ജന ഗണ മന എന്ന ചിത്രത്തിന് ശേഷം ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് മലയാളി ഫ്രം ഇന്ത്യ. ജന ഗണ മനയിലെപ്പോലെ ഇന്ത്യയിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ പ്രമേയമാക്കി അതില്‍ നിന്നും വ്യത്യസ്തമായി സര്‍ക്കാസ്റ്റിക്കായ രീതിയില്‍ രാജ്യത്തും കേരളത്തിലും നടക്കുന്ന ചില രാഷ്ട്രീയ വിഷയങ്ങള്‍ കോര്‍ത്തിണക്കിയാണ് മലയാളി ഫ്രം ഇന്ത്യ ഒരുക്കിയത്. ഒ.ടി.ടി റിലീസിന് പിന്നാലെ സിനിമ മുന്നോട്ടുവെച്ച പ്രമേയം വിവിധ തലത്തില്‍ ചര്‍ച്ചയിലേക്കെത്തുന്നുണ്ട്.
സിനിമയുടെ തുടക്കം മുതല്‍ തന്നെ ഇന്ന് രാജ്യം അഭിമുഖീകരിക്കുന്ന പല പ്രശ്‌നങ്ങളിലേക്കും സംവിധായകന്‍ പ്രേക്ഷകരെ കൂട്ടിക്കൊണ്ടുപോകുകയാണ്. ആല്‍പ്പറമ്പില്‍ ഗോപിയെന്ന സംഘിയും കടുത്ത വലതുപക്ഷക്കാരനായ സുഹൃത്ത് മല്‍ഘോഷും തമ്മിലുള്ള ചില രാഷ്ട്രീയ സംഭാഷണങ്ങളിലൂടെയാണ് സിനിമ തുടങ്ങുന്നത്.
പത്രം വായിക്കുന്ന ഗോപി കര്‍ഷക സമരം നൂറാം ദിവസത്തിലേക്ക് എന്ന വാര്‍ത്ത കാണുമ്പോള്‍ ഇവറ്റകളെയൊക്കെ തല്ലിയോടിക്കണമെന്നും രാജ്യത്തിന്റെ പേര് നശിപ്പിക്കുകയാണെന്നുമാണ് പറയുന്നത്.
2020 സെപ്റ്റംബര്‍ 14 നാണ് കാര്‍ഷിക നിയമത്തിന്റെ ഓര്‍ഡിനന്‍സ് പാര്‍ലമെന്റിലെത്തുന്നത്. സെപ്റ്റംബര്‍ 17 ന് ഓര്‍ഡിനന്‍സ് ലോക്‌സഭയും സെപ്റ്റംബര്‍ 20 ന് രാജ്യസഭയിലും ശബ്ദ വോട്ടോടെ കര്‍ഷക നിയമം പാസാക്കിയത്. പിന്നാലെ പഞ്ചാബില്‍ നിന്ന് നിയമങ്ങള്‍ക്കെതിരെ ആദ്യ സമരമുണ്ടായി. കര്‍ഷക സമരത്തോട് വലിയ അസഹിഷ്ണുതയോടെയായിരുന്നു സര്‍ക്കാരും സര്‍ക്കാരിന് നേതൃത്വം നല്‍കുന്ന ബി.ജെ.പിയും പെരുമാറിയിരുന്നത്.
തിരുവനന്തപുരത്ത് പാര്‍ട്ടി പരിപാടിയില്‍ പങ്കെടുത്ത് മടങ്ങുന്ന ഗോപി പാര്‍ട്ടിയുടെ പ്രമുഖ നേതാവ് പങ്കെടുത്ത പരിപാടിയില്‍ ശംഖുമുഖം മനുഷ്യക്കടലായെന്നാണ് മല്‍ഘോഷിനോട് പറയുന്നത്.
