Sports News
'ബാഴ്‌സലോണ 2.0, വൈകാതെ നെയ്മറും ഗ്വാര്‍ഡിയോളയും എത്തും'; ആവേശമടക്കാനാകാതെ ആരാധകര്‍
സ്പോര്‍ട്സ് ഡെസ്‌ക്
2023 Jul 20, 10:37 am
Thursday, 20th July 2023, 4:07 pm

മുന്‍ ഉറുഗ്വേന്‍ താരവും ബാഴ്‌സയില്‍ മെസിയുടെ സഹതാരവുമായ സുവാരസ് ഇന്റര്‍ മിയമായിലെത്തിയേക്കുമെന്ന അഭ്യൂഹങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പ്രചരിച്ചിരുന്നു. മെസിക്കും നെയ്മറിനുമൊപ്പം ലോകം കണ്ട എക്കാലത്തേയും മികച്ച മുന്നേറ്റ നിരയായ എം.എസ്.എന്നിലെ നിറസാന്നിധ്യമായിരുന്നു സുവാരസ്.

TyC സ്പോര്‍ട്‌സ് ജേണലിസ്റ്റായ ഗാസ്റ്റണ്‍ എഡുലാണ് സുവാരസ് – മയാമി ബന്ധത്തെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ നല്‍കിയത്. കഴിഞ്ഞ കുറച്ചു മാസങ്ങളായി സുവാരസ് ബെക്കാമിനൊപ്പം ചേര്‍ന്നേക്കുമെന്നും ചര്‍ച്ചകള്‍ നടക്കുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ഇതിന് പിന്നാലെ ആരാധകര്‍ ഒന്നടങ്കം ആവേശത്തിലായിരുന്നു. മെസിയുടെയും സുവാരസിന്റെയും സുവര്‍ണ കാലഘട്ടം മയാമിയിലും ആവര്‍ത്തിക്കുമെന്ന വിശ്വാസത്തിലായിരുന്നു ആരാധകര്‍. മെസിക്കും ബുസ്‌ക്വെറ്റ്‌സിനും പുറമെ സുവാരസും മയാമിയെലത്തുമെന്ന വാര്‍ത്തകള്‍ ആരാധകര്‍ സോഷ്യല്‍ മീഡിയില്‍ ആഘോഷമാക്കിയിരുന്നു.

മയാമി മുന്‍ ബാഴ്‌സ താരങ്ങളെ ലക്ഷ്യമിടുകയാണെന്നും വൈകാതെ നെയ്മറും ഗ്വാര്‍ഡിയോളയും ടീമിലെത്തുമെന്നുമെല്ലാം ആരാധകര്‍ പറഞ്ഞു.

 

 

 

 

എന്നാല്‍ ഇപ്പോള്‍ പ്രചരിക്കുന്ന അഭ്യൂഹങ്ങള്‍ക്ക് യാതൊരു വിധത്തിലുമുള്ള അടിസ്ഥാനവുമില്ലെന്ന് വ്യക്തമാക്കി സുവാരസ് തന്നെ രംഗത്തെത്തിയിരുന്നു. താനിപ്പോള്‍ കളിക്കുന്ന ക്ലബ്ബുമായി 2024 വരെ കരാറുണ്ടെന്നും ഇവിടെ താന്‍ സന്തുഷ്ടനാണെന്നുമാണ് സുവാരസ് പറഞ്ഞത്.

സുവാരസ് എത്തുന്നില്ലെങ്കിലും ബാഴ്‌സയില്‍ മെസിക്കൊപ്പം പന്തുതട്ടിയ ജോര്‍ധി ആല്‍ബ മയാമിയിലെത്തുമെന്ന റിപ്പോര്‍ട്ടുകള്‍ ആരാധകരെ ആവേശത്തിലാഴ്ത്തുന്നുണ്ട്. ടീമിന്റെ സഹ ഉടമ ജോര്‍ജ് മാസ് തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയതെന്നത് ആരാധകരുടെ ആവേശം ഇരട്ടിയാക്കി.

‘ജോര്‍ധി ആല്‍ബ പേപ്പറുകളെല്ലാം സൈന്‍ ചെയ്തു. വരുന്ന ദിവസങ്ങളില്‍ തന്നെ അദ്ദേഹം ഇന്റര്‍ മയാമിയില്‍ ജോയിന്‍ ചെയ്യും,’ ജോര്‍ജ് മാസ് പറഞ്ഞതായി ടി.വൈ.സി സ്പോര്‍ട്സ് റിപ്പോര്‍ട്ട് ചെയ്തു.

 

2012ല്‍ വലെന്‍സിയയില്‍ നിന്ന് ബാഴ്സലോണയിലെത്തിയ ആല്‍ബ കറ്റാലന്‍ വമ്പന്‍മാര്‍ക്കായി 300 മത്സരങ്ങളിലാണ് ബൂട്ടുകെട്ടിയത്. ബാഴ്സയുടെ സുപ്രധാന നേട്ടങ്ങളില്‍ പങ്കുവഹിച്ച ആല്‍ബ ഒരു പതിറ്റാണ്ടിലധികം കാലം ക്ലബ്ബില്‍ ചെലവഴിച്ചു. തുടര്‍ന്ന് ഈ സീസണിന്റെ അവസാനത്തോടെ ക്ലബ്ബില്‍ നിന്ന് പടിയിറങ്ങുകയായിരുന്നു.

 

Content highlight: Fans react to news of Suarez coming to Miami