Advertisement
Sports News
എന്തിയേ, ഇടം കയ്യന്‍ ബാറ്ററുടെ മായാജാലം എന്തിയേ? അപ്പോഴേ പറഞ്ഞതാ സഞ്ജു ടീമിലുണ്ടാവണമെന്ന്; പന്തിന്റെ പരാജയത്തില്‍ പോര് തുടങ്ങി സോഷ്യല്‍ മീഡിയ
സ്പോര്‍ട്സ് ഡെസ്‌ക്
2022 Nov 06, 10:56 am
Sunday, 6th November 2022, 4:26 pm

ഇന്ത്യ – സിംബാബ്‌വേ മത്സരത്തില്‍ ഇന്ത്യ വിജയലക്ഷ്യം കുറിച്ചിരിക്കുകയാണ്. നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 186 റണ്‍സാണ് ഇന്ത്യ നേടിയിരിക്കുന്നത്.

ഓപ്പണര്‍ കെ.എല്‍. രാഹുലിന്റെയും സൂര്യകുമാര്‍ യാദവിന്റെയും അര്‍ധ സെഞ്ച്വറിയുടെ കരുത്തിലാണ് ഇന്ത്യ 186 റണ്‍സ് നേടിയത്. രാഹുല്‍ 35 പന്തില്‍ നിന്നും 51 റണ്‍സ് നേടിയപ്പോള്‍ 25 പന്തില്‍ നിന്നും ആറ് ബൗണ്ടറിയും നാല് സിക്‌സറുമടക്കം 61 റണ്‍സാണ് സൂര്യകുമാര്‍ നേടിയത്.

ദിനേഷ് കാര്‍ത്തിക്കിനെ പുറത്തിരുത്തി വിക്കറ്റ് കീപ്പറുടെ റോളിലേക്ക് ഇന്ത്യ റിഷബ് പന്തിനെ പരിഗണിച്ച മത്സരം കൂടിയായിരുന്നു ഇത്. ഇടം കയ്യന്‍ ബാറ്റര്‍ എന്ന പ്രിവിലേജുമായി ടീമിലെത്തിയ പന്ത് വാം അപ് മത്സരങ്ങളിലേതെന്ന പോലെ ഈ മത്സരത്തിലും പരാജയമായി.

60 എന്ന സ്‌ട്രൈക്ക് റേറ്റില്‍ അഞ്ച് പന്തില്‍ നിന്നും മൂന്ന് റണ്‍സ് മാത്രമാണ് പന്ത് നേടിയത്. സീന്‍ വില്യംസിന്റെ പന്തില്‍ റയാന്‍ ബേളിന് ക്യാച്ച് നല്‍കിയാണ് പന്ത് മടങ്ങിയത്.

റിഷബ് പന്ത് വീണ്ടും പരാജയമായതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ താരത്തിനെതിരെ വിമര്‍ശനമുയരുകയാണ്. നിരവധി ആരാധകരാണ് താരത്തിന്റെ പ്രകടനത്തില്‍ അതൃപ്തി രേഖപ്പെടുത്തിക്കൊണ്ട് രംഗത്തെത്തിയിരിക്കുന്നത്.

താന്‍ ടി-20 ഫോര്‍മാറ്റിന് പറ്റിയവനല്ല എന്ന് പന്ത് ഒരിക്കല്‍ക്കൂടി തെളിയിച്ചിരിക്കുകയാണെന്നും ലെഫ്റ്റ് ഹാന്‍ഡര്‍ ബാറ്ററുടെ മായാജാലം എവിടെയെന്നും ആരാധകര്‍ ചോദിക്കുന്നു.

റിഷബ് പന്തിന് പകരം സഞ്ജു സാംസണ്‍ ടീമില്‍ ഉണ്ടാവണമായിരുന്നുവെന്നും സഞ്ജുവിന്റെ ഇംപാക്ട് ദിനേഷ് കാര്‍ത്തിക്കിനോ പന്തിനോ കൊണ്ടുവരാന്‍ സാധിക്കില്ലെന്നും ഇവര്‍ ചൂണ്ടിക്കാണിക്കുന്നു.

 

 

 

ലോകകപ്പില്‍ ഫിനിഷറുടെ റോളിലെത്തിയ ദിനേഷ് കാര്‍ത്തിക് തുടര്‍പരാജയമായതിന് പിന്നാലെയാണ് പന്ത് പ്ലെയിങ് ഇലവനില്‍ സ്ഥാനം പിടിച്ചത്. എന്നാല്‍ പന്തിനും കാര്യമായി ഒന്നും ചെയ്യാന്‍ സാധിച്ചില്ല.

ഇന്ത്യ ഉയര്‍ത്തിയ 187 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ സിംബാബ്‌വേക്ക് ബാറ്റിങ് തകര്‍ച്ച നേരിട്ടിരിക്കുകയാണ്. എട്ട് ഓവറില്‍ 39 റണ്‍സിന് അഞ്ച് വിക്കറ്റ് എന്ന നിലയിലാണ് ഷെവ്‌റോണ്‍സ്.

ഇന്ത്യക്കായി മുഹമ്മദ് ഷമി രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ അര്‍ഷ്ദീപ് സിങ്, ഹര്‍ദിക് പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍ എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി. സിക്കന്ദര്‍ റാസയും റയാന്‍ ബേളുമാണ് സിംബാബ്‌വേക്കായി നിലവില്‍ ക്രീസില്‍ നില്‍ക്കുന്നത്.

 

Content Highlight: Fans reacts to Rishabh Pant’s bad innings