Cricket
ഇവനെയൊക്കെ എന്തിനാ ട്വന്റി-20 ക്രിക്കറ്റില്‍ കളിപ്പിക്കുന്നത്; ഇന്ത്യന്‍ സൂപ്പര്‍താരത്തെ ടീമില്‍ ഉള്‍പ്പെടുത്തിയതിന് ആരാധകരുടെ വിമര്‍ശനം
സ്പോര്‍ട്സ് ഡെസ്‌ക്
2022 Jul 14, 11:42 am
Thursday, 14th July 2022, 5:12 pm

ഈ മാസം ആരംഭിക്കുന്ന ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ട്വന്റി പരമ്പരയക്കുള്ള ടീമിനെ വ്യാഴാഴ്ചയാണ് പ്രഖ്യാപിച്ചത്. മുന്‍ നായകന്‍ വിരാട് കോഹ്‌ലിയില്ലാത്തതാണ് ടീം പ്രഖ്യാപനത്തിലെ കൗതുകം.

ഇന്ത്യന്‍ ഇതിഹാസ സ്പിന്നര്‍ ആര്‍. അശ്വിനെ ടീമില്‍ ഉള്‍പ്പടുത്തിയിട്ടുണ്ട്. ഇന്ത്യന്‍ ടി-20 സെറ്റപ്പില്‍ സ്ഥിരാംഗമല്ലാത്ത താരമാണ് അശ്വിന്‍. ടീമിന്റെ ട്വന്റി-20 ചര്‍ച്ചകളില്‍ പോലും അശ്വിന്‍ ഉണ്ടാകാറില്ല. എന്നിട്ടും അശ്വിന്‍ ടീമില്‍ ഇടം നേടിയിരിക്കുകയാണ്.

2017 ജൂലൈ മുതല്‍ നാല് വര്‍ഷത്തിലേറെയായി വൈറ്റ്‌ബോള്‍ ക്രിക്കറ്റില്‍ ദേശീയ സെലക്ടര്‍മാരിലും ടീം മാനേജ്മെന്റിന്റെ സ്‌കീമിലും അശ്വിന്‍ ഇല്ലായിരുന്നു. എന്നാല്‍ 2021 ലെ ഐ.സി.സി ടി20 ലോകകപ്പിലേക്ക് അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടിരുന്നു. നവംബറില്‍ ന്യൂസിലാന്‍ഡിനെതിരെ ഇന്ത്യയില്‍ നടന്ന ടി-20 പരമ്പരയിലും അദ്ദേഹം കളിച്ചിരുന്നു.

ടെസ്റ്റ് ക്രിക്കറ്റ് ഇതിഹാസമാണ് അശ്വിന്‍, എന്നാല്‍ താരം ടി-20 സ്‌ക്വാഡില്‍ ഇടം നേടുന്നത് ആരാധകര്‍ക്ക് ഇഷ്ടപ്പെടുന്നില്ല. ട്വിറ്ററിലും മറ്റു സോഷ്യല്‍ മീഡിയയിലും അദ്ദേഹത്തിനെ എന്തിനാണ് ട്വന്റി-20യില്‍ കളിപ്പിക്കുന്നതെന്നാണ് ആരാധകര്‍ ചോദിക്കുന്നത്.

അശ്വിന്‍ ഇതുവരെ കളിച്ച 51 ടി-20കളില്‍ നിന്ന് 61 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തെ ടി-20 ലോകകപ്പില്‍ പാകിസ്ഥാന്‍, ന്യൂസിലാന്‍ഡ് എന്നിവയ്ക്കെതിരായ ഗ്രൂപ്പ് മത്സരങ്ങള്‍ക്കുള്ള ഇന്ത്യയുടെ പ്ലേയിംഗ് ഇലവനില്‍ ആര്‍.അശ്വിനെ ഉള്‍പ്പെടുത്തിയിരുന്നില്ല.

ഒരുപാട് സ്പിന്നര്‍മാര്‍ ക്യൂ നില്‍ക്കുന്ന ഇന്ത്യന്‍ ടീമില്‍ താരം എങ്ങനെയാണ് തന്റേതായ സ്ഥാനം ഉണ്ടാക്കുന്നതെന്ന് കണ്ടറിയണം.

 

Content Highlights: Fans Slams Selection Committee for selection of R Ashwin