'കോളനിയിലെ സകലമാന ആളുകള്‍ക്കെതിരെയും വസന്ത കേസ് കൊടുത്തിട്ടുണ്ട്, ദളിത് കോളനിയില്‍ അവര്‍ക്കെങ്ങനെ എട്ട് സെന്റ് ഭൂമി കിട്ടി'; യുവതിയുടെ പോസ്റ്റ് വൈറലാവുന്നു
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ഭൂമി ഒഴിപ്പിക്കലിനിടെ ദമ്പതികള്‍ തീകൊളുത്തി ആത്മഹത്യ ചെയ്ത സംഭവത്തില്‍ അയല്‍ക്കാരിയായ വസന്തയ്ക്ക് നേരെ രൂക്ഷ വിമര്‍ശനമുന്നയിച്ച് ഫേസ്ബുക്ക് പോസ്റ്റ്. രാജന്റെ വീടും കോളനിയും സന്ദര്‍ശിച്ചതിന് ശേഷം തൊമ്മിക്കുഞ്ഞ് രമ്യ എന്ന യുവതി ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പാണ് ചര്‍ച്ചയാവുന്നത്.
വസന്ത താമസിക്കുന്ന എട്ട് സെന്റ് സ്ഥലവും വീടും അനധികൃതമാണെന്ന് പോസ്റ്റില്‍ പറയുന്നു. ഒരാള്‍ക്ക് നാല് സെന്റില്‍ കൂടുതല്‍ സ്ഥലം കൈവശം വെയ്ക്കാന്‍ അവകാശമില്ലാത്തിടത്താണ് വസന്തയ്ക്ക് എട്ട് സെന്റ് ഭൂമിയുള്ളതെന്നും പദ്ധതി അത് അനുവദിക്കുന്നില്ലെന്നും തൊമ്മിക്കുഞ്ഞ് രമ്യ ചൂണ്ടിക്കാട്ടുന്നു.
കോളനിയിലെ നിരവധിപേര്‍ക്കെതിരെ നേരത്തേ വസന്ത പലകാരണങ്ങള്‍ പറഞ്ഞ് കേസ് കൊടുത്തിട്ടുണ്ടെന്നും ചിലരെ കള്ളക്കേസില്‍ കുടുക്കി ജയിലില്‍ കിടത്തിയിട്ടുണ്ടെന്നും പോസ്റ്റില്‍ പറയുന്നു. വസന്ത കേസ് കൊടുത്തിട്ടുള്ള ആളുകളോട് സംസാരിച്ചതിന്റെ അനുഭവവും രമ്യ പോസ്റ്റില്‍ പറഞ്ഞിട്ടുണ്ട്.
വസന്ത നേരത്തേ താമസിച്ച സ്ഥലത്തും ആളുകള്‍ക്കെതിരെ കേസ് കൊടുത്തതിന്റെ പേരില്‍ പ്രശ്‌നമുണ്ടാവുകയും ആ സ്ഥലം വിട്ട് പുതിയ സ്ഥലത്തേക്ക് വന്നതാണെന്ന് നാട്ടുകാര്‍ പറഞ്ഞതായും പോസ്റ്റില്‍ പറയുന്നു.
പതിനഞ്ച് വര്‍ഷം മുമ്പ് രണ്ടു പേരുടെ കൈയ്യില്‍ നിന്ന് എഴുതി വാങ്ങിയതാണ് വസന്ത ഇപ്പോള്‍ താമസിക്കുന്ന വീടും സ്ഥലവും. ദളിത് കോളനിയില്‍ അവര്‍ക്കെങ്ങനെ ഇത്രയും സ്ഥലം വാങ്ങാന്‍ പറ്റിയെന്ന ചോദ്യം പോസ്റ്റിലൂടെ രമ്യ ചോദിക്കുന്നു.
വസന്തയ്‌ക്കെതിരെ നാട്ടുകാര്‍ പറഞ്ഞ കാര്യങ്ങള്‍ കള്ളമായാല്‍ പോലും എട്ടു സെന്റിലുള്ള അവരുടെ വീട് നിയമപരമായി ശരിയല്ലെന്നും പോസ്റ്റില്‍ ചൂണ്ടിക്കാട്ടുന്നു.
അതേ സമയം രാജന്റെ മക്കളുടെ പരാതിയില്‍ അയല്‍ക്കാരി വസന്തയുടെ പട്ടയം വ്യാജമാണോ എന്ന് പരിശോധിക്കുമെന്ന് കളക്ടര്‍ പറഞ്ഞിരുന്നു.
വിലയ്ക്കു വാങ്ങിയ ഭൂമി രാജനും കുടുംബവും കയ്യേറിയെന്നും ഭൂമിയുടെ പട്ടയം തന്റെ പേരിലാണെന്നുമാണ് സമീപവാസി വസന്തയുടെ അവകാശവാദം. എന്നാല്‍, സ്ഥലം പുറമ്പോക്കാണെന്നും രാജന്റെ പേരില്‍ വേറെ ഭൂമി ഇല്ലെന്നും ബന്ധുക്കളും നാട്ടുകാരും പറഞ്ഞിരുന്നു.
