ആറ് വർഷം മുമ്പ് മരിച്ചയാളുടെ പേരില്‍ കള്ളവോട്ട് ചെയ്‌തെന്ന് ആരോപണം; കലക്ടര്‍ക്ക് പരാതി നല്‍കി എല്‍.ഡി.എഫ്
Kerala News
ആറ് വർഷം മുമ്പ് മരിച്ചയാളുടെ പേരില്‍ കള്ളവോട്ട് ചെയ്‌തെന്ന് ആരോപണം; കലക്ടര്‍ക്ക് പരാതി നല്‍കി എല്‍.ഡി.എഫ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 21st April 2024, 2:35 pm

പത്തനംതിട്ട: പത്തനംതിട്ടയില്‍ മരിച്ചയാളുടെ പേരില്‍ മരുമകള്‍ കള്ളവോട്ട് ചെയ്‌തെന്ന് പരാതി. ആറന്‍മുള കാരിത്തോട്ട് സ്വദേശി അന്നമ്മയുടെ പേരില്‍ മരുമകള്‍ കള്ളവോട്ട് ചെയ്‌തെന്ന് ചൂണ്ടിക്കാട്ടി എല്‍.ഡി.എഫ് കലക്ടര്‍ക്ക് പരാതി നല്‍കി.

എന്നാല്‍ ഇത് കള്ളവോട്ട് അല്ലെന്നും ക്രമനമ്പര്‍ എഴുതിയതില്‍ തനിക്ക് തെറ്റ് പറ്റിയതാണെന്നുമാണ് ബി.എല്‍.ഒ വിശദീകരണം നല്‍കിയത്. യുഡി.എഫ് വാര്‍ഡ് മെമ്പറും 144ാം ബൂത്ത് ബി.എല്‍.ഒ അമ്പിളിയും ഒത്തുകളിച്ച് കള്ളവോട്ട് നടത്തി എന്നാണ് എല്‍.ഡി.എഫിന്റെ പരാതിയില്‍ ആരോപിക്കുന്നത്.

ആറ് വര്‍ഷം മുമ്പാണ് അന്നമ്മ മരണപ്പെട്ടത്. ഇതേ മേല്‍വിലാസത്തില്‍ താമസിക്കുന്ന മരുമകള്‍ അന്നമ്മ മരിച്ച അന്നമ്മയുടെ വോട്ട് ചെയ്‌തെന്നാണ് പരാതി. എന്നാല്‍ ഇത് കള്ളവോട്ട് അല്ലെന്നാണ് ബി.എല്‍.ഒയുടെ വിശദീകരണം.

കിടപ്പ് രോഗിയായ മരുമകള്‍ അന്നമ്മക്ക് വേണ്ടിയാണ് അപേക്ഷ നല്‍കിയത്. അപേക്ഷയില്‍ ക്രമനമ്പര്‍ മാറി നല്‍കിയ തനിക്ക് തെറ്റ് പറ്റിയെന്നും ബി.എല്‍.ഒ പറഞ്ഞു. സംഭവത്തില്‍ പോളിങ് ഉദ്യോഗസ്ഥരുടെയും പരാതിക്കാരുടെയും വിശദീകരണം ഡെപ്യൂട്ടി കലക്ടര്‍ പരിശോധിച്ച് വരികയാണ്.

Content Highlight:  fake vote in Pathanamthitta ; LDF filed a complaint with the collector