'സ്റ്റേഡിയത്തിന്റെ പേരുപോലെ തന്നെ ഉഡായിപ്പ്' ; നരേന്ദ്ര മോദി സ്‌റ്റേഡിയത്തിനെതിരെ വിമര്‍ശനവുമായി ആരാധകര്‍
IPL
'സ്റ്റേഡിയത്തിന്റെ പേരുപോലെ തന്നെ ഉഡായിപ്പ്' ; നരേന്ദ്ര മോദി സ്‌റ്റേഡിയത്തിനെതിരെ വിമര്‍ശനവുമായി ആരാധകര്‍
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 29th May 2023, 6:20 pm

കഴിഞ്ഞ ദിവസം പെയ്ത മഴയില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് – ഗുജറാത്ത് ടൈറ്റന്‍സ് ഫൈനല്‍ മത്സരം ഒലിച്ചുപോയിരുന്നു. 11 മണിവരെ ടോസിടാനോ ഒറ്റ പന്ത് പോലും എറിയാനോ കഴിയാത്ത സാഹചര്യത്തിലാണ് മത്സരം റിസര്‍വ് ഡേയിലേക്ക് മാറ്റിയത്.

ഗ്രൗണ്ടും ഔട്ട്ഫീല്‍ഡും മഴയില്‍ നനഞ്ഞപ്പോള്‍ ഗാലറിയും കുളമായിരുന്നു. മഴയില്‍ ചോര്‍ന്നൊലിച്ച ഗ്യാലറിയായിരുന്നു ആരാധകരെ കാത്തിരുന്നത്. ചോര്‍ന്നൊലിക്കുന്ന ഗാലറിയുടെ ചിത്രം പങ്കുവെച്ച് നിരവധി ആരാധകര്‍ രംഗത്ത് വന്നിരുന്നു.

 

ലോകത്തിലെ ഏറ്റവും സമ്പന്നമായ ക്രിക്കറ്റ് ബോര്‍ഡായിരുന്നിട്ട് കൂടിയും ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്‌റ്റേഡിയത്തിന്റെ അവസ്ഥ കണ്ടില്ലേ, സ്‌റ്റേഡിയത്തെ കുറിച്ച് പ്രധാനമന്ത്രി തള്ളിയതാണെന്ന് ഇപ്പോള്‍ മനസിലാകുന്നു, സ്‌റ്റേഡിയത്തിന്റെ പേര് പോലെ എല്ലാം ഉഡായിപ്പാണ് തുടങ്ങി ആരാധകരുടെ വിമര്‍ശനങ്ങള്‍ നീളുകയാണ്.

ഇതിന് പുറമെ മത്സരം കാണാനെത്തിയ ആരാധകര്‍ക്ക് വേണ്ട സൗകര്യമൊരുക്കാത്തതിലും സോഷ്യല്‍ മീഡിയ അപെക്‌സ് ബോര്‍ഡിനോടും ഐ.പി.എല്‍ അധികൃതരോടും കട്ടക്കലിപ്പായിരുന്നു.

റിസര്‍വ് ഡേയില്‍ കളികാണണമെങ്കില്‍ ഫിസിക്കല്‍ ടിക്കറ്റ് വേണമെന്നും അത് കളയാതെ സൂക്ഷിക്കണമെന്നുമായിരുന്നു ഐ.പി.എല്‍ അധികൃതര്‍ അറിയിച്ചത്. എന്നാല്‍ ഇപ്പോള്‍ ഡിജിറ്റല്‍ ടിക്കറ്റുകളും കേടുവന്ന ടിക്കറ്റിലൂടെയും ആളുകളെ പ്രവേശിപ്പിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം, റിസര്‍വ് ഡേയും മഴയെടുക്കുമോ എന്ന ആശങ്കയിലാണ് ആരാധകര്‍. നിലവില്‍ അന്തരീക്ഷം ശാന്തമാണെങ്കിലും മഴയെത്താന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പ് നേരത്തെ മുന്നറിയിപ്പ് നല്‍കിയത്.

മഴ വില്ലനാവുകയാണെങ്കില്‍ ഓവറുകള്‍ വെട്ടിച്ചുരുക്കും. സാഹചര്യം പ്രതികൂലമാണെങ്കില്‍ ഇരുടീമിനും അഞ്ച് ഓവര്‍ വീതമോ അതുമല്ലെങ്കില്‍ സൂപ്പര്‍ ഓവറിലേക്കോ മത്സരം മാറും.

റിസര്‍വ് ഡേയിലും മത്സരം ഉപേക്ഷിക്കേണ്ട സാഹചര്യമാണെങ്കില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ വിജിയികളായി പ്രഖ്യാപിക്കും. പോയിന്റ് പട്ടികയിലെ മുന്‍തൂക്കമാണ് ടൈറ്റന്‍സിന് തുണയാകുന്നത്.

14 പന്തില്‍ നിന്നും പത്ത് ജയവും നാല് തോല്‍വിയുമായി 20 പോയിന്റാണ് ഒന്നാമതുള്ള ടൈറ്റന്‍സിനുള്ളത്. 14  മത്സരത്തില്‍ നിന്നും എട്ട് ജയവും അഞ്ച് തോല്‍വിയും ഒരു സമനിലയുമായി 17 പോയിന്റാണ് ചെന്നൈക്കുള്ളത്. പോയിന്റ് പട്ടികയിലെ രണ്ടാം സ്ഥാനക്കാരായാണ് ചെന്നൈ പ്ലേ ഓഫില്‍ പ്രവേശിച്ചത്.

 

Content Highlight: Fans reacts to poor condition of Narendra Modi Stadium