അല്ലാ ഇങ്ങേര്‍ എന്തിനുള്ള പുറപ്പാടാ... അരങ്ങേറ്റം എന്നൊക്കെ പറയുന്നുണ്ടല്ലോ!! രോഹിത്തിന്റെ പുതിയ പോസ്റ്റ് കണ്ട് കണ്‍ഫ്യൂഷനായി ആരാധകര്‍
Sports News
അല്ലാ ഇങ്ങേര്‍ എന്തിനുള്ള പുറപ്പാടാ... അരങ്ങേറ്റം എന്നൊക്കെ പറയുന്നുണ്ടല്ലോ!! രോഹിത്തിന്റെ പുതിയ പോസ്റ്റ് കണ്ട് കണ്‍ഫ്യൂഷനായി ആരാധകര്‍
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 1st September 2022, 10:40 pm

വിരാടില്‍ നിന്നും നായക സ്ഥാനമേറ്റെടുത്ത ശേഷം ആ ഉത്തരവാദിത്തം വൃത്തിയായി കൊണ്ടുപോകാന്‍ രോഹിത്തിനാവുന്നുണ്ട്. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ഏഷ്യാ കപ്പും വരാനിരിക്കുന്ന ടി-20 ലോകകപ്പും രോഹിത് തങ്ങള്‍ക്ക് കൊണ്ടുവന്നു തരുമെന്ന് തന്നെയാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്.

ആരാധകരുടെ പ്രതീക്ഷ കാക്കുന്ന പ്രകടനമാണ് രോഹിത്തും ഇന്ത്യന്‍ ടീമും നടത്തിക്കൊണ്ടിരിക്കുന്നത്. പാകിസ്ഥാനെയും ഹോങ്കോങ്ങിനെയും തോല്‍പിച്ച ഇന്ത്യ ഗ്രൂപ്പ് എയില്‍ നിന്നും സൂപ്പര്‍ ഫോറിലെത്തുന്ന ആദ്യ ടീമായും മാറിയിരുന്നു.

എന്നാല്‍ ആരാധകര്‍ക്കിപ്പോള്‍ ആ ആവേശവും സന്തോഷവുമല്ല ഉള്ളത്. മറിച്ച് ഒരു തരത്തിലുള്ള കണ്‍ഫ്യൂഷനാണ് ഇപ്പോഴുള്ളത്. രോഹിത് ശര്‍മയുടെ പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റ് കണ്ടാണ് ആരാധകര്‍ വണ്ടറടിച്ചിരിക്കുന്നത്.

മെഗാ ബ്ലോക്ക്ബസ്റ്റര്‍ എന്നെഴുതിയ താരത്തിന്റെ ഒരു പോസ്റ്ററാണ് ഇന്‍സ്റ്റഗ്രാമിലൂടെ രോഹിത് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്ററിന് താഴെ സെപ്റ്റംബര്‍ നാലിന് ട്രെയ്‌ലര്‍ റിലീസ് ചെയ്യുമെന്നും കൊടുത്തിട്ടുണ്ട്.

ചിത്രത്തിന് താരം നല്‍കിയ ക്യാപ്ഷനും ആ കണ്‍ഫ്യൂഷന് ആക്കം കൂട്ടുന്നുണ്ട്. എന്റെ അടിവയറ്റില്‍ ചിത്രശലഭങ്ങള്‍ പറന്നു പോകുന്നത് പോലെ, ഒരു പുതിയ തരത്തിലുള്ള അരങ്ങേറ്റം എന്നാണ് താരം ചിത്രത്തിന് ക്യാപ്ഷന്‍ നല്‍കിയിരിക്കുന്നത്.

ഇതോടെ രോഹിത്തിന്റെ സിനിമാ പ്രവേശനമാണോ വരാന്‍ പോകുന്നത് എന്ന ആകാംക്ഷയിലാണ് ആരാധകര്‍. സിനിമയില്‍ അഭിനയിച്ചാലും കുഴപ്പമില്ല, വരാനിരിക്കുന്ന ടി-20 ലോകകപ്പ് ജയിക്കണം എന്നാണ് ആരാധകര്‍ പറയുന്നത്.

അതേസമയം, വിരാടിനെ പിന്തള്ളി ടി-20 ഫോര്‍മാറ്റില്‍ ഏറ്റവുമധികം വിജയം നേടുന്ന ക്യാപ്റ്റന്‍ എന്ന റെക്കോഡ് രോഹിത് സ്വന്തമാക്കിയിരുന്നു. 37 മത്സരത്തില്‍ ഇന്ത്യയെ നയിച്ച രോഹിത് 31ലും ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചിരുന്നു. 83.78 ആണ് താരത്തിന്റെ വിജയശതമാനം.

ഇന്ത്യയെ ഏറ്റവുമധികം ടി-20 മത്സരം വിജയിപ്പിച്ചതിന്റെ റെക്കോഡ് ധോണിയുടെ പേരിലാണ്. ക്യാപ്റ്റനെന്ന നിലയില്‍ 72 മത്സരത്തില്‍ ഇന്ത്യയെ നയിച്ച ധോണി 41 എണ്ണത്തിലും ഇന്ത്യയെ വിജയിപ്പിച്ചിരുന്നു. 28 കളിയില്‍ പരാജയപ്പെട്ടപ്പോള്‍ ഒരെണ്ണം ഫലമില്ലാതെ പിരിഞ്ഞു.

മുന്‍ ഇന്ത്യന്‍ നായകന്‍ കോഹ്‌ലിയാണ് മൂന്നാം സ്ഥാനത്ത്. 50 മത്സരത്തില്‍ നിന്നും 30 വിജയങ്ങളാണ് ടി-20യില്‍ കോഹ്‌ലി ഇന്ത്യക്കായി നേടിയത്.

 

Content Highlight: Fans are confused after seeing Rohit Sharma’s new Instagram post