രണ്ടാം ഭാഗം: പുരയ്ക്ക് മീതെ ചാഞ്ഞ അദാനി
DISCOURSE
രണ്ടാം ഭാഗം: പുരയ്ക്ക് മീതെ ചാഞ്ഞ അദാനി
ഫാറൂഖ്
Tuesday, 7th February 2023, 7:12 pm
'ലോകത്തിലെ വലിയ പണക്കാരുടെ പേരുകള്‍ക്കൊക്കെ പുറകില്‍ ഒരു ബ്രാന്‍ഡോ ഉത്പന്നങ്ങളോ ഒക്കെ കാണും. ബില്‍ഗേറ്റ്‌സിന് മൈക്രോസോഫ്റ്റ് വിന്‍ഡോസ്, ലാറി എല്ലിസന്റെ ഒറാക്കിള്‍, ജെഫ് ബെസോസിന് ആമസോണ്‍, എലോണ്‍ മാസ്‌കിന്റെ ടെസ്ല കാറുകള്‍ തുടങ്ങിയവ. ഇതൊന്നും അല്ലാത്തവര്‍ വാറന്‍ ബഫറ്റിനെ പോലുള്ള സ്റ്റോക്ക് ഇന്‍വെസ്റ്റേഴ്‌സ് ആയിരിക്കും. അവരുടെ ജീവിതം, ബിസിനസ്, അവരുണ്ടാക്കിയ പ്രൊഡക്ട്സും ബ്രാന്‍ഡും, വളര്‍ച്ചയുടെ ഓരോ ഘട്ടങ്ങളും എല്ലാവര്‍ക്കും അറിയാമായിരിക്കും. അങ്ങനെയൊന്നും ഇല്ലാത്ത ചിലര്‍ പെട്ടെന്ന് ഉദിച്ച് അതെപോലെ അസ്തമിക്കും. അതില്‍ ഒന്നാണ് അദാനിയുടെ മേല്‍ ഹിന്‍ഡന്‍ബര്‍ഗ് ആരോപിക്കുന്ന സ്റ്റോക്ക് മാനിപ്പുലേഷന്‍,' ഫാറൂഖ് എഴുതുന്ന ലേഖനത്തിന്റെ രണ്ടാം ഭാഗം.

ഗോവയിലെ ഒരു റിസോര്‍ട്ടില്‍ വച്ച് അദാനിയുടെ മകന്‍ കരണ്‍ അദാനി*യുടെ വിവാഹം നടന്നപ്പോള്‍ വി.ഐ.പി അതിഥികളുടെ വലിയൊരു നിരയുണ്ടായിരുന്നു. ആ ലിസ്റ്റില്‍ ഇന്ത്യയിലെ ഏറ്റവും വലിയ പണക്കാര്‍ തുടങ്ങി രാഷ്ട്രീയക്കാര്‍ മുതല്‍ ബാങ്ക് ഉദ്യോഗസ്ഥ മേധാവികള്‍ വരെയുണ്ടായിരുന്നു.

രണ്ടു ദിവസം നീണ്ടു നിന്ന വിവാഹ ചടങ്ങുകളില്‍ മിക്ക അതിഥികളും തലേന്ന് രാത്രി റിസപ്ഷന് വന്നു ഭക്ഷണം കഴിച്ചു വധൂവരന്മാരെ ആശീര്‍വദിച്ചു ഉടനെ തന്നെ തിരിച്ചു പോയി.

പക്ഷെ, അതിഥികളെ മുഴുവന്‍ പുഞ്ചിരിച്ച് സ്വീകരിച്ചും ചടങ്ങിന്റെയും ഭക്ഷണത്തിന്റെയും മേല്‍നോട്ടം വഹിച്ചും ഒരു അമ്മാവനെ പോലെ രണ്ടു ദിവസം മുഴുവനും അദാനിയുടെ ഒരു സുഹൃത്ത് മാത്രം ആ റിസോര്‍ട്ട് മുഴുവന്‍ ഓടി നടക്കുന്നുണ്ടായിരുന്നു ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദി’ (ഫോബ്‌സ് മാസിക റിപ്പോര്‍ട്ടില്‍ നിന്നും)

