മൃതദേഹം ദഹിപ്പിച്ച് കത്തോലിക്കാ സഭാ വിശ്വാസി; വിപ്ലവകരമെന്ന് പുരോഹിതർ
Kerala News
മൃതദേഹം ദഹിപ്പിച്ച് കത്തോലിക്കാ സഭാ വിശ്വാസി; വിപ്ലവകരമെന്ന് പുരോഹിതർ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 7th February 2023, 9:54 am

കണ്ണൂർ: പരമ്പരാഗത വിശ്വാസങ്ങൾ മാറ്റി കത്തോലിക്കാ സഭ വിശ്വാസിയുടെ മൃതദേഹം ചിതയൊരുക്കി സംസ്‌കരിച്ചു. മേലേച്ചൊവ്വയിലെ കട്ടക്കയം സെബാസ്റ്റ്യന്റെ ഭാര്യ ലൈസാമ്മയുടെ (61) ഭൗതിക ശരീരമാണ് സംസ്‌കരിച്ചത്. ഇന്നലെ പകൽ രണ്ടിന് പയ്യാമ്പലത്ത് വെച്ചായിരുന്നു സംസ്‌കാരം.

മൃതദേഹങ്ങൾ അടക്കം ചെയ്യുന്നതാണ് ക്രിസ്ത്യൻ വിശ്വാസികളുടെ പരമ്പരാഗത രീതി. എന്നാൽ മൃതദേഹം ചിതയൊരുക്കിയും സംസ്‌കരിക്കാമെന്ന് കത്തോലിക്കാ സഭാ തീരുമാനിച്ചിരുന്നെങ്കിലും വിശ്വാസികൾ പരമ്പരാഗത രീതി മാറ്റാൻ തയ്യാറായിരുന്നില്ല. ഈ പശ്ചചാത്തലത്തിൽ ലൈസാമ്മയുടെ കുടുംബം എടുത്ത തീരുമാനം വിപ്ലവകരമാണെന്ന് പുരോഹിതർ പറഞ്ഞു.

അസുഖ ബാധിതയായ ലൈസാമ്മ ശനിയാഴ്ചയാണ് മരണപ്പെട്ടത്. മേലെച്ചൊവ്വ സെന്റ് ഫ്രാൻസിസ് പള്ളിയിൽ ഇടവക വികാരി ഫാ. തോമസ് കൊളങ്ങായലിന്റെ നേതൃത്വത്തിലായിരുന്നു സംസ്‌കാരചടങ്ങുകൾ നടന്നത്. ലൈസാമ്മയുടെ ചെറുമകൾ സൈറ ചിതയ്ക്ക് തീകൊളുത്തി.

മൃതദേഹം ദഹിപ്പിക്കുകയെന്നത് ആദ്യമേ എടുത്ത തീരുമാനമാണെന്ന് ലൈസാമ്മയുടെ ഭർത്താവ് സെബാസ്റ്റ്യൻ പറഞ്ഞു. ‘എന്റെ മൃതദേഹവും ഇത്തരത്തിൽ സംസ്‌കരിക്കണമെന്നാണ് ആഗ്രഹം. ഇക്കാര്യം മക്കളെയും ബന്ധുക്കളെയും ബോധ്യപ്പെടുത്താൻ കുറച്ച് സമയമെടുത്തു. അഗ്‌നിയാണ് എല്ലാം ശുദ്ധീകരിക്കുന്നത്. അഗ്‌നിയിൽ തീരുകയാണ് ഉചിതം’, ലൈസാമ്മയുടെ ഭർത്താവ് സെബാസ്റ്റ്യൻ പറഞ്ഞു.

Content Highlight: Family to cremate Catholic believer body instead of burying it