ന്യൂദല്‍ഹി: കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പ്രത്യേകമായൊരു ബജറ്റ് നടത്തണമെന്ന് കര്‍ഷക നേതാവ് രാകേഷ് ടികായത്. കര്‍ഷകരുടെ കടങ്ങള്‍ എഴുതി തള്ളണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കര്‍ഷകര്‍ക്ക് സൗജന്യമായി വൈദ്യുതി നല്‍കുന്ന പദ്ധതി തയ്യാറാക്കണമെന്നും അദ്ദേഹം പറഞ്ഞു.
‘കര്‍ഷകര്‍ക്ക് കൃത്യമായ വേതനം നല്‍കുന്നതിനായി മഹാത്മാ ഗാന്ധി എംപ്ലോയ്‌മെന്റ് ഗ്യാരന്റീ ആക്ടിന് കീഴില്‍ കാര്‍ഷിക വൃത്തിക്ക് ഒരു പ്രത്യേക ഫണ്ട് അനുവദിക്കണം,’ അദ്ദേഹം പറഞ്ഞു.
പ്രധാന്‍മന്ത്രി കിസാന്‍ സമ്മാന്‍ നിധി പദ്ധതി പ്രകാരം കര്‍ഷകരുടെ വരുമാനം ഉയര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു.
വിളകളുടെ വിലയില്‍ വര്‍ധനവ് ഉണ്ടാക്കിയിട്ട് കാര്യമില്ലെന്നും കര്‍ഷകരുടെ വെള്ളം, വൈദ്യുതി തുടങ്ങിയ കാര്യങ്ങളിലും സര്‍ക്കാര്‍ കാര്യമായ ഇടപെടലുകള്‍ നടത്തിയാല്‍ മാത്രമേ ഈ മേഖലയ്ക്ക് പുരോഗതിയുണ്ടാകൂ എന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്രത്തിന്റെ ബജറ്റ് പ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്രം പാസാക്കിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ രണ്ട് മാസത്തിലേറെയായി തെരുവില്‍ പ്രതിഷേധിക്കുകയാണ് കര്‍ഷകര്‍. ഇതുവരെയും കാര്‍ഷിക നിയങ്ങള്‍ പിന്‍വലിക്കുന്നത് സംബന്ധിച്ച് അന്തിമമായ ഒരു തീരുമാനം കേന്ദ്രം എടുത്തിട്ടില്ല.
കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാതെ സമരത്തില്‍ നിന്ന് പന്‍മാറില്ലെന്ന ഉറച്ച തീരുമാനത്തിലാണ് കര്‍ഷകര്‍.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക