68 ലാണെന്ന് തോന്നുന്നു, കണ്ണൂര് പോയി എംപ്ലായ്‌മെന്റില്‍ പേര് കൊടുത്തു. അന്ന് 17 വയസ്സാണ്. 69 ല്‍ ജോലി കിട്ടി, കണ്ണൂര്‍ ഡി.എം.ഒ ഓഫീസില്‍ വാര്‍ഡന്‍ – 150 രൂപ ശമ്പളം. നൂറ്റമ്പതൊക്കെ 69 ല്‍ വലിയ പൈസയാണ്. ഞാന്‍ അമ്മാവനോട് പറഞ്ഞു, ”മെമ്മോ വന്നു, പോണം.” അമ്മാവന്‍ മിണ്ടിയില്ല. പിന്നെയും പറഞ്ഞു. മറുപടി പറയുമ്പോള്‍ അമ്മാവന്റെ ഒച്ചയൊക്കെ മാറിയിരുന്നു, ‘രാമാ, പത്ത് നാല്‍പ്പതേക്കര്‍ ഭൂമിയുണ്ടിവിടെ. 22 ഏക്കര്‍ വയലാണ്, 18 ഏക്കര്‍ കരഭൂമിയും. നീ പോയിക്കഴിഞ്ഞാല്‍ ഇതൊക്കെ ആര് നോക്കും. ഒക്കെ വരണ്ട് പോവില്ലേ, വേണ്ടെങ്കില്‍ കളഞ്ഞിട്ട് പൊക്കോടാ ” ഞാന്‍ കളഞ്ഞിട്ട് പോന്നു, ഈ മണ്ണല്ല – ഗവണ്‍മെന്റ് തന്ന പണി.
– ചെറുവയല്‍ രാമന്‍.
അന്ന് വയലിലേക്കിറങ്ങിയതാണ് രാമന്‍. പിന്നെ തിരിച്ച് കയറിയിട്ടില്ല. മുട്ടോളമെത്തുന്ന മുഷിഞ്ഞ മുണ്ടും കുടുക്ക് പൊട്ടിയ കുപ്പായവുമിട്ട് വയനാട്ടിലെ ചെളിമണ്ണില്‍ അന്നുമിന്നും രാമേട്ടനുണ്ട്. അയാളാണ് വയനാടിന്റെ നെല്ലച്ഛന്‍. നൂറ്റമ്പത് കൊല്ലം പഴക്കമുള്ള പുല്ലുമേഞ്ഞ മണ്‍വീട്ടില്‍ ജീവിക്കുന്ന ഈ മനുഷ്യനെയാണ് ലോകം ജീന്‍ബാങ്കര്‍ എന്ന് പേരിട്ട് വിളിച്ചത്. കേരളം പെരുവയല്‍ രാമനെ എത്ര കേട്ടു എന്ന് എനിക്കറിയില്ല, നമ്മളിലെത്ര പേര്‍ കേട്ടു എന്നതാണ് അതിന്റെ കണക്ക്. പക്ഷേ പാശ്ചാത്യ രാജ്യങ്ങള്‍ അയാളെ കേട്ടിട്ടുണ്ട്. ഗള്‍ഫ് രാജ്യങ്ങള്‍ മുതല്‍ ലാറ്റിനമേരിക്ക വരെ കേട്ടിട്ടുണ്ട്.
വയനാട്ടില്‍ നടന്ന ദേശീയ ശാസ്ത്ര കോണ്‍ഗ്രസിന്റെ വേദിയിലും ബ്രസീലില്‍ നടന്ന ഇന്റര്‍നാഷണല്‍ ശാസ്ത്ര കോണ്‍ഗ്രസിന്റെ വേദിയിലും ചെറുവയല്‍ രാമന്‍ അതിഥിയായെത്തി. കാലില്‍ ചെരിപ്പുപോലുമില്ലാതെ കയറി വന്ന രാമേട്ടനെ കണ്ട് വാ തുറന്ന് പോയ പ്രതിനിധികള്‍, അന്നാ മനുഷ്യന്‍ ജീവിതം പറഞ്ഞ് തീരും വരെ വായടച്ചില്ല. ”ആറ് തരം പഴയ നെല്‍വിത്തുകള്‍ എനിക്ക് തന്നാണ് അമ്മാവന്‍ മരിക്കുന്നത്. കഴിഞ്ഞ നൂറ്റാണ്ട് വരെ രണ്ടായിരത്തിലേറെ നെല്‍വിത്തുണ്ടായിരുന്ന നാടാണ് കേരളം. വയനാട്ടില്‍ മാത്രം നൂറിലേറെ ഉണ്ടായിരുന്നു. എനിക്ക് സങ്കടം തോന്നി, പത്ത് നാല്‍പ്പതേക്കര്‍ ഭൂമിയുണ്ടായിരുന്ന അമ്മാവന്റെ സമ്പാദ്യം വെറും ആറെണ്ണമാണ്. കുറേ വിത്തുകള്‍ ശേഖരിക്കണമെന്ന തോന്നല്‍ വന്നത് അങ്ങനെയാണ്. വയനാട് മുഴുവന്‍ അലഞ്ഞു, മുപ്പത്തെട്ടണ്ണം കിട്ടി. കോഴിക്കോട്ടുന്നും കണ്ണൂരുന്നുമായി നാല് തരം വേറെയും കിട്ടി. അതൊക്കെ ഈ മണ്ണിലുണ്ട്. എന്നെ വന്ന് കാണുന്ന മണ്ണിനെ സ്‌നേഹിക്കുന്ന ഒരോ മനുഷ്യര്‍ക്കും ഞാനത് കൊടുക്കും.” തന്നെ വന്ന് കാണുന്ന മനുഷ്യര്‍ ആരാണ് എന്നത് രാമേട്ടന് വിഷയമല്ല. ഇത് നമുക്കെളുപ്പം മനസിലാകാത്ത ആഴത്തില്‍ വേരുള്ള ജൈവബന്ധമാണ്. മണ്ണിനോട് ഒരാള്‍ക്കുള്ള സ്‌നേഹമാണ് അവര്‍ക്കും പെരുവയല്‍ രാമനുമിടയിലുള്ള ബന്ധം.
ഹരിതവിപ്ലവം ആവേശിച്ച കേരളീയ കൃഷിഭൂമിയിലൂടെ ഒഴുക്കിനെതിരെ നീന്തുകയാണ് രാമേട്ടന്‍. അതിനെക്കുറിച്ചുള്ള അജ്ഞതയല്ല, ആഴത്തിലുള്ള ബോധമാണ് അയാളുടെ കരുത്ത്. ആ ബോധ്യങ്ങളാണ് എന്റെ ശരികളാണ് ശരികള്‍ എന്ന് അയാളെക്കൊണ്ട് പറയിപ്പിക്കുന്നത്. ”അത്യുല്‍പ്പാദനശേഷിയുള്ള വിത്ത് കൃഷിചെയ്താല്‍ കൂടുതല്‍ വിളവൊക്കെ കിട്ടും. പക്ഷേ ഇപ്രാവശ്യം ഒരു ടണ്ണ് കിട്ടിയാല്‍ അടുത്ത പ്രാവശ്യം അത്ര കിട്ടില്ല. അളവ് കൂട്ടണോ രാസവളം വേണം. ശാസ്ത്ര ലാബുകളില്‍ പിറന്ന വിത്തുകള്‍ അന്ധകവിത്തുകളാണ്. രാസവളമിട്ടാല്‍ പിന്നെ ഈ മണ്ണിന് ഭാവിയില്ല. എന്റെ കൈകൊണ്ട് ഞാന്‍ രാസവളം തൊടില്ല – കീടനാശിനികള്‍ തൊടില്ല. തവളകളും, വണ്ടുകളും, മീനുകളും, എല്ലാം ചത്തുപോകും. പണ്ട് മാനന്തവാടി പുഴയില്‍ നിന്ന് അഞ്ചാറ് പേര്‍ ചേര്‍ന്ന് വെമ്മീന്‍ പിടിച്ച് വരുന്ന കാഴ്ചയൊന്ന് കാണണം കടലില്‍ നിന്ന് തിമിംഗലത്തെ കൊണ്ടുവരുന്ന പോലെ. പത്തെണ്‍പത് തരം മീനുകളുണ്ടായിരുന്ന പുഴയാ. ഇന്നവിടെ ഒരു മീന്‍ പോലുമില്ല. പക്ഷികള്‍ പോയി, മൃഗങ്ങള്‍ പോയി, കാട് പോയി, വയനാടേ പോയി. ചാണകവും ചവറും ജൈവവളങ്ങളുമേ ഞാനീ മണ്ണിലിടൂ. ഞാന്‍ വളമിടുമ്പോള്‍ എത്ര അണുക്കളാ ജീവിക്കുന്നതെന്നറിയുമോ. നിങ്ങള്‍ക്ക് ഹൈബ്രിഡ് വിത്തുകള്‍ ഒരു ടണ്‍ വിളവ് തരുമ്പോള്‍ എനിക്ക് അര ടണ്ണേ കിട്ടൂ. അത് മതി. ഒരു ടണ്ണ് കൊണ്ട് ഞാന്‍ മാത്രം ജീവിക്കലല്ല അരട്ടണ്ണ് കൊണ്ട് എല്ലാരും ജീവിക്കലാണ് ഈ പ്രകൃതിക്കിഷ്ടം. ഞാന്‍ മണ്ടനാണെന്ന് എല്ലാവരും പറയും. എന്റെ മണ്ടത്തരം ഈ പ്രകൃതിയ്ക്കിഷ്ടമാണ്. ആ മണ്ടത്തരങ്ങളില്‍ ജീവിക്കുന്നതാണ് എനിക്കിഷ്ടം.”
വിതച്ച്, പരിപാലിച്ചു പോറ്റി, സൗജന്യമായി മറ്റുളളവര്‍ക്കു വിത്ത് നല്‍കുന്ന ഈ മനുഷ്യന്‍ മണ്ടനല്ലാതെ മറ്റാരാണ് ! വന്ന് ചോദിക്കുന്നവര്‍ക്ക് ഏത് വിത്തും രാമന്‍ കൊടുക്കും. അത് കൃഷി ചെയ്ത് വിളവെടുത്ത് കലര്‍പ്പില്ലാതെ ഇരട്ടി തിരികെ കൊണ്ടു വരണം എന്നാണ് വ്യവസ്ഥ. പലരും പിന്നെ ആ വഴിക്കേ ചെല്ലാറില്ല. എങ്കിലും രാമേട്ടനാരോടും ഒരു പരിഭവവുമില്ല. വിത്തുകളില്‍ പ്രകൃതിയുടെ ജീവനുണ്ടെന്നാണ് ഈ മനുഷ്യന്റെ വിശ്വാസം. അതിന് വേദനിക്കാതിരിക്കാന്‍ – ജീവന് ക്ഷതമേല്‍ക്കാതിരിക്കാന്‍ ട്രാക്ടര്‍ ഉപയോഗിച്ചല്ല മെതി. പുതിയ കാലത്ത് കറ്റയില്‍ വടികൊണ്ടടിച്ച് നെല്ലു വേര്‍പെടുത്തുന്ന ഈ മനുഷ്യന്‍ മണ്ടനല്ലാതെ മറ്റാരാണ്
ലോകം മൊത്തമെത്തിയല്ലോ രാമേട്ടാ ങ്ങടെ പെരുമ എന്ന് ചോദിച്ചാല്‍ ചിരിച്ച് കൊണ്ട് മൂപ്പര് പറയും, ”ലോകം മൊത്തം വിത്തു പോകാന്‍ രാമന്‍ പോര. മനുഷ്യരേ പോര ! വായുവില്‍ കൂടി വിത്തുകള്‍ വരുന്നുണ്ട്. വെള്ളത്തില്‍ കൂടി അവ ഒഴുകി പലയിടത്തും പോയി പൊടിക്കുന്നുണ്ട്. പക്ഷികള്‍ പഴങ്ങളൊക്കെ തിന്ന് കാഷ്ഠമിട്ട് അത് പൊടിപ്പിക്കുന്നുണ്ട്. മൃഗങ്ങളുടെ വിസര്‍ജ്യത്തില്‍ നിന്നും അത് പൊടിച്ചുവരുന്നുണ്ട്. ഈ പ്രകൃതി പാകിയ വിത്തുകളാണ് ഇതെല്ലാം. കോടാനുകോടി ജീവികള്‍ക്ക് ജീവിക്കാന്‍ പ്രകൃതി പാകിയ വിത്തുകള്‍ വിത്തുകള്‍ പിറക്കേണ്ടത് യൂണിവേഴ്‌സിറ്റികളിലല്ല.”
നാം തന്നെ യൂണിവേഴ്‌സിറ്റികളില്‍ പിറക്കുന്ന കാലമാണിത്. കാലം തെറ്റിപ്പിറന്ന ഒരു മനുഷ്യന്‍ പറയുന്നു, ”വിത്തുകള്‍ പിറക്കേണ്ടത് യൂണിവേഴ്‌സിറ്റികളിലല്ല.” എന്ത് ശക്തിയാണ് ആ വാക്കിന്. കഴിഞ്ഞ ഒക്ടോബറിലാണ്, ദുബായിയില്‍ വയലും വീടും പരിപാടിയില്‍ പങ്കെടുക്കാന്‍ പോയ രാമേട്ടന് അവിടെ വെച്ച് ഹൃദയാഘാതമുണ്ടായി. ആശുപത്രി വാസം കഴിഞ്ഞ് പുറത്തിറങ്ങുമ്പോള്‍ ചികിത്സാ ചെലവ് മാത്രം പതിനാറ് ലക്ഷം, മറ്റ് ചെലവും കൂടെ ചേര്‍ത്ത് നാല്പത് ലക്ഷം അത്രയും കൊടുത്താണ് അവര്‍ പെരുവയല്‍ രാമനെ കാത്തത്. തിരികെ വീട്ടിലെത്തി തോര്‍ത്ത് മുണ്ടും, മുറിക്കൈയന്‍ കുപ്പായവുമിട്ട് തലേക്കെട്ട് കെട്ടി പുറത്തിറങ്ങിയപ്പോള്‍ രാമേട്ടന്‍ പറഞ്ഞു, ”ഇതെന്റെ രണ്ടാം ജന്മമാണ്. അന്ന് വയനാട്ടിലായിരുന്നെങ്കില്‍ ഞാന്‍ ഉണ്ടാവുമായിരുന്നില്ല.”
നോക്കൂ, ഈ മഹാ മനുഷ്യന്‍ എത്ര എളുപ്പമാണ് ഒരുപാടാശങ്കകളുള്ള ഒരു വയനാടന്‍ കര്‍ഷകനായത്. കൃഷിയെ സ്‌നേഹിച്ചത് കൊണ്ട് ആത്മഹത്യ ചെയ്യേണ്ടി വരുന്നവരുടെ പ്രതിനിധിയായത്. ഇവിടെയായിരുന്നെങ്കില്‍ ഒരു ഹൃദയാഘാതത്തെ ഞാന്‍ അതിജീവിക്കുമായിരുന്നില്ല എന്ന അടിയന്തിര ചികിത്സാ സൗകര്യമില്ലാത്ത ഒരു ജനതയുടെ ആശങ്കയുടെ കണ്ണിയായത്. വള്ളിയൂര്‍കാവില്‍ നിന്ന് കഷ്ടിച്ചു രണ്ടര കിലോമീറ്റര്‍ അകലെയാണ് ചെറുവയല്‍. രാഹുല്‍ ഗാന്ധി അവിടെ ഒന്ന് പോകണം. ചെറുവയല്‍ രാമനെ കേള്‍ക്കണം. ചോമാല നെല്ലിന്റെ ചോറും ഗന്ധകശാല അരിയുടെ പായസവുമൊരുക്കി രാമേട്ടന്‍ നിങ്ങളെ സ്വീകരിക്കും.
രാഹുല്‍, സമുദ്രനിരപ്പില്‍നിന്നും രണ്ടായിരം അടി ഉയരത്തില്‍ നെല്ല് വിളയുന്ന നാടായിരുന്നു നിങ്ങളുടെ വയനാട്. കാദംബര്‍ വീരവയല്‍നാട് എന്ന് വിളിച്ച നാട്, പക്ഷേ അതിന്ന് വയനാടാണ്. വയല്‍നാടല്ലാത്ത വെറും വയനാട്. ദൂരദേശത്ത് നിന്ന് വരുന്ന അരിവണ്ടിയും കാത്ത് നില്‍ക്കുന്നവരുടെ വയനാട്. പക്ഷേ നെല്‍കൃഷി ഇവര്‍ക്ക് തുടരാനാവില്ല. നെല്ല് നശിച്ചാല്‍ സര്‍ക്കാര്‍ ഇവരെ സഹായിക്കില്ല. സഹായം കിട്ടണോ, ഒരു ഗതിയുമില്ലാത്ത വയനാടന്‍ കര്‍ഷകര്‍ പാടം വന്‍ തുക കെട്ടിവെച്ച് ഇന്‍ഷൂര്‍ ചെയ്യണം. ഇനി സര്‍ക്കാര്‍ സഹായിച്ചാലോ, ആര് മണ്ണിലേക്കിറങ്ങും ? ജോലി കൃഷിയാണ് എങ്കില്‍ വയനാട്ടിലെ യുവാക്കള്‍ക്ക് പെണ്ണുപോലും കിട്ടില്ല. നോക്കൂ, യുവാക്കള്‍ മണ്ണിനോട് മുഖം തിരിക്കാന്‍ ഇങ്ങനെ നിര്‍ബന്ധിക്കപ്പെടുമ്പഴാണ് ആനന്ദത്തോടെ മണ്ണില്‍ മുത്തുന്ന ഒരു യുവാവിനെക്കണ്ടത്. അതിന്റെ സന്തോഷത്തിലാണ് ഇത്രയുമെഴുതിയത്. സനേഷെന്നാണ് അയാളുടെ പേര്, ഞാന്‍ പഠിച്ച മടപ്പള്ളി ഗവ. കോളേജിലെ പഴയ ചെയര്‍മാനാണ്. കരസ്ഥമാക്കിയ ബിരുദങ്ങള്‍ പെട്ടിയിലടച്ച് വെച്ച് ഗള്‍ഫിലെ ജോലിയുപേക്ഷിച്ച് പണ്ട് കോളേജ് കാലത്ത് കൂട്ടിനുണ്ടായിരുന്ന പ്രശോഭേട്ടനെയും കൂട്ടി മൂപ്പര്‍ ഒരോര്‍ഗാനിക് കട തുടങ്ങുകയാണ്, 7even days. അതുദ്ഘാടനം ചെയ്യാന്‍ ചെറുവയല്‍ രാമന്‍ നാളെ വടകരയിലെത്തും. വിളിച്ചപ്പോള്‍ സനേഷേട്ടന്‍ അദ്ദേഹത്തോട് പറഞ്ഞ് കാണും, ”ഞാന്‍ കളഞ്ഞിട്ട് പോന്നു, ഈ മണ്ണല്ല – ഗള്‍ഫ് തന്ന പണി.” എന്ന്. പണ്ടമ്മാവനോട് രാമന്‍ പറഞ്ഞ മറുപടി. അതുകൊണ്ടാവും, ഓടി വരുന്നുണ്ട്.
പ്രിയപ്പെട്ട രാഹുല്‍ ഗാന്ധീ, നിങ്ങളെപ്പോലൊരാള്‍ വയനാടിന്റെ പ്രതിനിധിയാകുമ്പോള്‍ ഒരുപാടത്ഭുതങ്ങള്‍ ആ മനുഷ്യര്‍ പ്രതീക്ഷിക്കുന്നുണ്ട്. നാലര ലക്ഷത്തിന്റെ വന്‍ ഭൂരിപക്ഷത്തിന് അവര്‍ നിങ്ങളെ ജയിപ്പിച്ചത് അത് കൊണ്ടാണ്. ഇനി ഒരു കര്‍ഷകന്റെയും കണ്ണീര് ഇപ്പാടങ്ങളില്‍ വീഴാതിരിക്കാന്‍. ഒരായുസ്സ് മുഴുവന്‍ രാമേട്ടന്മാരൊഴുക്കിയ വിയര്‍പ്പിന് വിലയുണ്ടാവാന്‍.
DoolNews Video