ലോകത്തിലെ വലിയ പണക്കാരുടെ ലിസ്റ്റ് നോക്കുമ്പോള്‍ നമ്മള്‍ സാധാരണ കാണുന്ന പേരുകള്‍ക്കൊക്കെ പുറകില്‍ ഒരു ബ്രാന്‍ഡോ ഉത്പന്നങ്ങളോ ഒക്കെ കാണും. ബില്‍ഗേറ്റ്‌സിന് മൈക്രോസോഫ്റ്റ് വിന്‍ഡോസ്, ലാറി എല്ലിസന്റെ ഒറാക്കിള്‍, ജെഫ് ബെസോസിന് ആമസോണ്‍, എലോണ്‍ മാസ്‌കിന്റെ ടെസ്‌ല കാറുകള്‍ തുടങ്ങിയവ.

ഇതൊന്നും അല്ലാത്തവര്‍ വാറന്‍ ബഫറ്റിനെ പോലുള്ള സ്റ്റോക്ക് ഇന്‍വെസ്റ്റേഴ്‌സ് ആയിരിക്കും. ഏതായാലും അവരുടെ ജീവിതം, അവരുടെ ബിസിനസ്, അവരുണ്ടാക്കിയ പ്രൊഡക്ട്സും അവയുടെ ബ്രാന്‍ഡും, അവരുടെ വളര്‍ച്ചയുടെ ഓരോ ഘട്ടങ്ങളും എല്ലാവര്‍ക്കും അറിയാമായിരിക്കും. അങ്ങനെയൊന്നും ഇല്ലാത്ത ചിലര്‍ പെട്ടെന്ന് ഉദിച്ച് അതെ പോലെ അസ്തമിക്കും.

അതിനും പല രീതികളുണ്ട്. അതില്‍ പ്രധാനപ്പെട്ട ഒന്നാണ് അദാനിയുടെ മേല്‍ ഹിന്‍ഡന്‍ബര്‍ഗ് ആരോപിക്കുന്ന സ്റ്റോക്ക് മാനിപ്പുലേഷന്‍. സ്റ്റോക്ക് തട്ടിപ്പ് അല്ലെങ്കില്‍ തിരിമറി എന്നൊക്കെയാണ് മലയാളം പത്രങ്ങള്‍ പൊതുവെ എഴുതുക. ആ വിവര്‍ത്തനം അത്ര കൃത്യമല്ല.

ഇപ്പറഞ്ഞ സ്റ്റോക്ക് തട്ടിപ്പ് വിശദീകരിക്കുന്ന വാട്‌സ്ആപ്പ് ഫോര്‍വേഡുകളും യൂട്യൂബ് വീഡിയോകളും നിങ്ങള്‍ കഴിഞ്ഞയാഴ്ച ഒരുപാട് കണ്ടിരിക്കും. സൈക്കിള്‍, പോത്ത്, പപ്പടം മുതല്‍ റോക്കറ്റ് വരെ ഉദാഹരണമാക്കിയുള്ള വീഡിയോകള്‍. ആകെ ബാക്കിയുള്ള പശു വളര്‍ത്തലും ആട് ഫാമും വച്ച് സ്റ്റോക്ക് മാനിപ്പുലേഷന്‍ വിശദീകരിക്കാന്‍ ഇവിടെയും ഒരു ശ്രമം നടത്താം.

ഗൗതം എന്നാണ് നിങ്ങളുടെ പേര്. നിങ്ങള്‍ക്ക് മൂന്നു പശുക്കളുണ്ട്. അതിനെ കറന്നു പാല് വിറ്റ് സുഖമായി ജീവിക്കുന്ന നിങ്ങള്‍ക്ക് ഒരു ദിവസം വലിയൊരു പണക്കാരനാകണമെന്ന ആഗ്രഹം തോന്നുന്നു.

സമ്പാദിച്ചു സമ്പാദിച്ചു കോടീശ്വരനാകണമെന്ന് വെച്ചാല്‍ മൂത്തു നരച്ചു കുഴിയില്‍ പോകത്തേയുള്ളൂ. അതുകൊണ്ട് നിങ്ങള്‍ സ്റ്റോക്ക് മാര്‍ക്കറ്റിലേക്ക് പോവാന്‍ തീരുമാനിക്കുന്നു. നിക്ഷേപകനായല്ല, നിക്ഷേപം സ്വീകരിക്കുന്ന ആളായി.

നിങ്ങള്‍ക്ക് മൂന്നു പശുക്കളുള്ള ഒരു കമ്പനിയുണ്ടെന്നും അതിന്റെ മതിപ്പുവില ഒരു ലക്ഷം രൂപയാണെന്നും അത് നൂറു രൂപയുടെ ആയിരം ഷെയറുകളായി സ്റ്റോക്ക് മാര്‍ക്കറ്റിലൂടെ വില്‍ക്കാന്‍ ഉദ്ദേശമുണ്ടെന്നും നിങ്ങള്‍ സെബിയെ അറിയിക്കുന്നു. ആയിരം ഷെയറില്‍ തൊള്ളായിരം നിങ്ങള്‍ തന്നെ വാങ്ങിവെക്കും, ബാക്കി നൂറെണ്ണം റീടെയ്ല്‍ നിക്ഷേപകര്‍ക്ക് വില്‍ക്കും.

അവിടെയാണ് തട്ടിപ്പിന്റെ തുടക്കം. ഇപ്പോള്‍ നിങ്ങളുടെ കയ്യില്‍ 900 ഷെയര്‍, അതായത് 90,000 രൂപ. നിക്ഷേപകരുടെ കയ്യില്‍ 100 ഷെയര്‍, അതായത് 10,000 രൂപ. സ്റ്റോക്ക് അതേപടി നില്‍ക്കുന്നു, വില ഉയരുന്നില്ല താഴുന്നില്ല. ഇങ്ങനെ മുന്നോട്ട് പോയിട്ടെന്തു കാര്യം എന്ന് വ്യാകുലപ്പെട്ടു നടക്കുമ്പോള്‍ നിങ്ങള്‍ കേതന്‍ പരേഖിന്റെ ട്രിക്കുകള്‍ ഗൂഗിള്‍ ചെയ്തു മനസിലാക്കുന്നു.

കേതന്‍ പരേഖ്

അടുത്ത പടിയായി നിങ്ങള്‍ മൗറീഷ്യസില്‍ കള്ളപ്പണം വെളുപ്പിക്കലും മറ്റു തരികിടയുമായി നടക്കുന്ന വിനോദ് എന്ന നിങ്ങളുടെ സഹോദരനെ വിളിച്ചു പശു കമ്പനിയുടെ സ്റ്റോക്ക് റീടെയ്ല്‍ ഇന്‍വെര്‍‌സ്റ്റേഴ്‌സിന്റെ കയ്യില്‍ നിന്ന് 100 രൂപയ്ക്കു പകരം 1,000 രൂപക്ക് വാങ്ങാന്‍ ആവശ്യപ്പെടുന്നു. അങ്ങനെ നിങ്ങളുടെ കമ്പനി സ്റ്റോക്ക് മൂല്യം പത്തിരട്ടിയായി ഉയരുന്നു.

നിങ്ങളെ പറ്റി പത്രങ്ങളില്‍ വാര്‍ത്തകള്‍ വരുന്നു, യൂട്യൂബ് സ്റ്റോക്ക് ഉപദേശകര്‍ നിങ്ങളുടെ കമ്പനി സ്റ്റോക്ക് വാങ്ങാന്‍ ഉപദേശിക്കുന്നു. ആക്രാന്തം മൂത്ത കുറെ പാവങ്ങള്‍ കെട്ടുതാലി പണയം വച്ചും കിടപ്പാടം വിറ്റും നിങ്ങളുടെ പശു കമ്പനിയുടെ സ്റ്റോക്ക് വാങ്ങുന്നു. അങ്ങനെ വീണ്ടും സ്റ്റോക് വില പിന്നെയും കൂടി 2,000 രൂപയാകുന്നു.

ഇപ്പോള്‍ നിങ്ങളുടെ കയ്യിലുള്ളത് 2,000 ന്റെ 900 സ്റ്റോക്കുകള്‍, അഥവാ 18,00,000 രൂപ. അങ്ങനെ നിങ്ങള്‍ സ്റ്റോക്ക് മാനിപ്പുലേഷനിലൂടെ പണക്കാരനായി. അവിടെ തുടങ്ങുന്നതേയുള്ളു.

നിങ്ങളുടെ കയ്യില്‍ഉള്ള പതിനെട്ട് ലക്ഷത്തിന്റെ സ്റ്റോക്ക് എന്നാല്‍ വെറും കടലാസ് കഷ്ണങ്ങളാണ്, അല്ലെങ്കില്‍ പി.ഡി.എഫ് ഡോക്യുമെന്റുകള്‍. നിങ്ങളുടെ വരുമാനം ഇപ്പോഴും പഴയ പശുവിനെ കറന്നു പാല്‍ വില്‍ക്കുന്ന കാശ് മാത്രമാണ്.

ഷെയറിന് ഉപയോഗമുണ്ടാകണമെങ്കില്‍ അത് പണമായി മാറണം. ഈ കടലാസ് കഷ്ണങ്ങളുമായി നിങ്ങള്‍ ഒരു ബാങ്ക് മാനേജരെ കാണുന്നു. നിങ്ങളുടെ കയ്യില്‍ പതിനെട്ട് ലക്ഷത്തിന്റെ ഷെയര്‍ ഉണ്ടെന്നും അത് പണയം വെച്ച് 15 ലക്ഷം രൂപയെങ്കിലും ലോണ്‍ തരണം എന്നും നിങ്ങള്‍ ബാങ്ക് മാനേജരോട് ആവശ്യപ്പെടുന്നു.

ബാങ്ക് മാനേജര്‍ ചില്ലറക്കാരനല്ല, ബി-ടെക് നാലു കൊല്ലം പഠിച്ച് പിന്നെ രണ്ടു കൊല്ലം സപ്ലി ക്ലിയര്‍ ചെയ്ത്, അത് കഴിഞ്ഞു ഒരു കൊല്ലം ബാങ്ക് എക്‌സാം കോച്ചിങ്ങിനു പോയി ബാങ്ക് ടെസ്റ്റ് പാസ്സായ ആളാണ്. ഫ്രോഡുകളെ കണ്ടാല്‍ ഒറ്റ നോട്ടത്തില്‍ ബാങ്ക് മാനേജര്‍മാര്‍ക്ക് മനസിലാകും.

അയാള്‍ അപ്പോള്‍ തന്നെ നിങ്ങളുടെ അപേക്ഷ വലിച്ചു കീറി ചവറ്റുകൊട്ടയില്‍ ഇട്ടിട്ട് വെറും മൂന്നു പശുക്കളുടെ ആസ്തിയുള്ള നിങ്ങള്‍ക്ക് പതിനഞ്ചു ലക്ഷം ലോണ്‍ തരാന്‍ എന്റെ തലക്ക് ഓളമില്ല എന്ന ഡയലോഗ് കാച്ചുന്നു.

നിരാശനാകാതെ നിങ്ങള്‍ തൊട്ടടുത്ത ടെലിഫോണ്‍ ബൂത്തില്‍ പോയി ദല്‍ഹിയിലുള്ള നിങ്ങളുടെ സുഹൃത്ത് നരേന്ദ്രനെ വിളിക്കുന്നു. നരേന്ദ്രന്‍ ബാങ്ക് മാനേജരെ വിളിച്ചു ജോലിയും പെന്‍ഷനും വാങ്ങി കുടുംബം പോറ്റണമെങ്കില്‍ മര്യാദക്ക് ലോണ്‍ കൊടുക്കാന്‍ പറയുന്നു.

നിങ്ങള്‍ക്ക് 15 ലക്ഷത്തിന്റെ ലോണ്‍ കിട്ടുന്നു. അതില്‍ വിനോദിന്റെയും നരേന്ദ്രന്റെയും ഷെയര്‍ അവരവര്‍ക്ക് കൊടുത്ത് ബാക്കി കുറെ ചിലവാക്കി മിച്ചമുള്ള പൈസ കൊണ്ട് അഞ്ചാറ് ആടിനെ വാങ്ങി ഒരു ആട് ഫാം തുടങ്ങുന്നു. പഴയ പരിപാടി തുടരുന്നു.

ആട് ഫാമിന് 25 ലക്ഷം മൂല്യം കണക്കാക്കി 25 രൂപയുടെ ഒരു ലക്ഷം ഷെയര്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ വില്‍ക്കുന്നു. വിനോദിനെ വിളിക്കുന്നു, നരേന്ദ്രനെ വിളിക്കുന്നു, ലോണ്‍ എടുക്കുന്നു, കോടീശ്വരനാകുന്നു.

അപ്പോഴേക്ക് ഹിന്‍ഡന്‍ബര്‍ഗ് പറഞ്ഞ അടുത്ത പ്രശ്‌നം തുടങ്ങുന്നു. അമിതമായ കടം, അല്ലെങ്കില്‍ കടക്കെണി. നിങ്ങള്‍ക്ക് ഇപ്പോഴും ആസ്തിയായി ആകെയുള്ളത് മൂന്നു പശുവും ആറ് ആടും ആണ്. കടമോ കോടിക്കണക്കിനും.

കടം വീട്ടാതെ പറ്റില്ല. സാധാരണ നാടന്‍ തട്ടിപ്പുകാരുടെ രീതി, ആദ്യത്തെയാളോട് അടുത്ത മാസം മുതല്‍ പത്ത് ശതമാനം റിട്ടേണ്‍ തരാമെന്ന് പറഞ്ഞു കാശ് വാങ്ങും. അടുത്ത മാസം വേറൊരാളെ ഇതേ പരിപാടിയില്‍ ചേര്‍ത്ത് ആദ്യത്തെയാള്‍ക്ക് പറഞ്ഞ ലാഭം കൊടുക്കും.

അടുത്ത മാസം വേറൊരാളോട് വാങ്ങി ആദ്യം പറഞ്ഞ രണ്ടു പേര്‍ക്കും കൊടുക്കും. അവസാനം ഒരു ഘട്ടത്തില്‍ പൊട്ടുന്നത് വരെ ഇത് തുടരും. പോണ്‍സി സ്‌കീം എന്നാണ് ഈ പരിപാടി അറിയപ്പെടുന്നത്, 1920കളില്‍ ബോസ്റ്റണില്‍ ജീവിച്ച ചാള്‍സ് പോണ്‍സി എന്ന മഹാ തട്ടിപ്പുകാരന്റെ പേരിലാണ് ഈ തട്ടിപ്പ് അറിയപ്പെടുന്നത്.

ചാള്‍സ് പോണ്‍സി

പക്ഷെ നിങ്ങളുടെ ബിസിനെസിന് ഈ സ്‌കീം പറ്റില്ല. കാരണം ആകെ നാലഞ്ചു ബാങ്കുകളെ നാട്ടിലുള്ളൂ, അതുകൊണ്ട് തന്നെ തട്ടിപ്പ് അധികകാലം നില്‍ക്കില്ല. ലോണ്‍ തിരിച്ചടച്ചേ പറ്റൂ, വേറെ വഴിയില്ല.

നിങ്ങള്‍ നരേന്ദ്രനെ പിന്നെയും വിളിക്കുന്നു. നരേന്ദ്രന്‍ നിങളുടെ പേരില്‍ ഒരു കല്‍ക്കരി പാടം എഴുതിത്തരുന്നു. അത് വെച്ച് സ്റ്റോക്ക് എക്സ്‌ചേഞ്ചില്‍ പോകുന്നു. മുമ്പ് പറഞ്ഞ പരിപാടി പിന്നെയും നടത്തി പഴയ കടങ്ങള്‍ വീടുന്നു.

നരേന്ദ്രന്‍ പിന്നെ ഒരു തുറമുഖം നിങ്ങള്‍ക്ക് എഴുതി തരുന്നു, പിന്നെ ഒരു എയര്‍പോര്‍ട്ട്, പിന്നെ വേറൊരു തുറമുഖം, വേറൊരു എയര്‍പോര്‍ട്ട്. അവസാനം ധാരാവി വരെ നിങ്ങളുടെ പേരില്‍ എഴുതിത്തരുന്നു. ധാരാവി ധാരാവീന്ന് കേട്ടിട്ടില്ലെ, പണ്ട് മോഹന്‍ലാല്‍ ഒറ്റ രാത്രി കൊണ്ട് കുടിയൊഴിപ്പിച്ച ധാരാവി.

ഇതാണ് ഹിന്‍ഡന്‍ബര്‍ഗ് പറയുന്ന സ്റ്റോക്ക് തട്ടിപ്പിന്റെയും കടക്കെണിയുടെയും പാറ്റേണ്‍. ഇതിലൊന്നാമത്തെ പ്രശനം വളരെ തുച്ഛമായ റീടെയ്ല്‍ ഷെയറുകളാണ്. രണ്ടു കാരണങ്ങള്‍ കൊണ്ട്, കൂടുതല്‍ ഷെയറുകള്‍ പുറത്തുണ്ടെങ്കില്‍ തട്ടിപ്പു നടത്താനുള്ള സാഹചര്യം കുറയും.

ഒന്ന്, കൂടുതല്‍ ഷെയറുകള്‍ പുറത്തുണ്ടെങ്കില്‍ അതില്‍ കൃത്രിമത്വം നടത്താന്‍ ഒരുപാട് പണം വേണം, രണ്ട്, കൃത്രിമത്വം നടത്തിയാല്‍ തന്നെ അതിന്റെ ലാഭം റീടെയ്ല്‍ ഇന്‍വെന്‍സ്റ്റഴ്‌സിന് കൂടെ വീതിച്ചു പോകും. പ്രൊമോട്ടേഴ്സിന് വലിയ കാര്യമുണ്ടാകില്ല.

ഇക്കാരണം കൊണ്ട് തന്നെ തട്ടിപ്പ് കുറക്കാന്‍ ലോകത്തെങ്ങുമുള്ള സ്റ്റോക്ക് എക്സ്‌ചേഞ്ചുകള്‍ മിനിമം ഇത്ര ശതമാനം ഷെയറുകള്‍ പുറത്തു കൊടുക്കണം എന്ന് നിബന്ധന വെക്കും.

ഇന്ത്യയില്‍ അത് 25% ആണ്. അദാനി ഗ്രൂപ്പിലെ പല കമ്പനികളും ഇത് പാലിക്കുന്നില്ല എന്നാണ് സ്റ്റോക്ക് എക്സ്‌ചേഞ്ചിലെ തന്നെ ഡാറ്റ വച്ച് ഹിന്‍ഡബെര്‍ഗ് തെളിയിക്കുന്നത്.]

മാത്രമല്ല പുറത്തു കൊടുത്ത സ്റ്റോക്കുകള്‍ തന്നെ അദാനിയുടെ ബിനാമികള്‍ വാങ്ങി കൈവശം വെച്ചിരിക്കുകയാണ്. അതുകൊണ്ട് തന്നെ അവര്‍ക്ക് എപ്പോള്‍ വേണമെങ്കിലും സ്റ്റോക്ക് വില ഉയര്‍ത്താനും താഴ്ത്താനും കഴിയും. യഥാര്‍ത്ഥ നിക്ഷേപകരുടെ കാര്യം ഗോപി.

ഇത്തരം സ്റ്റോക്ക് മാനിപ്പുലേഷന്‍സ് പിടിക്കുന്നതിനും തടയുന്നതിനും സ്റ്റോക്ക് എക്ചേഞ്ചുകളില്‍ ഒരു പാട് റെഗുലേഷനുകള്‍ ഉണ്ട്. ഇവയൊന്നും സെബി പാലിക്കുന്നില്ല എന്നതും ഒരാരോപണമാണ്. അദാനിയുടെ മകന്റെ അമ്മായിയപ്പനാണ് സെബിയില്‍ മാനിപ്പുലേഷനുകള്‍ നിയന്ത്രിക്കേണ്ട കമ്മിറ്റികളില്‍ ഇരിക്കുന്നത്.

ഇവിടെയാണ് ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടില്‍ അദാനിയും കേതന്‍ പരേഖയുമായുള്ള ബന്ധം കടന്നു വരുന്നത്. സ്റ്റോക്ക് തിരിമറിക്കാരുടെയും തട്ടിപ്പുകാരുടെയും കണ്‍കണ്ട ദൈവമാണ് കേതന്‍ പരേഖ്.

കോര്‍പ്പറേറ്റ് മുതലാളിമാരില്‍ നിന്ന് കള്ളപ്പണവും വെള്ളപ്പണവും വാങ്ങി മുകളില്‍ പറഞ്ഞതുപോലെ സ്റ്റോക്ക് മൂല്യം കൃത്രിമമായി ഉയര്‍ത്തിക്കൊടുക്കുന്ന ജോലിയായിരുന്നു ലളിതമായി പറഞ്ഞാല്‍ ഹര്‍ഷദ് മേഹ്തയുടെ ശിഷ്യന്‍ കൂടിയായ കേതന്‍ പരേഖ് ചെയ്തു കൊണ്ടിരുന്നത്.

ഹര്‍ഷദ് മെഹ്ത

ഉദാഹരണത്തിന് സീ ടെലിഫിലിം എന്ന കമ്പനിയുടെ ഓഹരി മൂല്യം 127ല്‍ നിന്ന് 10,000 ആയി വരെ കേതന്‍ പരേഖ് ഉയര്‍ത്തി കൊടുത്തിരുന്നു. ഇയാളുടെ തട്ടിപ്പുകള്‍ പുറത്തായതിനെ തുടര്‍ന്ന് 2001ല്‍ വന്‍ സ്റ്റോക്ക് എക്ചേഞ്ച് തകര്‍ച്ച ഉണ്ടാകുകയും കേതന്‍ പരേഖ് അറസ്റ്റ് ചെയ്യപ്പെടുകയും ചെയ്തു.

തുടര്‍ന്ന് നിലവില്‍ വന്ന ജോയിന്റ് പാര്‍ലമെന്ററി കമ്മിറ്റി (ജെ.പി.സി) കേതന്‍ പരേഖ് കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും അയാള്‍ക്ക് ഒരു കൊല്ലം തടവു വിധിക്കുകയും സ്റ്റോക്ക് ഏക്‌സ്‌ചേഞ്ചുകളില്‍ നിന്ന് അയാളെ വിലക്കുകയും ചെയ്തു.

ഗുരുവായ ഹര്‍ഷദ് മെഹ്ത ജയിലില്‍ കിടന്നു മരിച്ചു എങ്കിലും കേതന്‍ പരേഖ് ഇപ്പോഴും പല പേരുകളില്‍ തട്ടിപ്പു നടത്തി ജീവിക്കുന്നു എന്നത് ട്രേഡേഴ്‌സിന്റെ ഇടയില്‍ പരസ്യമായ രഹസ്യമാണ്. ആ കേതന്‍ പരേഖ് ആണ് അദാനിയെ സ്റ്റോക്ക് മാനിപ്പുലേഷന് സഹായിക്കുന്ന ആളെന്ന നിലയില്‍ ഹിന്‍ഡന്‍ബെര്‍ഗ് റിപ്പോര്‍ട്ടില്‍ തിരിച്ചുവരുന്നത്.

പൊലീസിന് പിടി കൊടുക്കാതെ ഇന്ത്യയില്‍ നിന്ന് രക്ഷപ്പെട്ട കേതന്‍ പരേഖിന്റെ സഹായിയായ ധര്‍മേഷ് ദോഷിയും നമ്മള്‍ കഴിഞ്ഞ ഭാഗത്തില്‍ പറഞ്ഞ എലോറ ക്യാപിറ്റല്‍ എന്ന മൗറീഷ്യസില്‍ നിന്ന് ഇന്ത്യയിലേക്ക് അദാനിക്ക് വേണ്ടി കുഴല്‍പ്പണം കടത്തുന്നു എന്ന് ഹിന്‍ഡന്‍ബെര്‍ഗ് ആരോപിക്കുന്ന കമ്പനിയുടെ സി.ഇ.ഒ ആയ രാജ് ഭട്ടുമായുള്ള ഇടപാടുകളുടെ വിവരങ്ങള്‍ ഹിന്‍ഡബര്‍ഗ് ലീക് ചെയ്ത ഇ-മൈലുകളിലുണ്ട്.

അദാനിയുടെ 14 കമ്പനികള്‍ കേതന്‍ പരേഖിന്റെ 11 കമ്പനികളിലേക്ക് 3.4 ബില്യണ്‍ രൂപ (75 മില്യണ്‍ ഡോളര്‍) ട്രാന്‍സ്ഫര്‍ ചെയ്തതിന്റെ വിശദാംശങ്ങളും ഹിന്‍ഡന്‍ബെര്‍ഗ് പുറത്തു വിട്ടിട്ടുണ്ട്. ഇത് സ്റ്റോക്ക് മാനിപ്പുലേറ്റ് ചെയ്യാനുള്ള പല ട്രാന്‍സ്ഫറുകളില്‍ ഒന്ന് മാത്രമാണെന്നാണ് അവര്‍ ആരോപിക്കുന്നത്.

