2023 ലോകകപ്പില്‍ സഞ്ജു ഉണ്ടാകില്ല എന്ന് ഉറപ്പായി; സോഷ്യല്‍ മീഡിയയില്‍ ആരാധകരുടെ പ്രതിഷേധം
Sports News
2023 ലോകകപ്പില്‍ സഞ്ജു ഉണ്ടാകില്ല എന്ന് ഉറപ്പായി; സോഷ്യല്‍ മീഡിയയില്‍ ആരാധകരുടെ പ്രതിഷേധം
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 28th December 2022, 7:47 am

കഴിഞ്ഞ ദിവസമായിരുന്നു ശ്രീലങ്കയുടെ ഇന്ത്യന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചത്. മൂന്ന് ഏകദിനവും അത്ര തന്നെ ടി-20യുമാണ് ഇന്ത്യ-ശ്രീലങ്ക പരമ്പരയിലുള്ളത്.

ഇതുവരെയില്ലാത്ത തരത്തിലായിരുന്നു ഇന്ത്യന്‍ ടീമിന്റെ സെലക്ഷന്‍. മോശം ഫോമില്‍ തുടരുന്ന ക്യാപ്റ്റന്‍ രോഹിത് ശര്‍മയെയും കെ.എല്‍. രാഹുലിനെയും ടി-20 സ്‌ക്വാഡില്‍ നിന്നും പുറത്താക്കി. ഹര്‍ദിക് പാണ്ഡ്യയാണ് ടി-20യില്‍ ഇന്ത്യയെ നയിക്കുന്നത്. വെടിക്കെട്ട് ബാറ്ററായ സൂര്യകുമാറാണ് ഹര്‍ദിക്കിന്റെ ഡെപ്യൂട്ടി. ടി-20 ഫോര്‍മാറ്റില്‍ നിന്നും പുറത്താക്കിയെങ്കിലും രാഹുലും രോഹിത്തും ഏകദിന സ്‌ക്വാഡില്‍ ഇടം നേടിയിട്ടുണ്ട്.

ഇന്ത്യയുടെ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പര്‍ ബാറ്ററായിരുന്ന റിഷബ് പന്തിനെ രണ്ട് ഫോര്‍മാറ്റിലേക്കും പരിഗണിച്ചിട്ടില്ല. ഇഷാന്‍ കിഷനാണ് വിക്കറ്റ് കീപ്പര്‍ ബാറ്ററുടെ റോളില്‍ ഇരുസ്‌ക്വാഡിലും ഇടം നേടിയത്.

മലയാളി താരം സഞ്ജു സാംസണെയും ഇന്ത്യ-ശ്രീലങ്ക പരമ്പരയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ടി-20 പരമ്പരയിലാണ് സഞ്ജുവിന് സ്ഥാനം കണ്ടെത്താനായത്.

എന്നാല്‍ ഇത് സഞ്ജുവിനോട് ചെയ്യുന്ന അനീതിയാണെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന അഭിപ്രായങ്ങള്‍. 50 ഓവര്‍ ഫോര്‍മാറ്റില്‍ മികച്ച പ്രകടനം കാഴ്ചവെച്ചുകൊണ്ടിരിക്കുന്ന ഒരു താരത്തെ ഏകദിന സ്‌ക്വാഡില്‍ ഉള്‍പ്പെടുത്താതെ മാറ്റി നിര്‍ത്തിയതിനെയാണ് ഇവര്‍ ചോദ്യം ചെയ്യുന്നത്.

സ്‌ക്വാഡില്‍ ഉള്‍പ്പെട്ടാലും ബെഞ്ചില്‍ തന്നെയായിരിക്കില്ലേ എന്നും ആരാധകര്‍ ചോദിക്കുന്നുണ്ട്.

നിലവില്‍ ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കുന്ന സഞ്ജുവിനെ കേരള ടീമില്‍ നിന്നും മാറ്റി നിര്‍ത്താനുള്ള മാനേജ്‌മെന്റിന്റെ നീക്കമാണ് പരമ്പരയില്‍ ഉള്‍പ്പെടുത്തിയതെന്നും ഇതുതന്നെയാണ് ഇന്ത്യയുടെ ന്യൂസിലാന്‍ഡ് പര്യടനത്തില്‍ കണ്ടതെന്നുമുള്ള ചില ചര്‍ച്ചകളും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്.

എന്നാലും സഞ്ജുവിനെ ഏകദിന സ്‌ക്വാഡില്‍ ഉള്‍പ്പെടുത്താത്തതിനുള്ള പ്രതിഷേധങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പ്രധാനമായും ഉയരുന്നത്. 2023 ലോകകപ്പിന് മുമ്പ് ഏകദിന ഫോര്‍മാറ്റില്‍ സഞ്ജുവിന് കഴിവ് തെളിയിക്കാന്‍ സാധിക്കാതെ വന്നാല്‍ 2023 ലോകകപ്പ് ടീമിലും താരം ഉണ്ടാകില്ലെന്നും ആരാധകര്‍ പറയുന്നു. അടുത്ത ലോകകപ്പിലും സഞ്ജു ടീമില്‍ ഉണ്ടാകില്ല എന്നതിന്റെ പരോക്ഷ സൂചനയാണ് ബി.സി.സി.ഐ നല്‍കുന്നതെന്നും ആരോപണമുണ്ട്.

അതേസമയം, ശ്രീലങ്കയുടെ ഇന്ത്യന്‍ പര്യടനത്തിലെ ആദ്യ മത്സരം ജനുവരി മൂന്നിന് നടക്കും. ടി-20 പരമ്പരയാണ് ആദ്യം നടക്കുന്നത്. മുംബൈ വാംഖഡെയാണ് വേദി.

 

ഇന്ത്യ ടി-20 സ്‌ക്വാഡ്

ഹര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), സൂര്യകുമാര്‍ യാദവ് (വൈസ് ക്യാപ്റ്റന്‍), ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), ഋതുരാജ് ഗെയ്ക്വാദ്, ശുഭ്മന്‍ ഗില്‍, ദീപക് ഹൂഡ,രാഹുല്‍ ത്രിപാഠി, സഞ്ജു സാംസണ്‍, വാഷിങ്ടണ്‍ സുന്ദര്‍, യൂസ്വേന്ദ്ര ചഹല്‍, അക്‌സര്‍ പട്ടേല്‍, അര്‍ഷ്ദീപ് സിങ്, ഹര്‍ഷല്‍ പട്ടേല്‍, ഉമ്രാന്‍ മാലിക്, ശിവം മാവി, മുകേഷ് കുമാര്‍.

ഇന്ത്യ ഏകദിന സ്‌ക്വാഡ്

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ഹര്‍ദിക് പാണ്ഡ്യ (വൈസ് ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, വിരാട് കോഹ്‌ലി, സൂര്യകുമാര്‍ യാദവ്, ശ്രേയസ് അയ്യര്‍, കെ.എല്‍. രാഹുല്‍ (വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), വാഷിങ്ടണ്‍ സുന്ദര്‍, യൂസ്വേന്ദ്ര ചഹല്‍, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഉമ്രാന്‍ മാലിക്, അര്‍ഷ്ദീപ് സിങ്.

Content Highlight: Fans are against BCCI’s decision to exclude Sanju Samson from the ODI squad