ലഖ്‌നൗ: ലഖിംപൂര്‍ ഖേരിയിലെ കര്‍ഷക പ്രക്ഷോഭങ്ങള്‍ ഉത്തര്‍പ്രദേശില്‍ ഭരണമാറ്റം കൊണ്ടുവരുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദീപിന്ദര്‍ സിംഗ് ഹൂഡ. പത്ത് വര്‍ഷം മുന്‍പുള്ള ഭട്ട പര്‍സൗള്‍ പോലെ കര്‍ഷകര്‍ സര്‍ക്കാരിനെ താഴെയിറക്കുമെന്നും അദ്ദേഹം പറഞ്ഞു.
‘ഞാന്‍ ഭട്ട പര്‍സൗള്‍ സമരത്തിന്റെ ഭാഗമായിരുന്നു. അന്ന് നടത്തിയ പദയാത്രയില്‍ ഞാന്‍ പങ്കെടുത്തിരുന്നു. അന്നത്തെ ബി.എസ്.പി സര്‍ക്കാരും ഇതുപോലെ കര്‍ഷകര്‍ക്കെതിരെയായിരുന്നു. കര്‍ഷകരുടെ ആത്മാഭിമാനത്തെ വരെ അവരന്ന് ചോദ്യം ചെയ്തു. ഇപ്പോള്‍ അതേ അവസ്ഥ തന്നെയാണ് വീണ്ടും ഉടലെടുത്തിട്ടുള്ളത്.
ഭട്ട പര്‍സൗള്‍ സമരത്തിന് ശേഷം ഉത്തര്‍പ്രദേശില്‍ ഭരണമാറ്റം ഉണ്ടായി. അതുപോലെ ഇപ്പോള്‍ ഉത്തര്‍പ്രദേശില്‍ ഭരണം മാറുന്ന സ്ഥിതി വരും’ ഹൂഡ പി.ടി.ഐയോട് പറഞ്ഞു.
കര്‍ഷകരുടെ സ്ഥലം പിടിച്ചടക്കുന്നതുമായി ബന്ധപ്പെട്ടാണ് 2011ല്‍ ഭട്ട പര്‍സൗള്‍ സമരം അരങ്ങേറിയത്. അന്നത്തെ ബി.എസ്.പി സര്‍ക്കാരിന്റെ തകര്‍ച്ചയ്ക്കാണ് സമരം കാരണമായത്.
ബി.ജെ.പി സര്‍ക്കാര്‍ കര്‍ഷകരെ വഞ്ചിക്കുകയാണെന്നും കര്‍ഷകര്‍ക്ക് വേണ്ടി ഒന്നും തന്നെ ചെയ്തിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
‘കര്‍ഷകര്‍ക്ക് വേണ്ടി തങ്ങള്‍ ഒരുപാട് കാര്യങ്ങള്‍ ചെയ്തുവെന്നാണ് മോദിയും ബി.ജെ.പി സര്‍ക്കാരും അവകാശപ്പെടുന്നത്. അവര്‍ കര്‍ഷകര്‍ക്കായി ഇത്രയധികം കാര്യങ്ങള്‍ ചെയ്തിട്ടുണ്ടെങ്കില്‍ കര്‍ഷകര്‍ക്ക് തെരുവില്‍ സമരം ചെയ്യേണ്ടി വരില്ലായിരുന്നു,’ ഹൂഡ പറഞ്ഞു.
ലഖിംപൂര്‍ ഖേരിയിലേക്കുള്ള യാത്രയ്ക്കിടെ ദീപിന്ദര്‍ സിംഗ് ഹൂഡ, പ്രിയങ്ക ഗാന്ധി തുടങ്ങിയ നേതാക്കളെ പൊലീസ് സീതാപൂരില്‍ തടഞ്ഞു വെച്ചിരിക്കുകയാണ്.
കഴിഞ്ഞ ദിവസമാണ് കാര്‍ഷിക ബില്ലുകള്‍ക്കെതിരെ നടന്ന കര്‍ഷകരുടെ പ്രതിഷേധത്തിനിടയിലേക്ക് കാര്‍ ഇടിച്ചു കയറിയത്. നാല് കര്‍ഷകരുള്‍പ്പെടെ എട്ടുപേരാണ് അപകടത്തില്‍ കൊല്ലപ്പെട്ടത്. കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്ര വാഹനം ഇടിച്ചുകയറ്റി കര്‍ഷകരെ കൊലപ്പെടുത്തുകയായിരുന്നെന്നാണ് കര്‍ഷക സംഘടനകള്‍ ആരോപിക്കുന്നത്
സംഭവത്തില്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്രയടക്കം 14 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. കൊലപാതകം, ക്രിമിനല്‍ ഗൂഢാലോചന, കലാപമുണ്ടാക്കല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.