ഹൈപ്പര്‍ ആക്ടിവിറ്റി ഡിസോര്‍ഡറുള്ള ആളാണ് ഞാന്‍, 41ാം വയസിലാണ് ഇത് മനസിലായത്: ഫഹദ് ഫാസില്‍
Film News
ഹൈപ്പര്‍ ആക്ടിവിറ്റി ഡിസോര്‍ഡറുള്ള ആളാണ് ഞാന്‍, 41ാം വയസിലാണ് ഇത് മനസിലായത്: ഫഹദ് ഫാസില്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 27th May 2024, 8:23 pm

എ.ഡി.എച്ച്.ഡി (അറ്റന്‍ഷന്‍ ഡെഫിസിറ്റ് ഹൈപ്പര്‍ ആക്ടിവിറ്റി ഡിസോര്‍ഡര്‍) ഉള്ളയാളാണ് താനെന്ന് ഫഹദ് ഫാസില്‍. പീസ് വാലി ഫൗണ്ടേഷന്റെ ചില്‍ഡ്രന്‍സ് വില്ലേജിന്റെ ഉദ്ഘാടനവേളയിലാണ് താരം ഇക്കാര്യം പറഞ്ഞത്. 41ാം വയസിലാണ് തനിക്ക് ഈ രോഗം ഉണ്ടെന്ന കാര്യം തിരിച്ചറിഞ്ഞത് എന്നും ഫഹദ് പറഞ്ഞു.

ഈ പ്രായത്തില്‍ എ.ഡി.എച്ച്.ഡി ചികിത്സിച്ച് മാറ്റാനാകുമോ എന്ന് അന്വേഷിച്ചിരുന്നുവെന്നും, ചെറുപ്പത്തില്‍ തന്നെ കണ്ടുപിടിച്ചാല്‍ മാത്രമേ ഇത് മാറ്റാന്‍ സാധിക്കുള്ളൂവെന്നാണ് അറിഞ്ഞതെന്നും ഫഹദ് പറഞ്ഞു. പീസ് വാലിയുടെ മുന്നോട്ടുള്ള യാത്രയില്‍ തന്നെക്കൊണ്ട് ചെയ്യാന്‍ സാധിക്കുന്ന എല്ലാ കാര്യങ്ങളും ചെയ്യുമെന്നും ഫഹദ് പറഞ്ഞു.

‘ഇത്രയും വലിയ വേദിയില്‍ വന്നിരുന്ന് സംസാരിക്കാനുള്ള പക്വത എനിക്കില്ലെന്നാണ് എന്റെ ഭാര്യയും ഉമ്മയും പറയാറുള്ളത്. അതുകൊണ്ട് ബേസിക് ആയിട്ടുള്ള കാര്യങ്ങളില്‍ നിന്ന് തുടങ്ങാം. ഈ വേദിയില്‍ വരുന്നതിന് മുമ്പ് ഞാന്‍ പീസ് വാലിയുടെ മെമ്പറായ ഡോ. സാബിത്തുമായി സംസാരിച്ചിരുന്നു. ആ സമയത്ത് ഞാന്‍ അദ്ദേഹത്തോട് എ.ഡി.എച്ച്.ഡിയെക്കുറിച്ച് ഒരു കാര്യം ചോദിച്ചു.

എ.ഡി.എച്ച്.ഡി ചികിത്സിച്ച് ഭേദമാക്കാന്‍ പറ്റുമോ എന്ന് സാബിത്തിനോട് ചോദിച്ചപ്പോള്‍, ‘ചെറുപ്പത്തില്‍ കണ്ടെത്തിയാല്‍ ചികിത്സിച്ച് ഭേദമാക്കാന്‍ പറ്റുന്ന രോഗമാണിത്’ എന്നാണ് അദ്ദേഹം പറഞ്ഞത്. 41ാം വയസില്‍ ചികിത്സിക്കാന്‍ പറ്റുമോ എന്ന് ചോദിച്ചപ്പോള്‍ പറ്റില്ല എന്ന് സാബിത്ത് പറഞ്ഞു. ഞാന്‍ എ.ഡി.എച്ച്.ഡി ഡയഗ്നോസ്ഡാണ്. അത്ര വലുതായിട്ട് ഇല്ലെങ്കിലും ചെറിയ ഡിസോര്‍ഡര്‍ എനിക്കും ഉണ്ട്. 41ാം വയസിലാണ് ഇത് മനസിലാകുന്നത്.

ഇന്ന് ഈ പീസ് വാലിയിലെത്തിയപ്പോള്‍ ഇവിടെ ഒരുപാട് കുട്ടികളുടെ മുഖത്ത് ഒരു പ്രകാശം കണ്ടു. ഇനിയങ്ങോട്ട് പീസ് വാലിയുടെ യാത്രയില്‍ എന്നാല്‍ കഴിയുന്ന എല്ലാ സഹായങ്ങളും ഞാന്‍ ചെയ്യുന്നതായിരിക്കും,’ ഫഹദ് പറഞ്ഞു.

Content Highlight: Fahadh Faasil saying that he is a Hyper activity disorder diagnosed