കശ്മീർ: ഇന്ത്യ സഖ്യത്തിന് തിരിച്ചടിയുമായി നാഷണൽ കോൺഫറൻസും.
നാഷണൽ കോൺഫറൻസ് പാർട്ടി ജമ്മു കശ്മീരിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് അധ്യക്ഷനും ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയുമായ ഫാറൂഖ് അബ്ദുള്ള. ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കുമ്പോൾ തന്നെ ജമ്മു കശ്മീരിൽ നിയമസഭാ തെരഞ്ഞെടുപ്പും നടന്നേക്കുമെന്ന് അദ്ദേഹം പറഞ്ഞു.
‘സീറ്റ് വിഭജനം സംബന്ധിച്ച് പറയുകയാണെങ്കിൽ, നാഷണൽ കോൺഫറൻസ് ഒറ്റയ്ക്ക് തന്നെ മത്സരിക്കും, അതിൽ യാതൊരു സംശയവുമില്ല,’ വാർത്താ സമ്മേളനത്തിനിടയിൽ അബ്ദുള്ള പറഞ്ഞു.
മൂന്ന് തവണ ജമ്മു കശ്മീരിന്റെ മുഖ്യമന്ത്രിയായിട്ടുള്ള ഫാറൂഖ് അബ്ദുള്ള ഇന്ത്യ സഖ്യത്തിലെ പ്രധാന നേതാക്കളിലൊരാളായിരുന്നു. പ്രതിപക്ഷ സഖ്യത്തിന്റെ എല്ലാ യോഗങ്ങളിലും പങ്കെടുത്തിരുന്ന അദ്ദേഹം പെട്ടെന്ന് ഇങ്ങനെയൊരു തീരുമാനത്തിൽ എത്തിയത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കിയിട്ടില്ല.
ഇന്ത്യ മുന്നണിയിൽ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട ചർച്ചകളിൽ സമവായ ഇല്ലാത്തതിൽ ആശങ്ക പ്രകടിപ്പിച്ച് കഴിഞ്ഞ മാസം അദ്ദേഹം രംഗത്ത് വന്നിരുന്നു. രാജ്യസഭ എം.പിയായ കപ്പിൽ സിബലിന്റെ യൂട്യൂബ് ചാനലിലൂടെ രാജ്യത്തെ രക്ഷിക്കണമെങ്കിൽ അഭിപ്രായ വ്യത്യാസങ്ങൾ മറന്ന് രാജ്യത്തെക്കുറിച്ച് ചിന്തിക്കണമെന്ന് അദ്ദേഹം പറഞ്ഞിരുന്നു.
ഈ മാസം തുടക്കത്തിൽ പഞ്ചാബിൽ ആം ആദ്മി പാർട്ടിക്ക് കോൺഗ്രസസുമായി സഖ്യം ഉണ്ടാകില്ലെന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ പ്രഖ്യാപിച്ചിരുന്നു.
കോൺഗ്രസുമായി ചർച്ചക്കില്ലെന്നും തൃണമൂൽ കോൺഗ്രസ് ലോക്സഭയിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്നും പശ്ചിമ ബെംഗാൾ മുഖ്യമന്ത്രി മമത ബാനർജി പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു പഞ്ചാബ് മുഖ്യമന്ത്രിയും രംഗത്ത് വന്നത്.
Content Highlight: Farooq Abdullah’s Party To Fight Alone In J&K In Another Setback For INDIA