഐശ്വര്യദേവത മിഠായിത്തെരുവില്‍ നില്‍ക്കുന്നതിനാലാണ് കോഴിക്കോടിനിത്ര ഐശ്വര്യമെന്നാണ് കഥ. ഇത് ഈ തെരുവിന്റെ കഥയാണ്.

കോഴിക്കോട്ടുകാരുടെ സന്തോഷവും സങ്കടവും നെഞ്ചേറ്റു വാങ്ങിയ തെരുവാണിത്. അനീതികള്‍ക്കെതിരെ തൊണ്ട പൊട്ടുമാറുച്ചത്തില്‍ കോഴിക്കോട്ടുകാര്‍ വിളിച്ച എത്രയെത്ര പ്രകടനങ്ങള്‍ക്ക് ഈ തെരുവു വഴികള്‍ സാക്ഷിയാണ്. സാധനങ്ങള്‍ വാങ്ങാന്‍ മാത്രമല്ല കാഴ്ചകള്‍ കണ്ടു സുഖത്തിലങ്ങനെ നടക്കാന്‍ കൂടിയാണ് മനുഷ്യര്‍ മിഠായിതെരുവിലെത്തുന്നത്. കച്ചവടത്തെരുവ് മാത്രമല്ല കോഴിക്കോട്ടുകാര്‍ക്കിത്. ഇതവരുടെ സംഗമകേന്ദ്രം കൂടിയാണ്. കോടികള്‍ മുടക്കി നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ച് മിഠായി തെരുവ് ജനങ്ങള്‍ക്ക് തുറന്നുകൊടുത്തത് യു.വി.ജോസ് ഐ.എ.എസ് എന്ന കോഴിക്കോട്ടുകാരുടെ ജോസേട്ടനാണ്. മിഠായിത്തെരുവില്‍ കന്യാസ്ത്രീകളോട് ഐക്യപ്പെട്ട് പ്രകടനം നടത്തിയവര്‍ക്കെതിരേ പോലീസ് കേസെടുത്ത വിവരം അല്പം മുമ്പാണറിഞ്ഞത്. കോഴിക്കോടിന്റെ തെരുവ് പാട്ടുകാരന്‍ ബാബു ഭായിയുടെ പാട്ട് മിഠായിത്തെരുവില്‍ പോലീസ് നിരോധിച്ചതിന്റെ പുകില്‍ കെട്ടടിങ്ങിയതേയുള്ളൂ.

പാട്ടും പ്രകടനങ്ങളുമെല്ലാം നിരോധിച്ച് നിങ്ങളുണ്ടാക്കിയെടുക്കാന്‍ പോകുന്ന പുതിയ തെരുവ് ഞങ്ങള്‍ക്ക് വേണ്ട സര്‍. ഒന്നിച്ച് കൊണ്ട വെയിലിന്റെയും ഒന്നിച്ചു കണ്ട സ്വപ്നങ്ങളുടെയും മണമുണര്‍ന്നിരിക്കുന്ന ആ പഴയ മിഠായിത്തെരുവ് മതിയായിരുന്നു ഞങ്ങള്‍ക്ക്. കോര്‍പ്പറേറ്റ് യുക്തിയില്‍ പുഴുങ്ങിയ തുണി നനച്ചിട്ട് ഭരണകൂടം മങ്ങാട്ടച്ചനെ കാത്ത് നിന്നിരുന്ന ഐശ്വര്യദേവതയെ മിഠായിത്തെരുവില്‍ നിന്നും പറഞ്ഞയക്കരുത്. കോഴിക്കോടിന്റെ ഐശ്വര്യം കെടുത്തിയ ജോസേട്ടന്റെ നവീകരണമെന്ന് മിഠായിത്തെരുവ് നവീകരണത്തിന്റെ ചരിത്രമെഴുതാന്‍ ഞങ്ങള്‍ക്ക് സങ്കടമുണ്ട്.