വേട്ടൈയന്‍, ബോഗയ്ന്‍വില്ല, പുഷ്പ 2... രംഗണ്ണന് ശേഷം 'ആവേശം' തരാതെ ഫഹദ്
Entertainment
വേട്ടൈയന്‍, ബോഗയ്ന്‍വില്ല, പുഷ്പ 2... രംഗണ്ണന് ശേഷം 'ആവേശം' തരാതെ ഫഹദ്
അമര്‍നാഥ് എം.
Wednesday, 11th December 2024, 3:37 pm

മലയാളത്തിലെ മികച്ച നടന്മാരില്‍ ഒരാളാണ് ഫഹദ് ഫാസില്‍. ആദ്യചിത്രത്തിലെ മോശം പ്രകടനത്തിന് ഒരുപാട് വിമര്‍ശനങ്ങള്‍ കേള്‍ക്കേണ്ടി വന്ന ഫഹദ് തിരിച്ചുവരവില്‍ ഇന്ത്യയിലെ മികച്ച നടന്മാരുടെ പട്ടികയിലേക്ക് നടന്നുകയറിയത് അത്ഭുതത്തോടെയല്ലാതെ കാണാന്‍ കഴിയില്ല. ഇന്ന് കേരളത്തിന് പുറത്ത് മലയാളസിനിമയെപ്പറ്റി പലരും ചര്‍ച്ച ചെയ്യുമ്പോള്‍ ഫഹദിന്റെ പേര് പറയാതെ അത് പൂര്‍ത്തിയാകില്ല.

കുമ്പളങ്ങി നൈറ്റ്‌സ് മുതലാണ് കേരളത്തിന് പുറത്തുള്ളവര്‍ ഫഹദ് ഫാസില്‍ എന്ന നടനെപ്പറ്റി കൂടുതലായി ചര്‍ച്ച ചെയ്യുന്നത്. കുമ്പളങ്ങിക്ക് മുമ്പ് വേലൈക്കാരന്‍ എന്ന തമിഴ് ചിത്രത്തില്‍ വില്ലനായി എത്തിയെങ്കിലും ചിത്രം ശ്രദ്ധിക്കപ്പെട്ടില്ല. കൊവിഡ് കാലഘട്ടത്തില്‍ ജോജി, മാലിക് എന്നീ ചിത്രങ്ങളിലൂടെ ഫഹദിന്റെ പെര്‍ഫോമന്‍സ് ബോളിവുഡില്‍ വരെ ചര്‍ച്ചചെയ്യപ്പെട്ടു.

മലയാളത്തിന് പുറത്ത് ഒരുപിടി മികച്ച വേഷങ്ങള്‍ കൊവിഡിന് ശേഷം ഫഹദിനെ തേടിയെത്തി. വിക്രം എന്ന ചിത്രത്തിലെ അമര്‍, മാമന്നനിലെ രത്‌നവേലു, പുഷ്പ ദ റൈസിലെ ഭന്‍വര്‍ സിങ് ഷെഖാവത്ത് എന്നീ കഥാപാത്രങ്ങള്‍ ഫഹദിന്റെ സ്റ്റാര്‍ഡം ഉയരത്തിലാക്കി. ഈ വര്‍ഷം ഫഹദ് നായകനായ ആവേശം ബോക്‌സ് ഓഫീസ് വിജയത്തിന് പുറമെ ഭാഷാതിര്‍ത്തികള്‍ കടന്ന് ചര്‍ച്ചയായി.

