Kerala News
ചികിത്സ നല്‍കാതെ മന്ത്രിച്ച് ഊതിയ വെള്ളം നല്‍കി; പതിനൊന്നുകാരി മരിച്ച സംഭവത്തില്‍ പിതാവും മന്ത്രവാദിയും അറസ്റ്റില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Nov 03, 06:42 am
Wednesday, 3rd November 2021, 12:12 pm

കണ്ണൂര്‍: കണ്ണൂരില്‍ പനി ബാധിച്ച പതിനൊന്നുകാരി ചികിത്സ കിട്ടാതെ മരിച്ച സംഭവത്തില്‍ പിതാവിനെയും മന്ത്രവാദ ചികിത്സ നടത്തിയ ഉസ്താദിനെയും പൊലീസ് അറസ്റ്റ് ചെയ്തു.

മരിച്ച ഫാത്തിമയുടെ പിതാവ് അബ്ദുല്‍ സത്താര്‍, മന്ത്രവാദം നടത്തിയ ഉവൈസ് എന്നിവരാണ് അറസ്റ്റിലായത്.

ചികിത്സ നല്‍കാതെ കുട്ടിക്ക മന്ത്രിച്ച് ഊതിയ വെള്ളം നല്‍കുകയായിരുന്നുവെന്ന് അന്വേഷണത്തില്‍ പൊലീസ് കണ്ടെത്തി. ഇരുവര്‍ക്കുമെതിരെ മനപൂര്‍വമല്ലാത്ത നരഹത്യയ്ക്കു കേസെടുത്തിട്ടുണ്ട്.

അതിനിടെ കുടുംബത്തിലെ മൂന്ന് അംഗങ്ങള്‍ കൂടി നേരത്തെ സമാനസാഹചര്യത്തില്‍ മരിച്ച വിവരം പുറത്തുവരുന്നുണ്ട്. ഇതും അന്വേഷിക്കുമെന്ന് പൊലീസ് പറഞ്ഞു.

ഞായറാഴ്ച പുലര്‍ച്ചെയാണ് കണ്ണൂര്‍ സിറ്റി നാലുവയലില്‍ എം.സി. അബ്ദുല്‍ സത്താറിന്റെയും സാബിറയുടെയും മകള്‍ ഫാത്തിമ മരിച്ചത്. പനി ബാധിച്ച കുട്ടിയെ ആശുപത്രിയില്‍ എത്തിക്കാതെ മന്ത്രവാദ ചികിത്സ നടത്തിയെന്ന ബന്ധുക്കളുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്.

ഞായറാഴ്ച ഉറങ്ങാന്‍ കിടന്ന കുട്ടിക്ക് പിന്നീട് അനക്കമില്ലാതെയായി. തുടര്‍ന്നാണ് രക്ഷിതാക്കള്‍ ആശുപത്രിയില്‍ എത്തിച്ചത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

പനി പിടിച്ച് അവശനിലയിലായ കുട്ടിയെ നിര്‍ബന്ധിച്ച് മന്ത്രവാദ ചികിത്സയില്‍ പങ്കെടുപ്പിച്ചെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ചികിത്സയുടെ ഭാഗമായി കുട്ടിയെ മര്‍ദിച്ചെന്നും അവര്‍ പറയുന്നു. ശ്വാസകോശത്തിലെ അണുബാധ മൂലമാണ് കുട്ടിയുടെ മരണം എന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTENT HIGHLIGHTS: Father and witch arrested for killing 11-year-old girl