മാത്രമല്ല നമ്മുടെ ഇപ്പോഴത്തെ വളര്‍ച്ചാ നിരക്ക് 12 ശതമാനമാണെന്ന് അഭിമാനത്തോടെ ഗോപി പറയുന്നുണ്ട്, ജി.ഡി.പി 204 ലക്ഷം കോടി രൂപയാണെന്നും ഇതൊക്കെ അങ്ങേര്‍ പറഞ്ഞപ്പോള്‍ രോമം എഴുന്നേറ്റ് നിന്നെന്നുമാണ് ഗോപി പറയുന്നത്.
എന്നാല്‍ ചായകുടിക്കാന്‍ പോലും കയ്യില്‍ കാശില്ലെന്നും ആകെ പതിനെട്ട് രൂപയേ ഉള്ളൂ എന്നും മല്‍ഘോഷ് തിരിച്ചടിക്കുമ്പോള്‍ ഗോപി ഞെട്ടുന്നുണ്ട്. സ്വന്തം പോക്കറ്റില്‍ എത്ര കാശുണ്ടെന്ന് താന്‍ ചോദിക്കുന്നില്ലെന്ന് കൂടി മല്‍ഘോഷ് പറയുന്നു.
മസാലദോശയ്ക്ക് 40 രൂപ ചായയ്ക്ക് 10 രൂപ എന്ന് പറഞ്ഞപ്പോള്‍ ചായയ്ക്ക് 8 ആയിരുന്നില്ലേയെന്ന് ഗോപി തിരുത്തുന്നു. നീ പറഞ്ഞ ഡി.ജി.പി കൂടിയപ്പോള്‍ ചായയുടെ വിലയും കൂടിയെന്നാണ് ഇതിന് മല്‍ഘോഷ് നല്‍കുന്ന മറുപടി.
വിലക്കയറ്റമുണ്ടെങ്കിലേ വളര്‍ച്ചയുണ്ടാകൂവെന്നും ഭാരത് മാതാ കീ ജയ് എന്നും വിളിച്ച് ആ സംസാരം പതുക്കെ അവസാനിപ്പിച്ച് ഇരുവരും സൈക്കിളില്‍ യാത്ര തുടരുകയാണ്.
തുടര്‍ന്നുള്ള രംഗത്തില്‍ വിധവാ പെന്‍ഷനും വാര്‍ധക്യ പെന്‍ഷനും കൊടുക്കുന്നതുപോലെ സര്‍ക്കാര്‍ അവിവാഹിതരായ യുവാക്കള്‍ക്ക് കൂടി പെന്‍ഷന്‍ കൊടുക്കണമെന്നാണ് ഒരു പണിക്കും പോകാത്ത ഗോപി പറയുന്നത്. ഗോപി സ്റ്റോക്ക് ചെയ്യുന്ന പെണ്‍കുട്ടി പി.എസ്.സി പഠിക്കാന്‍ ചേര്‍ന്നിട്ടും അതുകൊണ്ട് നിനക്ക് പെന്‍ഷന്‍ വേണ്ടി വരില്ലെന്നും പറഞ്ഞ് ഗോപിയ്ക്ക് അടുത്ത കൊട്ട് കൊടുക്കുകയാണ് മല്‍ഘോഷിന്റെ കഥാപാത്രം.
നിവിന്‍ പോളി-ധ്യാന്‍ ശ്രീനിവാസന്‍ കോമ്പോ ചിത്രത്തില്‍ പലയിടങ്ങളിലും ചിരിയ്ക്ക് വഴിയൊരുക്കുന്നുണ്ട്. കടുത്ത വലതുപക്ഷക്കാരായ ഇരുവരുയേും കഥാപാത്രങ്ങളിലൂടെ സംഘപരിവാറിനേയും ഒരു ശരാശരി ആര്‍.എസ്.എസുകാരന്റെ ചിന്തകളേയും പ്രേക്ഷകരിലെത്തിക്കുകയാണ് ഡിജോ.
Content Highlight: Farmers Protest Dialogue From Malayali From India Movie