ശ്രീനഗര്‍: റംസാന്‍ മാസത്തില്‍ ജമ്മു കശ്മീരിലെ ഗുല്‍മാര്‍ഗില്‍ ഫാഷന്‍ ഷോ നടത്തിയതിനെച്ചൊല്ലിയുള്ള വിവാദത്തിനിടെ അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ല. സംഭവത്തില്‍ അന്വേഷണം നടത്തി 24 മണിക്കൂറിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ഒമര്‍ അബ്ദുല്ല ഉത്തരവിട്ടത്. റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ ഉചിതമായ നടപടി സ്വീകരിക്കുമെന്നും ഒമര്‍ അബ്ദുള്ള വ്യക്തമാക്കി.
‘റംസാനിലെ പുണ്യമാസത്തില്‍ ഇത് സംഭവിക്കാന്‍ പാടില്ലായിരുന്നു എന്ന് ചിലര്‍ പറഞ്ഞു. എന്നാല്‍ റംസാനെന്നല്ല അവിടെ ഞാന്‍ കണ്ടത് വര്‍ഷത്തിലെ ഒരു മാസത്തിലും സംഭവിക്കാന്‍ പാടില്ലാത്തതാണ് എന്നാണ് എനിക്ക് തോന്നുന്നത്.
ഒരു കാര്യം ഞാന്‍ വ്യക്തമാക്കട്ടെ. സര്‍ക്കാരിന് അതില്‍ ഒരു പങ്കുമില്ല. അതൊരു സ്വകാര്യ പാര്‍ട്ടിയായിരുന്നു. അവര്‍ ഒരു സ്വകാര്യ ഹോട്ടലില്‍ സ്വകാര്യമായി ചടങ്ങ് സംഘടിപ്പിച്ചു. ക്ഷണക്കത്തുകള്‍ അവര്‍ സ്വകാര്യമായി വിതരണം ചെയ്തു. സര്‍ക്കാരില്‍ നിന്ന് യാതൊരു അനുമതിയും തേടിയിട്ടില്ല. സര്‍ക്കാര്‍ അടിസ്ഥാന സൗകര്യങ്ങളോ സര്‍ക്കാര്‍ സംവിധാനങ്ങളോ അവിടെ ഉപയോഗിച്ചിട്ടില്ല,’ ഒമര്‍ അബ്ദുല്ല പറഞ്ഞു.
നിയമസഭ സമ്മേളിച്ചപ്പോള്‍, നാഷണല്‍ കോണ്‍ഫറന്‍സ്, പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി അംഗങ്ങളും രണ്ട് സ്വതന്ത്രരുമാണ് ഫാഷന്‍ ഷോയുടെ വിഷയം സഭയില്‍ ഉന്നയിച്ചത്. ഫാഷന്‍ ഷോയെ ‘അശ്ലീലം’ എന്ന് വിശേഷിപ്പിച്ച എം.എല്‍.എമാര്‍ ഇവ വികാരങ്ങളെ വ്രണപ്പെടുത്തുന്നതാണെന്നും ആരോപിച്ചു.
റംസാന്‍ കാലത്ത് ഇത്തരമൊരു ഷോയ്ക്ക് സൗകര്യമൊരുക്കിയതിനെക്കുറിച്ച് അന്വേഷിക്കണമെന്നും എം.എല്‍.എമാര്‍ ആവശ്യപ്പെട്ടു.
അതേസമയം ഫാഷന്‍ ഷോയില്‍ നിന്നുള്ള അശ്ലീല ചിത്രങ്ങള്‍ കാണുന്നത് അങ്ങേയറ്റം അസ്വസ്ഥത ഉളവാക്കുന്നുവെന്ന് പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി (പി.ഡി.പി) നേതാവ് മെഹബൂബ മുഫ്തി എക്സില്‍ കുറിച്ചു.
‘പവിത്രമായ റമദാന്‍ മാസത്തില്‍ ഇത്തരമൊരു സംഭവം നടന്നത് ഞെട്ടിപ്പിക്കുന്ന കാര്യമാണ്. നമ്മുടെ സാംസ്‌കാരിക മൂല്യങ്ങള്‍ക്ക് വിരുദ്ധമായ ഇത്തരം അശ്ലീലത പ്രോത്സാഹിപ്പിക്കാന്‍ സ്വകാര്യ ഹോട്ടലുടമകളെ അനുവദിക്കുന്നത് ഖേദകരമാണ്,’ മെഹബൂബ മുഫ്തി പറഞ്ഞു.
അതിനാല്‍ ഇതൊരു സ്വകാര്യ കാര്യമാണെന്ന് മുദ്രകുത്തി സര്‍ക്കാരിന് ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ കഴിയില്ലെന്നും അവര്‍ വ്യക്തമാക്കി.
മാര്‍ച്ച് ഏഴിന് ഗുല്‍മാര്‍ഗില്‍ സംഘടിപ്പിച്ച സ്‌കീ വെയര്‍ കളക്ഷന്‍ പ്രദര്‍ശിപ്പിക്കുന്ന ഫാഷന്‍ ഷോ, ഡിസൈനര്‍ ലേബലായ ശിവന്‍ & നരേഷിന്റെ 15ാം വാര്‍ഷികത്തോടനുബന്ധിച്ചാണ് നടന്നത്. എന്നാല്‍ ഇതിന്റെ ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിച്ചതോടെ റംസാന്‍ മാസത്തില്‍ ഫാഷന്‍ ഷോ നടത്തി എന്നാരോപിച്ച് പ്രതിഷേധം ശക്തമാവുകയായിരുന്നു.
Content Highlight: Fashion show in Gulmarg; Something that should never have happened during Ramzan or never: Omar Abdullah