എന്നാല്‍ ആവേശത്തിന് ശേഷം ഫഹദ് എന്ന നടന് വെല്ലുവിളി ഉയര്‍ത്തുന്ന ഒരു കഥാപാത്രം പോലും അയാളെ തേടി എത്തിയില്ല. ആവേശത്തിന് ശേഷം തിയേറ്ററിലെത്തിയ വേട്ടൈയനില്‍ രജിനികാന്തിനൊപ്പം മികച്ചൊരു വേഷം ഫഹദ് അവതരിപ്പിച്ചു. ചിത്രത്തില്‍ പല സീനിലും രജിനിയെക്കാള്‍ മികച്ച പെര്‍ഫോമന്‍സ് ഫഹദ് കാഴ്ചവെക്കുകയും ചെയ്തു. എന്നാല്‍ അത് ഫഹദിനെ സംബന്ധിച്ച് കേക്ക് വാക്ക് ആയിരുന്നു. തമിഴിലെ ഏതൊരു നടനും ചെയ്യേണ്ടിയിരുന്ന കഥാപാത്രം ഫഹദ് ചെയ്യേണ്ട കാര്യമുണ്ടായിരുന്നില്ലെന്നാണ് പലരും അഭിപ്രായപ്പെട്ടത്.

വേട്ടൈയന് ശേഷം തിയേറ്ററിലെത്തിയ ബോഗയ്ന്‍വില്ലയിലും ഫഹദിന്റെ സാന്നിധ്യമുണ്ടായിരുന്നു. മലയാളത്തിലെ സ്റ്റൈലിഷ് ഫിലിംമേക്കര്‍ എന്നറിയപ്പെടുന്ന അമല്‍ നീരദ് അണിയിച്ചൊരുക്കിയ ബോഗയ്ന്‍വില്ലയുടെ ഏറ്റവും വലിയ ആകര്‍ഷണവും ഫഹദായിരുന്നു. എന്നാല്‍ എ.സി.പി ഡേവിഡ് കോശി എന്ന കഥാപാത്രം ഫഹദിന് ഒന്നും ചെയ്യാനില്ലാത്ത ഒന്നായി മാറി.

ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയ പുഷ്പ 2വില്‍ ഫഹദിന്റൈ കഥാപാത്രം വെറും അപഹാസ്യനാകുന്ന കാഴ്ചയാണ് കാണാന്‍ സാധിച്ചത്. ആദ്യഭാഗത്തില്‍ വെറും 20 മിനിറ്റ് കൊണ്ട് ഗംഭീര വില്ലനിസം കാണിച്ച കഥാപാത്രത്തെ രണ്ടാം ഭാഗത്തില്‍ സംവിധായകന്‍ ഒന്നുമല്ലാതാക്കി മാറ്റി. ആവേശത്തിലെ രംഗന്‍ എന്ന കഥാപാത്രത്തിന്റെ ഹാങ്ങോവര്‍ മാറാതെയാണ് ഫഹദ് പുഷ്പ 2 ചെയ്തതെന്ന് പല സീനിലും തോന്നിപ്പോയി.

ഫഹദ് എന്ന നടന്‍ ഇന്ന് എത്തിനില്‍ക്കുന്ന പൊസിഷന്‍ മനസിലാക്കാതെ സംവിധായകന്‍ സുകുമാര്‍ അദ്ദേഹത്തോട് കാണിച്ച നീതികേടിനെ പലരും വിമര്‍ശിക്കുന്നുണ്ട്. എന്നാല്‍ പാന്‍ ഇന്ത്യന്‍ റീച്ച് ലഭിച്ച് നില്‍ക്കുമ്പോഴും പുഷ്പ 2 പോലൊരു സിനിമയില്‍ അഭിനയിക്കാന്‍ ഫഹദ് കാണിച്ച മനസിനെ അംഗീകരിക്കുന്നു എന്നുള്ള ന്യായീകരണവും വരുന്നുണ്ട്. ഇനി മുന്നോട്ട് അന്യഭാഷകളില്‍ മികച്ച വേഷങ്ങള്‍ മാത്രം തെരഞ്ഞെടുക്കാന്‍ ഫഹദ് ശ്രദ്ധിക്കുമെന്നാണ് ആരാധകര്‍ കരുതുന്നത്.

Content Highlight: Fahadh Faasil’s characters after Aavesham movie

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം