സ്വന്തം താരത്തോട് തോറ്റു, ദേഷ്യം വിക്കറ്റിന്റെ നെഞ്ചത്ത് തീര്‍ത്ത് ബാബര്‍; കളിയുടെ മാന്യത പഠിപ്പിച്ച് ആരാധകര്‍; വീഡിയോ
Sports News
സ്വന്തം താരത്തോട് തോറ്റു, ദേഷ്യം വിക്കറ്റിന്റെ നെഞ്ചത്ത് തീര്‍ത്ത് ബാബര്‍; കളിയുടെ മാന്യത പഠിപ്പിച്ച് ആരാധകര്‍; വീഡിയോ
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 17th August 2024, 6:14 pm

ബംഗ്ലാദേശിന്റെ പാകിസ്ഥാന്‍ പര്യടനത്തിനാണ് കളമൊരുങ്ങുന്നത്. രണ്ട് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരക്കായാണ് ബംഗ്ലാദേശ് പാകിസ്ഥാനിലെത്തിയിരിക്കുന്നത്.

ഷാന്‍ മസൂദിന്റെ നേതൃത്വത്തിലാണ് പാകിസ്ഥാന്‍ കളത്തിലിറങ്ങുന്നത്. നജ്മുല്‍ ഹൊസൈന്‍ ഷാന്റോയാണ് ബംഗ്ലാ കടുവകളുടെ നായകന്‍.

 

മത്സരത്തിന് മുന്നോടിയായി നടക്കുന്ന പാകിസ്ഥാന്റെ പ്രാക്ടീസ് സെഷനിലെ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. നെറ്റ്‌സില്‍ മോശം പ്രകടനം പുറത്തെടുത്തതിന്റെ നിരാശയില്‍ വിക്കറ്റ് ചവിട്ടിത്തെറിപ്പിക്കുന്ന ബാബറിന്റെ വീഡിയോ ആണ് വൈറലാകുന്നത്.

നെറ്റ്‌സില്‍ പ്രാക്ടീസ് ചെയ്യവെയാണ് ബാബര്‍ നിലവിട്ടുപെരുമാറിയത്. ബൗളര്‍ എറിഞ്ഞ ഗുഡ് ലെങ്ത് ഡെലിവെറിയില്‍ ബാറ്റ് വെച്ച ബാബറിന് പിഴച്ചു. ഔട്ട് സൈഡ് എഡ്ജായി പന്ത് സ്ലിപ്പിന്റെ സ്ഥാനത്തേക്ക് കുതിച്ചു.

ഇതില്‍ ബൗളര്‍ സെലിബ്രേറ്റ് ചെയ്യവെ നിരാശനായ ബാബര്‍ അസം വിക്കറ്റ് ചവിട്ടിത്തെറിപ്പിക്കുകയായിരുന്നു. സപ്പോര്‍ട്ടിങ് സ്റ്റാഫിലെ ഒരാളാണ് വിക്കറ്റ് തിരിച്ചെടുത്ത് നല്‍കിയത്. ശേഷം ബാബര്‍ വീണ്ടും നെറ്റ്‌സില്‍ പ്രാക്ടീസ് തുടര്‍ന്നു.

ബാബറിന്റെ പ്രവൃത്തിയില്‍ രൂക്ഷവിമര്‍ശനമാണ് ആരാധകര്‍ ഉയര്‍ത്തുന്നത്. ക്രിക്കറ്റ് കിറ്റിനെയും മറ്റും ബഹുമാനിക്കണമെന്നും ഇതൊന്നും ക്രിക്കറ്റിന്റെ മാന്യതയ്ക്ക് നിരക്കുന്നതല്ല എന്നുമാണ് ആരാധകര്‍ പറയുന്നത്. താരത്തെ പരിഹസിക്കുന്നവരും കുറവല്ല.

ഓഗസ്റ്റ് 21നാണ് പരമ്പരയിലെ ആദ്യ മത്സരം. റാവല്‍പിണ്ടി ക്രിക്കറ്റ് ഗ്രൗണ്ടാണ് വേദി. ഓഗസ്റ്റ് 30ന് ആരംഭിക്കുന്ന രണ്ടാം ടെസ്റ്റിന് കറാച്ചിയാണ് വേദിയാകുന്നത്.

 

പാകിസ്ഥാന്‍ സ്‌ക്വാഡ്

അബ്ദുള്ള ഷഫീഖ്, ബാബര്‍ അസം, മുഹമ്മദ് ഹുറാറിയ, സയീം അയ്യൂബ്, സൗദ് ഷക്കീല്‍, ഷാന്‍ മസൂദ് (ക്യാപ്റ്റന്‍), ആമിര്‍ ജമാല്‍, സല്‍മാന്‍ അലി ആഘ, കമ്രാന്‍ ഗുലാം, മുഹമ്മദ് റിസ്വാന്‍ (വിക്കറ്റ് കീപ്പര്‍), സര്‍ഫാറാസ് അഹമ്മദ് (വിക്കറ്റ് കീപ്പര്‍), അബ്രാര്‍ അഹമ്മദ്, ഖുറാം ഷഹസാദ്, മിര്‍ ഹംസ, മൊഹമ്മദ് അലി, നസീം ഷാ, ഷഹീന്‍ അഫ്രിദി.

ബംഗ്ലാദേശ് സ്‌ക്വാഡ്

മഹ്‌മുദുള്‍ ഹസന്‍ ജോയ്, മോയിന്‍നുല്‍ ഹഖ്, നജ്മുല്‍ ഹൊസൈന്‍ ഷാന്റോ (ക്യാപ്റ്റന്‍), ഷാദ്മാന്‍ ഇസ്‌ലാം, മെഹ്ദി ഹസന്‍ മിറാസ്, നയീം ഹസന്‍, ഷാകിബ് അല്‍ ഹസന്‍, ലിട്ടണ്‍ ദാസ് (വിക്കറ്റ് കീപ്പര്‍), മുഷ്ഫിഖര്‍ റഹീം (വിക്കറ്റ് കീപ്പര്‍), സാക്കിര്‍ ഹസന്‍ (വിക്കറ്റ് കീപ്പര്‍), ഹസന്‍ മഹ്‌മൂദ്, ഖാലേദ് അഹമ്മദ്, നാഹിദ് റാണ, ഷോരിഫുള്‍ ഇസ്‌ലാം, തൈജുല്‍ ഇസ്‌ലാം, താസ്‌കിന്‍ അഹമ്മദ്.

 

 

Content Highlight: Fans lash out at Babar Azam for kicking stumps in anger after being dismissed in the nets