സ്‌റ്റേഡിയത്തിലെത്തിയത് റോബര്‍ട്ട് ലെവന്‍ഡോസ്‌കി, ആരാധകര്‍ ആര്‍പ്പുവിളിച്ചത് ലയണല്‍ മെസിക്ക്; വീഡീയോ കാണാം
Football
സ്‌റ്റേഡിയത്തിലെത്തിയത് റോബര്‍ട്ട് ലെവന്‍ഡോസ്‌കി, ആരാധകര്‍ ആര്‍പ്പുവിളിച്ചത് ലയണല്‍ മെസിക്ക്; വീഡീയോ കാണാം
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 6th August 2022, 2:26 pm

 

 

ഈ സീസണിലെ ഏറ്റവും മികച്ച സൈനിങുകളിലൊന്നാണ് ബയേണ്‍ മ്യൂണിക്കില്‍ നിന്നും റോബര്‍ട്ട് ലെവന്‍ഡോസ്‌കിയെ ബാഴ്‌സലോണയിലെത്തിച്ചത്. കഴിഞ്ഞ കുറച്ച് സീസണിലെ മോശം പ്രകടനം ഇത്തവണ മാറ്റി എഴുതാനുള്ള പുറപ്പാടിലാണ് ബാഴ്‌സലോണ.

കഴിഞ്ഞ വര്‍ഷം ടീമില്‍ നിന്നും പോയ ലയണല്‍ മെസിക്ക് ശേഷം ടീമിന്റെ സൂപ്പര്‍താരമാകാന്‍ സാധിക്കുന്ന കളിക്കാരനാണ് ലെവ. എന്നാല്‍ ബാഴ്‌സയിലെ ആരാധകര്‍ക്ക് ലയണല്‍ മെസിയെ ഒരിക്കലും മറക്കാന്‍ സാധിക്കില്ല. അതിന്റെ തെളിവാണ് ഇന്നലെ ബാഴ്‌സയുടെ ഹോം ഗ്രൗണ്ടായ ന്യൂ ക്യാംപില്‍ കണ്ടത്.

റോബര്‍ട്ട് ലെവന്‍ഡോസ്‌കിയെ ക്യാമ്പ് നൗ അണ്‍വീല്‍ ചെയ്തിരുന്നു. എന്നാല്‍ ബാഴ്‌സ ആരാധകര്‍ അവിടെ മെസിക്ക് വേണ്ടി ആര്‍പ്പുവിളിക്കുന്ന കാഴ്ചയാണ് കാണാന്‍ സാധിച്ചത്. ബാഴ്‌സയില്‍ നില്‍ക്കാന്‍ താല്‍പര്യമുണ്ടായിട്ടും ടീമിന്റെ സാമ്പത്തിക പ്രതിസന്ധി മൂലം ടീം വിട്ടുപോകുകയായിരുന്നു മെസി.

പി.എസ്.ജിയിലേക്ക് രണ്ട് വര്‍ഷത്തെ കരാറിലാണ് മെസി ചേക്കേറിയത്. എന്നാല്‍ അദ്ദേഹത്തിന്റെ ബാഴ്‌സയിലേക്കുള്ള തിരിച്ചുവരവുമായി ബംന്ധപ്പെട്ട ചര്‍ച്ചകളുണ്ടായിരുന്നു. ഇക്കാര്യത്തെ കുറിച്ച് ക്ലബ്ബ് പ്രസിഡന്റ് ലാപോര്‍ട്ടയും മാനേജര്‍ സാവിയും സൂച്ചിപ്പിചിരുന്നു.

‘ഞങ്ങളാരും ഒരിക്കലും ആഗ്രഹിച്ചതു പോലെയല്ല മെസിയുടെ ബാഴ്സയിലെ കാലഘട്ടം അവസാനിച്ചത്. സാമ്പത്തികപ്രതിസന്ധികള്‍ മൂലമുള്ള പരിമിതികളാണ് അതിന് കാരണമായത്. ഞങ്ങള്‍ അദ്ദേഹത്തോട് ഒരുപാട് കടപ്പെട്ടിരിക്കുന്നു. താരത്തിന്റെ കരിയര്‍ ബാഴ്‌സ ജേഴ്‌സിയില്‍ തന്നെ അവസാനിപ്പിക്കാനും എല്ലാ സ്റ്റേഡിയങ്ങളിലും കയ്യടി നേടാനും ഞങ്ങള്‍ ആഗ്രഹിക്കുന്നു.

ഇതു ഞങ്ങളുടെ ആഗ്രഹവും അഭിലാഷവുമാണ്. ഇതേക്കുറിച്ച് ഒഫീഷ്യലായി ഇതുവരെ ഒന്നും സംസാരിച്ചിട്ടില്ല. നിലവിലെ അവസാനം ഒരു ഉത്തരവാദിത്തമാണെന്ന് തോന്നുന്നു, അത് താല്‍ക്കാലികമായ ഒന്നാണെന്നും കരുതുന്നു. ഈ അഭിലാഷം യാഥാര്‍ത്ഥ്യമാക്കുകയാണ് വേണ്ടത്,’ ഇതായിരുന്നു ലാപോര്‍ട്ട മാധ്യമങ്ങളോട് പറഞ്ഞത്.

‘നിലവില്‍ ലയണല്‍ മെസിയെ സ്വന്തമാക്കുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. താരത്തിന് പി.എസ്.ജിയുമായി കരാര്‍ നിലനില്‍ക്കുന്നുണ്ട്. ഭാവിയില്‍ നമുക്ക് നോക്കാം,’ ഇതായിരുന്നു സാവി പറഞ്ഞത്.

എന്തായാലും അടുത്ത വര്‍ഷം മെസി ക്ലബ്ബിലെത്തിയാല്‍ ലെവന്‍ഡോസ്‌കി-മെസി എന്നിവരുടെ മികച്ച കോമ്പോയായിരിക്കും ഫുട്‌ബോള്‍ ലോകത്തിന് കാണാന്‍ സാധിക്കുക.

Content Highlights: Fans cheered for Lionel Messi at Unveiling of Lionel Messi