കാലങ്ങളായി നിങ്ങള്‍ സിനിമകളിലൂടെ പറയുന്നു:
“ജനിക്കുമ്പോ ഒറ്റത്തന്തക്ക് ജനിക്കണം….”
“എനിക്ക് ഒറ്റത്തന്തയാ… നിന്നെപ്പോലെ പല തന്തയല്ല….”
അങ്ങനെ നാട്ടാര് “പലതന്തക്ക്” ഉണ്ടായവരെന്ന് അടക്കം പറഞ്ഞവരാണ് ഈ സിനിമയിലെ നായകന്മാര്‍. അവരെച്ചൂണ്ടി വില്ലന്‍ പറയുന്നു; അവര്‍ പല തന്തമാര്‍ക്ക് പിറന്നതാണ് എന്ന്.
നായികയായ “കിളുന്ത് പെണ്‍കുട്ടി”യുടെ പടക്കം പൊട്ടുന്ന മറുപടി:
പലതന്തക്ക് പിറക്കുക എന്നത് ടെക്‌നിക്കലി പോസിബിള്‍ അല്ല ചേട്ടാ. എല്ലാരും ഒരു തന്തക്ക് മാത്രമായാണ് പിറക്കുന്നത്.
Read Also : കുമ്പളങ്ങിയിലെ രാത്രികള്‍ “ആണത്തം” എന്ന വട്ടിനുള്ള കൊട്ട്
കാലങ്ങളായി നിങ്ങളുടെ സിനിമകളില്‍ മറുത്തുപറയുന്ന സ്ത്രീകളെ ആങ്ങളമാര്‍ക്കും ഭര്‍ത്താവിനും വഴിപോക്കര്‍ക്കും കരണത്തടിക്കാന്‍, മിണ്ടാതിരിയെടീ / നീ വെറും പെണ്ണാണ് എന്നൊക്കെ ആക്രോശിക്കാന്‍, വായടപ്പിക്കാന്‍ അവകാശം നല്‍കുന്നു.
ഈ സിനിമയില്‍ ചേട്ടന്റെ, കുടുംബനാഥന്റെ സ്ഥാനത്തുള്ള ചേച്ചീടെ ഭര്‍ത്താവ് എടീ എന്നൊക്കെ അനിയത്തിയോട് ആക്രോശിക്കുമ്പോള്‍ അവള്‍ ഉറച്ച ശബ്ദത്തില്‍ പറയുന്നു: എന്നെ എടീ പോടീന്ന് വിളിക്കരുത്. വീണ്ടുമവന്‍ കത്തിക്കയറുമ്പോള്‍, സാധാരണ അവന് മുന്നില്‍ ഭയന്ന് ചൂളി നില്‍ക്കാറുള്ള ഭാര്യ മസ്‌കീറ്റോ ബാറ്റ് അടിച്ച് പൊട്ടിച്ച് അവനെ ഞെട്ടിച്ച് കൊണ്ട് പറയുന്നു: “എന്റെ അനിയത്തിയോട് മര്യാദക്ക് സംസാരിക്കണം” എന്ന്.
കാലങ്ങളായി കറുത്തവര്‍ക്കും ദളിതര്‍ക്കും ക്ഷുരകനും മീന്‍കാരനും “അണ്ണാച്ചി”ക്കും നിങ്ങള്‍ പതിത്വമേകി. ആഢ്യസവര്‍ണ്ണരെ മാത്രമായി നന്മനിറഞ്ഞ നായകസ്ഥാനത്ത് പ്രതിഷ്ഠിച്ചു. ഈ സിനിമ നിങ്ങള്‍ പതിത്വം കല്പിച്ചവരെ മുഖ്യധാരയില്‍ പ്രതിഷ്ഠിക്കുന്നു. തൊഴിലിന് പതിത്വമില്ല എന്ന് ലളിതമായി മുദ്രാവാക്യസ്വഭാവത്തില്‍ അല്ലാതെ പറയുന്നു. പൊളിറ്റിക്കല്‍ കറക്ട്‌നസ് കുത്തിനിറച്ച് അരോചകമാക്കിയല്ല; ഒട്ടും മുഴച്ച് നില്‍ക്കാതെയാണ് മലയാളസിനിമ ചെയ്ത ദ്രോഹങ്ങള്‍ക്ക് അഭ്രപാളിയിലെ ഈ കൊച്ചു മനോഹരകാവ്യം തിരുത്ത് ചമയ്ക്കുന്നത്.