കര്‍ഷക ബില്‍; ഉത്തരേന്ത്യയില്‍ കര്‍ഷക പ്രതിഷേധം ശക്തമാകുന്നു; സെപ്തംബര്‍ 24 മുതല്‍ ട്രെയിന്‍ തടഞ്ഞ് കൊണ്ട് സമരം
national news
കര്‍ഷക ബില്‍; ഉത്തരേന്ത്യയില്‍ കര്‍ഷക പ്രതിഷേധം ശക്തമാകുന്നു; സെപ്തംബര്‍ 24 മുതല്‍ ട്രെയിന്‍ തടഞ്ഞ് കൊണ്ട് സമരം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 18th September 2020, 2:42 pm

അമൃത്സര്‍: പാര്‍ലമെന്റ് പാസാക്കിയ കര്‍ഷക ബില്ലിനെതിരെ ഉത്തരേന്ത്യയില്‍ പ്രതിഷേധം കനക്കുന്നു. പഞ്ചാബ്, ഹരിയാന, മഹാരാഷ്ട്ര, എന്നീ സംസ്ഥാനങ്ങളിലെ കര്‍ഷകര്‍ ബില്ലിനെതിരെ സമരരംഗത്തേക്ക് നേരിട്ട് ഇറങ്ങിയിട്ടുണ്ട്.

ഫാര്‍മേഴ്‌സ് പ്രൊഡ്യൂസ് ട്രേഡ് ആന്‍ഡ് കൊമേഴ്‌സ് ബില്‍ 2020, ദി ഫാര്‍മേഴ്‌സ് (എംപവര്‍മെന്റ് ആന്‍ഡ് പ്രൊട്ടക്ഷന്‍) അഗ്രീമെന്റ് ഓഫ് പ്രൈസ് അഷുറന്‍സ് ആന്‍ഡ് ഫാം സര്‍വീസസ് ബില്‍ 2020 എന്നിവയാണ് പാസാക്കിയ ബില്ലുകള്‍. അതില്‍ എസന്‍ഷ്യല്‍ കൊമ്മോഡിറ്റീസ്(അമന്‍ഡ്‌മെന്റ്) ബില്‍ നേരത്തെ പാസാക്കിയിരുന്നു.

ഈ മൂന്ന് ബില്ലുകളും ഇപ്പോള്‍ ലോക് സഭയില്‍ കൂടി പാസാക്കിയതോടെയാണ് പ്രക്ഷോഭം ശക്തമാക്കിയിരിക്കുന്നത്. സെപ്തംബര്‍ 24ന് പഞ്ചാബില്‍ ട്രെയിന്‍ തടയുമെന്ന് കര്‍ഷക സംഘടനകള്‍ അറിയിച്ചിട്ടുണ്ട്.

സെപ്തംബര്‍ 24 മുതല്‍ 26 വരെയാണ് ട്രെയിന്‍ തടയല്‍ സമരം നടത്തുന്നതെന്ന് കിസാന്‍ മസ്ദൂര്‍ സംഘര്‍ഷ് കമ്മിറ്റി ജനറല്‍ സെക്രട്ടറി സര്‍വാന്‍ സിംഗ് പാന്ദേര്‍ പറഞ്ഞതായി എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു.

                                                                     വ്യാഴാഴ്ച പട്യാലയില്‍ വെച്ച് നടന്ന കര്‍ഷക പ്രതിഷേധം

 

‘ബില്‍ കര്‍ഷകരെ സഹായിക്കുമെന്ന്  പറയുന്നത് കള്ളമാണ്. സത്യത്തില്‍ ഞങ്ങള്‍ കോര്‍പറേറ്റുകളുടെ കയ്യിലെ പണയവസ്തുവായി മാറും. പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ഞങ്ങളുടെ ആവശ്യം കേള്‍ക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയാണ്. മാത്രമല്ല രാജ്യത്തുടനീളമുള്ള എല്ലാ കര്‍ഷകരോടും ഈ പ്രതിഷേധത്തില്‍ പങ്കാളികളാകാനും ഞങ്ങള്‍ ആവശ്യപ്പെടുകയാണ്,’സര്‍വാന്‍ സിംഗ് പാന്ദേര്‍ അറിയിച്ചു.

കോണ്‍ഗ്രസ്, സി.പി.ഐ.എം, തൃണമൂല്‍ കോണ്‍ഗ്രസ്, ആര്‍.എസ്.പി, തുടങ്ങിയവര്‍ ബില്ലിനെതിരെ രംഗത്തിയിട്ടുണ്ട്,. കര്‍ഷകരുടെ സമരത്തിന് ഇപ്പോഴും കൃത്യമായ നേതൃത്വമില്ല. എന്നാല്‍ കര്‍ഷകരെ ഏകോപിപ്പിച്ച് ബില്ലിനെതിരായ സമരത്തിന് നേതൃത്വം നല്‍കുമെന്ന് സി.പി.ഐ.എം അറിയിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം പാര്‍ലമെന്റിന് മുന്നില്‍ ബില്‍ കത്തിച്ച് കോണ്‍ഗ്രസ് എം.പിമാര്‍ പ്രതിഷേധിച്ചിരുന്നു. കോണ്‍ഗ്രസ് എം.പിമാരായ ജസ്ബീര്‍ സിംഗ് ഗില്‍, രണ്‍വീത് സിംഗ് ബിട്ടു, അമര്‍ സിംഗ് എന്നിവരാണ് പാര്‍ലമെന്റിന് പുറത്ത് വെച്ച് ബില്ലുകള്‍ പരസ്യമായി കത്തിച്ചത്. ബില്ലിനെതിരെ പ്രതിഷേധം ശക്തമാക്കുമെന്നും ഏതുവിധേനയും എതിര്‍ക്കുമെന്നും എം.പിമാര്‍ വ്യക്തമാക്കി.

കര്‍ഷകരെയും അവരുടെ മണ്ണിനെയും കൊല്ലാന്‍ ശ്രമിച്ചാല്‍ ബി.ജെ.പിയുടെ ചാരമായിരിക്കും അന്തിമ ഫലമെന്നും എം.പിമാര്‍ പറഞ്ഞു.

കര്‍ഷക ബില്ലുമായി ബന്ധപ്പെട്ട പ്രതിപക്ഷ പ്രതിഷേധം ശക്തമാകുന്നതിനിടെ കേന്ദ്ര മന്ത്രി ഹര്‍സിമ്രത് കൗര്‍ ബാദല്‍ രാജിവെച്ചു. കര്‍ഷക ബില്ലിന്റെ വോട്ടിംഗ് ലോക്സഭയില്‍ നടക്കാനിരിക്കെയായിരുന്നു ഇവരുടെ രാജി. അതേസമയം പഞ്ചാബിലെ കര്‍ഷകരെ പറ്റിക്കാനുള്ള ഗിമ്മിക്കാണ് കേന്ദ്രമന്ത്രി ഹര്‍സിമ്രത് കൗറിന്റെ രാജിയെന്ന് പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് പ്രതികരിച്ചു.

 

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Farmers increasing protest over farm bills in north India