( തുടരും )

 

*കരണ്‍ അദാനി വിവാഹം കഴിച്ചത് ‘സിറില്‍ അമര്‍ചന്ദ് മംഗള്‍ ദാസ്’ എന്ന സ്ഥാപനത്തിന്റെ മേധാവി സിറില്‍ ഷ്‌റോഫ് എന്നയാളുടെ മകളെയാണ്. സിറില്‍ ഷ്റോഫിന്റെ മകള്‍, അഥവാ കരണ്‍ അദാനിയുടെ ഭാര്യ പരിധി ഷ്റോഫും ഇതേ കമ്പനിയുടെ പാര്‍ട്ണര്‍മാനാരില്‍ ഒരാളാണ്.

ഈ സ്ഥാപനത്തെ പറ്റി മിക്ക മലയാളികളും കേട്ടിട്ടുണ്ടാവും കാരണം ഈ സ്ഥാപനത്തെയാണ് തിരുവന്തപുരം എയര്‍പോര്‍ട്ടിന് വേണ്ടി കേരള സര്‍ക്കാരിന്റെ ടെണ്ടര്‍ തയ്യാറാക്കാന്‍ പിണറായി സര്‍ക്കാര്‍ ഏല്‍പ്പിച്ചത്.

ടെണ്ടര്‍ സ്വാഭാവികമായും കേരളം തോറ്റു. അദാനി ജയിച്ചു. ഈ കമ്പനി കേരള സര്‍ക്കാരിന്റെ ടെന്‍ഡര്‍ അദാനിക്ക് ചോര്‍ത്തി കൊടുത്തത് കൊണ്ടാണ് കേരളം തോറ്റതെന്ന് അന്ന് ആരോപണം ഉണ്ടായിരുന്നു. ഇങ്ങനെ ഒരു വീഴ്ച സര്‍ക്കാരിന് സംഭവിച്ചത് ഒന്നുകില്‍ ഉദ്യോഗസ്ഥരുടെ നോട്ടക്കുറവായിരിക്കും അല്ലെങ്കില്‍ ഒത്തുകളിയായിരിക്കും.

രണ്ടായാലും ഈ സംഭവം നടന്നയുടനെ ഒരു അന്വേഷണവും നടപടിയും ഉണ്ടാകേണ്ടതായിരുന്നു, കാരണം കേരളത്തിലെ ജനങ്ങള്‍ ടാക്‌സ് കൊടുത്ത പണം കൊണ്ട് കെട്ടിപ്പടുത്ത ഏറ്റവും വലിയ സ്ഥാപനങ്ങളിലൊന്നാണ് കൈവിട്ടു പോയത്.

സംഭവം നടന്ന് മൂന്ന് വര്‍ഷമായി, ഇനിയെങ്കിലും ഈ വീഴ്ചയില്‍ എന്ത് നടപടിയുണ്ടായി എന്ന് ജനങ്ങളോട് വിശദീകരിക്കുനുള്ള ബാധ്യത കേരള മുഖ്യമന്ത്രിക്കുണ്ട്. ചോദിക്കാനുള്ള ബാധ്യത ജനങ്ങള്‍ക്കും. സിറില്‍ ഷ്റോഫ് മറ്റൊരു പദവി കൂടെ അലങ്കരിക്കുന്നുണ്ട്, കോര്‍പറേറ്റുകളുടെ ഫ്രോഡ് പരിപാടികള്‍ കണ്ടു പിടിക്കാനുള്ള സെബിയുടെ കമ്മിറ്റിയില്‍!

 

ഈ ലേഖനത്തിന്റ  ഒന്നാം ഭാഗം ഇവിടെ വായിക്കാം

ഫാറൂഖിന്റെ മറ്റ് ലേഖനങ്ങള്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ.

Content Highlight: Farooq writes on Hindenburg report on Adani, Part 2

 

ഫാറൂഖ്
ഡാറ്റ സെക്യൂരിറ്റി കൺസൾട്ടന്റ് ആയി ജോലി ചെയ്യുന്നു. സഞ്ചാരി. ഒരു ചരിത്ര നോവലിന്റെ പണിപ്പുരയിൽ