Football
'വഞ്ചകന്‍'; അവനെ പുറത്താക്കാതെ ബാഴ്‌സലോണ ഗതി പിടിക്കില്ല; ബാഴ്‌സലോണ താരത്തിനെതിരെ ആരാധകര്‍
സ്പോര്‍ട്സ് ഡെസ്‌ക്
2023 Jun 05, 09:53 am
Monday, 5th June 2023, 3:23 pm

ലാ ലിഗയില്‍ തിങ്കളാഴ്ച നടന്ന മത്സരത്തില്‍ ബാഴ്‌സലോണ തോല്‍വി വഴങ്ങിയിരുന്നു. സെല്‍റ്റ വിഗോയ്‌ക്കെതിരായ മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു ബാഴ്‌സയുടെ തോല്‍വി. വിഗോയ്ക്കായി ഗാബ്രി വെയ്ഗ രണ്ട് തവണ വല കുലുക്കിയപ്പോള്‍ അന്‍സു ഫാറ്റിയാണ് ബാഴ്‌സക്കായി ആശ്വാസ ഗോള്‍ നേടിയത്.

മത്സരത്തില്‍ ഡിഫന്‍സീവ് മിഡ്ഫീല്‍ഡറായി ബാഴ്‌സലോണ പരിശീലകന്‍ എറിക് ഗാര്‍ഷ്യയെ ഇറക്കിയിരുന്നു. എന്നാല്‍ മൂന്ന് തവണ അവസരങ്ങള്‍ നഷ്ടപ്പെടുത്തിയ സ്പാനിഷ് താരത്തിന് മത്സരത്തില്‍ മികവ് പുലര്‍ത്താന്‍ സാധിച്ചിരുന്നില്ല. അവസരങ്ങള്‍ പാഴാക്കിയതിന് പിന്നാലെ കളിയുടെ 72ാം മിനിട്ടില്‍ ഗാര്‍ഷ്യയെ പിന്‍വലിച്ച് പാബ്ലോ ടോറെയെ സാവി കളത്തിലിറക്കുകയായിരുന്നു.

ലാ ലിഗ ചാമ്പ്യന്‍മാര്‍ ഞെട്ടിക്കുന്ന തോല്‍വിയാണ് വിഗോയ്‌ക്കെതിരായ മത്സരത്തില്‍ ഏറ്റുവാങ്ങിയത്. മത്സരത്തിന് ശേഷം ഗാര്‍ഷ്യയെ വിമര്‍ശിച്ച് നിരവധി ആരാധകരാണ് രംഗത്തെത്തിയത്. ഗാര്‍ഷ്യയെ എപ്പോള്‍ കളത്തിലിറക്കിയാലും മത്സരം തോല്‍ക്കുന്ന സ്ഥിതിയാണുണ്ടായിട്ടുള്ളതെന്നും അദ്ദേഹം വഞ്ചകനാണെന്നും ആരാധകരില്‍ ചിലര്‍ ട്വീറ്റ് ചെയ്തു.

ജീവിത്തില്‍ കണ്ടതില്‍ വെച്ച് ഏറ്റവും മോശം കളിക്കാരനാണ് ഗാര്‍ഷ്യയെന്നും അവനെ പുറത്താക്കിയാല്‍ മാത്രമെ ബാഴ്‌സ ഗതി പിടിക്കൂ എന്നും ട്വീറ്റുകളുണ്ട്. യൂറോപ്യന്‍ ഫുട്‌ബോളില്‍ ഗാര്‍ഷ്യയെ കാണാന്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹത്തെ ബാഴ്‌സ ഉടന്‍ വില്‍ക്കണമെന്നും ചിലര്‍ ട്വീറ്റ് ചെയ്തു.

അതേസമയം, ലാ ലിഗയില്‍ ഇതുവരെ കളിച്ച 38 മത്സരങ്ങളില്‍ നിന്ന് 28 ജയവും നാല് തോല്‍വിയുമായി 88 പോയിന്റോടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ് ബാഴ്‌സ. അത്രത്തന്നെ മത്സരങ്ങളില്‍ നിന്ന് 23 ജയവും ആറ് തോല്‍വിയുമായി 10 പോയിന്റ് വ്യത്യാസത്തില്‍ റയല്‍ മാഡ്രിഡ് ആണ് രണ്ടാം സ്ഥാനത്ത്.

ജൂണ്‍ ആറിന് വിസല്‍ കോബക്കെതിരെയാണ് ബാഴ്‌സലോണയുടെ അടുത്ത മത്സരം.

Content Highlights: Fans slams Barcelona player Eric Garcia after the lose against Celta Vigo