നെയ്യാറ്റിന്‍കര പോങ്ങില്‍ മൂന്ന് സെന്റ് ഭൂമിയില്‍ ഷെഡ് കെട്ടി താമസിക്കുകയായിരുന്നു രാജനും ഭാര്യയും രണ്ട് ആണ്‍മക്കളുമടങ്ങുന്ന കുടുംബം. രാജന്‍ ഭൂമി കയ്യേറിയെന്നാരോപിച്ച് വസന്ത മുന്‍സിഫ് കോടതിയില്‍ കേസ് നല്‍കിയിരുന്നു. ആറ് മാസം മുന്‍പ് രാജനെതിരെ കോടതി വിധി വന്നു. ഉത്തരവ് നടപ്പാക്കാനായി കോടതിയില്‍ നിന്നുള്ള ഉദ്യോഗസ്ഥരും പൊലീസും എത്തിയപ്പോഴാണ് ആത്മഹത്യാശ്രമം. ഡിസംബര്‍ 22നാണ് സംഭവം നടന്നത്.
കഴിഞ്ഞ ജൂണില്‍ കോടതി കമ്മീഷനെ നിയോഗിച്ച് ഒഴിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും അത് രാജന്‍ തടസപ്പെടുത്തിയിരുന്നു. ആത്മഹത്യാഭീഷണി മാത്രമായിരുന്നു ലക്ഷ്യമെന്നും പൊലീസിടപെട്ടതോടെയാണ് തീകൊളുത്തേണ്ടി വന്നതെന്നും രാജന്‍ മൊഴി നല്‍കിയിരുന്നു.
അതേസമയം ദമ്പതികള്‍ തീകൊളുത്തി മരിച്ച സംഭവത്തില്‍ ആത്മഹത്യ ചെയ്തതിനും, കോടതി ഉദ്യോഗസ്ഥരുടെ ജോലി തടസ്സപ്പെടുത്തിയതിനും നെയ്യാറ്റിന്‍കര പൊലീസ് കേസെടുത്തു. രാജനെതിരെയാണ് ആത്മഹത്യക്ക് പൊലീസ് സ്വമേധയാ കേസെടുത്തത്.
അഭിഭാഷക കമ്മീഷന്റെ മൊഴിയിലാണ് ജോലി തടസ്സപ്പെടുത്തിയതിനെതിരെ കേസെടുത്തിരിക്കുന്നത്. പൊലീസുകാരുടെ ഭാഗത്ത് വീഴ്ചയുണ്ടായിട്ടുണ്ടോ എന്ന കാര്യം കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചതായും റൂറല്‍ എസ്.പി അറിയിച്ചു.
അതേസമയം, സംഭവത്തില്‍ പൊലീസുകാര്‍ക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് രാജന്റെയും അമ്പിളിയുടെയും മക്കള്‍ പരാതി നല്‍കിയിട്ടുണ്ട്.
70 ശതമാനത്തോളം പൊള്ളലേറ്റ് ചികിത്സയിലായിരുന്ന രാജന്റെ രണ്ട് വൃക്കകളും തകരാറിലായതോടെയാണ് തിങ്കളാഴ്ച രാവിലെയോടെ മരണപ്പെടുന്നത്. വൈകീട്ടോടെ ഭാര്യ അമ്പിളിയും മരിക്കുകയായിരുന്നു.
രാജന്റെ മൃതദേഹം പോങ്ങില്‍ ഇവര്‍ താമസിക്കുന്ന സ്ഥലത്ത് തന്നെ കഴിഞ്ഞ ദിവസം അടക്കി. മക്കള്‍ കുഴിയെടുത്താണ് അടക്കിയത്. കുഴിയെടുക്കുന്നതിനിടെ രാജന്റെ മകനോട് പൊലീസ് കയര്‍ത്തു സംസാരിക്കുന്നതിന്റെയും രഞ്ജിത്ത് മറുപടി പറയുന്നതിന്റെയും വീഡിയോ കഴിഞ്ഞ ദിവസം ഏറെ ചര്‍ച്ചയായിരുന്നു.
അതേസമയം മരിച്ച രാജന്റെയും അമ്പിളിയുടേയും മക്കളുടെ സംരക്ഷണം സര്‍ക്കാര്‍ ഏറ്റെടുത്തിട്ടുണ്ട്. കുട്ടികള്‍ക്ക് വീട് വെച്ച് നല്‍കാന്‍ അടിയന്തര നടപടിക്ക് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി. മക്കളുടെ വിദ്യാഭ്യാസ ചിലവും സര്‍ക്കാര്‍ ഏറ്റെടുക്കും.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക