ബജ്‌രംഗ് ദളിന് ഫേസ്ബുക്കിന്റെ വഴിവിട്ട സഹായം; ഇളവുകള്‍ കൊടുത്തത് ന്യൂനപക്ഷ വേട്ടയ്ക്ക് ഫേസ്ബുക്ക് തന്നെ മാറ്റി നിര്‍ത്തിയ തീവ്രഹിന്ദുത്വ സംഘടനയ്ക്ക്
national news
ബജ്‌രംഗ് ദളിന് ഫേസ്ബുക്കിന്റെ വഴിവിട്ട സഹായം; ഇളവുകള്‍ കൊടുത്തത് ന്യൂനപക്ഷ വേട്ടയ്ക്ക് ഫേസ്ബുക്ക് തന്നെ മാറ്റി നിര്‍ത്തിയ തീവ്രഹിന്ദുത്വ സംഘടനയ്ക്ക്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 14th December 2020, 8:18 am

ന്യൂദല്‍ഹി: തീവ്ര ഹിന്ദുത്വ സംഘടനയായ ബജ്‌രംഗ് ദളിനോട് ഫേസ്ബുക്ക് മൃദുസമീപനമാണ് സ്വീകരിച്ചുകൊണ്ടിരിക്കുന്നതെന്ന് റിപ്പോര്‍ട്ട്.

ഇന്ത്യയിലുടനീളമുള്ള ന്യൂനപക്ഷങ്ങള്‍ക്കെതിരായ അതിക്രമങ്ങളെ പിന്തുണയ്ക്കുന്ന അപകടകരമായ സംഘടനയായി ഫേസ്ബുക്കിന്റെ സുരക്ഷാ സംഘം തന്നെ ടാഗ് ചെയ്ത സംഘടനാണ് ബജ്‌രംഗ് ദളള്‍. എന്നാല്‍ ഫേസ്ബുക്ക് തന്നെ ഈ സംഘടനയ്ക്ക് അനുകൂലമായ നടപടികള്‍ എടുത്തിട്ടുണ്ടെന്നാണ് വാള്‍സ്ട്രീറ്റ് ജേണല്‍ ഞായറാഴ്ച പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഭരണകക്ഷിയായ ബി.ജെ.പിയുമായി ബന്ധമുള്ള വലതുപക്ഷ ഗ്രൂപ്പിനെതിരെ പ്രവര്‍ത്തിക്കുന്നതില്‍ ഫേസ്ബുക്കിന് ഉള്ള ആശങ്കകളാണ് ബജ്‌രംഗ് ദളിന് അനുകൂലമായ സാഹചര്യം ഒരുക്കാന്‍ ഫേസ്ബുക്കിനെ പ്രേരിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

ബജ്‌രംഗ് ദളിനെതിരെ ഏതെങ്കിലും തരത്തിലുള്ള നടപടികള്‍ സ്വീകരിച്ചാല്‍ ഇന്ത്യയിലെ കമ്പനിയുടെ ബിസിനസ്സ് സാധ്യതകളെയും ജീവനക്കാരെയും അപകടത്തിലാക്കാമെന്ന ഭീതി ഫേസ്ബുക്കിനുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ബജ്രംഗ് ദള്‍ നിരോധിക്കുന്നത് ഫേസ്ബുക്ക് ഉദ്യോഗസ്ഥര്‍ക്ക് നേരെയുള്ള ശാരീരിക ആക്രമണങ്ങള്‍ക്ക് സ്ഥാപനത്തിന് നേരെയുള്ള ആക്രമണത്തിനും കാരണമാകുമെന്ന ഭയമുള്ളതായും ഫേസ്ബുക്ക് ജീവനക്കാരന്‍ പറഞ്ഞതായും റിപ്പോര്‍ട്ടുണ്ട്.

ഫേസ്ബുക്ക് ബി.ജെ.പി അനുകൂല നടപടികള്‍ എടുക്കുന്നതായി തെളിവുകള്‍ സഹിതം നേരത്തെയും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

ഫേസ്ബുക്കിനെതിരെ ഗുരുതര വെളിപ്പെടുത്തലുമായി മാര്‍ക്ക് ലൂക്കി എന്ന മുന്‍ ജീവനക്കാരന്‍ രംഗത്തെത്തിയിരുന്നു. ദല്‍ഹി കലാപത്തില്‍ ഫേസ്ബുക്കിലൂടെ പ്രചരിച്ച വിദ്വേഷ പോസ്റ്റുകളില്‍ നിന്ന് ഫേസ്ബുക്ക് ലാഭമുണ്ടാക്കിയെന്നായിരുന്നു ലൂക്കിയുടെ വെളിപ്പെടുത്തല്‍. വിദ്വേഷ പോസ്റ്റുകള്‍ നിയന്ത്രിക്കുന്നതില്‍ കമ്പനിക്ക് വീഴ്ച പറ്റിയെന്നും അദ്ദേഹം പറഞ്ഞിരുന്നു.

നിര്‍ഭാഗ്യവശാല്‍, വിദ്വേഷപരവും ഭിന്നിപ്പിക്കുന്നതുമായ ഉള്ളടക്കത്തിന് മിക്കപ്പോഴും ഏറ്റവും കൂടുതല്‍ ഷെയറും, ലൈക്കും കമന്റുകളും കിട്ടാറുണ്ട് എന്നതുകൊണ്ടുതന്നെ വിദ്വേഷ ഉള്ളടക്കമുള്ള പോസ്റ്റിന് റീച്ച് നല്‍കുന്നതിലൂടെ ഫേസ്ബുക്ക് ലാഭമുണ്ടാക്കിയെന്നും മാര്‍ക്ക് ലൂക്കി പറഞ്ഞിരുന്നു.

ഫേസ്ബുക്കിന്റെ ബി.ജെ.പി അനുകൂല നിലപാടുമായി ബന്ധപ്പെട്ട് വാള്‍സ്ട്രീറ്റ് ജേര്‍ണലിന്റെ റിപ്പോര്‍ട്ടും പുറത്തുവന്നിരുന്നു. ബി.ജെ.പി നേതാവിനെതിരെ നടപടിയെടുക്കുന്നതിനെതിരെ അന്ന് ഫേസ്ബുക്കിന്റെ പോളിസി ഹെഡ് ആയിരുന്ന അങ്കി ദാസ് ഉപദേശിച്ചതായി വാള്‍സ്ട്രീറ്റ് ജേണലില്‍ റിപ്പോര്‍ട്ട് വന്നിരുന്നു.

ഫേസ്ബുക്കിനെതിരെയുള്ള ആരോപണം പുറത്തുവന്നതിന് പിന്നാലെ വിഷയത്തില്‍ കര്‍ശന നിലപാട് സ്വീകരിക്കണമെന്ന് ശശി തരൂര്‍ അധ്യക്ഷനായ ഐ.ടി പാര്‍ലമെന്ററി സമിതി ആവശ്യപ്പെട്ടിരുന്നു.

ബി.ജെ.പി നേതാവ് ടി രാജ സിംഗിന്റെ വിദ്വേഷ പോസ്റ്റിനെതിരായ നടപടി ഒഴിവാക്കിയതു സംബന്ധിച്ച് നടത്തിയ അന്വേഷണത്തിലാണ് കേന്ദ്ര സര്‍ക്കാരിനു വേണ്ടി ഫേസ്ബുക്ക് തങ്ങളുടെ മാനദണ്ഡങ്ങള്‍ തിരുത്തിയതായി കണ്ടെത്തിയത്..

ഇന്ത്യയിലെ ഫേസ്ബുക്ക് പക്ഷപാതിത്വത്തോടെയാണ് പ്രവര്‍ത്തിക്കുന്നതെന്നും വിദ്വേഷ പ്രസംഗത്തിനെതിരെയുള്ള ഫേസ്ബുക്കിന്റെ നയങ്ങളെ അവഗണിച്ച് കൊണ്ട് മുസ്ലിം വിരുദ്ധത പറയാന്‍ ഫേസ്ബുക്കില്‍ അനുവദിക്കുന്നുണ്ടെന്നുമുള്ള
വാള്‍സ്ട്രീറ്റ് ജേര്‍ണലിന്റെ റിപ്പോര്‍ട്ടിന് പിന്നാലെ വന്ന ടൈംസ് മാഗസിന്റെ റിപ്പോര്‍ട്ട് ഫേസ്ബുക്കിനെ കൂടുതല്‍ പ്രതിസന്ധിയിലാക്കിയിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Facebook Went Soft On Bajrang Dal To Protect Business, Staff: Report