ഹലാല്‍ വിവാദം; ബിസിനസ് കൊഴുപ്പിക്കാനുള്ള കമ്പനികളുടെ തന്നെ തന്ത്രമോ?
Notification
ഹലാല്‍ വിവാദം; ബിസിനസ് കൊഴുപ്പിക്കാനുള്ള കമ്പനികളുടെ തന്നെ തന്ത്രമോ?
ലത്തീഫ് അബ്ബാസ് പട്‌ല
Thursday, 7th January 2021, 1:22 pm

അറവു മാംസഭക്ഷണങ്ങളുടെ കാര്യത്തിലാണ് ഹലാല്‍ എന്ന കാറ്റഗറി മുസ്ലിങ്ങള്‍ ഫോളോ ചെയ്യുന്നത്. അതായത് ദൈവനാമത്തില്‍ ഒരു മുസ്‌ലിം അറുത്ത മാംസമാവുക എന്നാണ് ഇതിന്റെ ഉദ്ദേശ്യം.

മുസ്ലിങ്ങള്‍ ‘ഹലാല്‍’ എന്നത് വിശ്വാസത്തിന്റെ ഭാഗമായി കൊണ്ടു നടക്കുന്നതിനാല്‍ (എല്ലാവരുമല്ല), വിശ്വാസികളെ കൂടുതലായി ആകര്‍ഷിക്കാന്‍ കച്ചവടക്കാര്‍ കണ്ടെത്തിയ ഒരു മാര്‍ക്കറ്റിംഗ് തന്ത്രമാണ് മാംസ പ്രൊഡക്ടുകളുടെ മേല്‍ (ബിരിയാണി, ചിക്കന്‍, ബീഫ് കറികള്‍, മറ്റ് ഫാസ്റ്റ്ഫുഡ് ഐറ്റംസ്) ഹലാല്‍ സ്റ്റിക്കറുകള്‍ പതിക്കല്‍. ആഗോള വ്യാപകമായ ഒരു ബിസിനസ്സ് തന്ത്രമാണിത്. വലിയ മള്‍ട്ടി നാഷണല്‍ കമ്പനികളായ ചെേലഹണു മുതല്‍ ഇന്ത്യന്‍ കമ്പനിയായ Gujarat Ambuja Exports വരെ തങ്ങളുടെ ലാഭം കൊഴുപ്പിക്കാനായി ഹലാല് സ്റ്റിക്കര്‍ പതിക്കുന്നു.

ഇതുവഴി സാമുദായിക ചേരിതിരിവോ വര്‍ഗീയ പ്രചരണങ്ങളോ ഇത്രകാലം ഉണ്ടായിട്ടില്ല. കാരണം ഏതൊരു കടക്കാരനും രാമേട്ടനോ, അബ്ദുള്ളക്കോ, ജോസഫിനോ തന്റെ കടയിലെ മാംസ പ്രൊഡക്ടുകള്‍ മുസ്‌ലിം അറവുശാലയില്‍ നിന്ന് കൊണ്ടുവന്നതാണെങ്കില്‍ ഹലാല്‍ എന്ന സ്റ്റിക്കര്‍ ഉപയോഗിക്കാവുന്നതാണ്. അതു വഴി കൂടുതല്‍ മുസ്‌ലിം ഉപഭോക്താക്കള്‍ ആകര്‍ഷിതരായെന്നു വരും. കച്ചവടം മെച്ചപ്പെടും.

ഇനി,

മാംസം മുസ്‌ലിം അറവുശാലയില്‍ നിന്ന് കൊണ്ടുവന്നതല്ലെങ്കിലും ഒരാള്‍ക്ക് കടയില്‍ ഹലാല്‍ സ്റ്റിക്കര്‍ ഉപയോഗിക്കാം. കാരണം വിശ്വാസികളെ കബളിപ്പിച്ച് കച്ചവടം മെച്ചപ്പെടുത്താന്‍ അത്രയൊക്കെ മതി. ഒരു ഉപഭോക്താവും ഹോട്ടലില്‍ ഉടമസ്ഥനോട് മാംസം ഏത് അറവുശാലയില്‍ നിന്ന് എങ്ങനെ കൊണ്ടുവന്നു എന്നൊന്നും തിരക്കാറില്ല. അതുകൊണ്ട് രമേട്ടനോ ജോസഫിനോ അബ്ദുള്ളക്കോ കടയില്‍ ഒരു ഹലാല്‍ സ്റ്റിക്കര്‍ തൂക്കിയാല്‍ കച്ചവടം മെച്ചപ്പെടുത്താം എന്നേയുള്ളൂ.

ഇനി,

ഹലാല്‍ കാരണം സാമ്പത്തികമായ അസമത്വമോ സാമുദായിക വിവേചനമോ വന്നു ചേരുന്നു എന്ന വാദം പരിശോധിക്കാം…
ദൈവനാമത്തില്‍ ഒരു മുസ്‌ലിം അറിക്കുന്നതിനാണല്ലോ ഹലാല്‍ എന്നു പറയുക. അപ്പോള്‍ ‘മുസ്‌ലിം ഉടമസ്ഥതയില്‍ ഉള്ള അറവുശാലകള്‍ക്കോ അല്ലെങ്കില്‍ മുസ്‌ലിം അറവു തൊഴിലാളികള്‍ ഉള്ള അറവുശാലകള്‍ക്കോ കൂടുതല്‍ ഡിമാന്‍ഡ് വര്‍ധിക്കുകയും അമുസ്‌ലിങ്ങളുടെ അറവുശാലയുടെ കച്ചവടം മന്ദഗതിയിലാവുകയും ചെയ്യുമല്ലോ എന്ന സ്വാഭാവികമായ സംശയം ഉണ്ടായേക്കാം,’

ഈ സംശയം അസ്ഥാനത്താണ്. കാരണം അറവുകാരന്‍വ്യക്തി മാത്രം മുസ്‌ലിം ആയാല്‍ മതി. ഒരു അറവുശാലയില്‍ ഒരു അറവുകാരനേ ആവശ്യമുള്ളൂ, അയാള്‍ മുസ്‌ലിം ആയാല്‍ മാംസം ഹലാല്‍ ഫുഡായി.

കൃഷ്ണേട്ടന്‍ നടത്തുന്ന അറവുശാലയിലും ജോസഫ് നടത്തുന്ന അറവുശാലയിലും ഒരു മുസ്‌ലിം അറവുകാരനെ വെച്ച് ഹലാല്‍ എന്ന ബോര്‍ഡ് തൂക്കിയിടാവുന്നതേയുള്ളൂ…

ഇനി,

ഹലാല്‍ വിവാദമാകുന്ന പശ്ചാത്തലം പരിശോധിക്കാം…

ക്രിസ്ത്യാനികളും ഹൈന്ദവരുമായ ചില വിശ്വാസികള്‍ കരുതുകയാണ്; ‘മുസ്‌ലിംകളുടെ ദൈവനാമത്തില്‍ അറുത്ത മാംസം നമുക്ക് വേണ്ട, നമ്മള്‍ അത്തരം ഭക്ഷണങ്ങളെ ബഹിഷ്‌കരിക്കുന്നതാണ്.’

ഇതാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന ഒരു ക്യാംപെയിന്‍. ഇത് വലിയൊരു വര്‍ഗീയ പ്രശ്നമായി മാറുമെന്നും ഇത് ഇസ്‌ലാമോഫോബിയ അഴിച്ചുവിട്ടേക്കുമെന്നൊക്കെ പലരും ആശങ്കപ്പെടുന്നുണ്ട്.

എന്നാല്‍, ഈയൊരു പ്രചരണം ഒരു തരത്തിലും മുസ്‌ലിം സമുദായത്തെ ബാധിക്കാന്‍ പോകുന്നില്ല, അതിനാല്‍ മുസ്‌ലിങ്ങള്‍ പ്രതിരോധത്തിലാവുകയും വേണ്ട, കാരണം ഇത് മതഭേദമില്ലാതെ ബാധിക്കുന്നത് കച്ചവടക്കാരെ മാത്രമാണ്. അവരായിട്ടു തുടങ്ങിയ കച്ചവട തന്ത്രം പാളിപ്പോകുന്നു എന്ന് കരുതാം.

കച്ചവടക്കാരുടെ മുന്നില്‍ ഇനി രണ്ടു മാര്‍ഗങ്ങള്‍ മാത്രമാണുള്ളത്, ഒന്നുകില്‍ അവര്‍ ഹലാലിനു പുറമേ നോണ്‍ ഹലാല്‍ എന്ന പുതിയ കാറ്റഗറി ഭക്ഷണ കാര്യത്തില്‍ ഉള്‍പ്പെടുത്തി ഈ പ്രചരണക്കാരെ ആശ്വസിപ്പിക്കേണ്ടി വരും. അത് പ്രയാസകരമായ പദ്ധതിയാണ്. അതല്ലെങ്കില്‍ നിലവില്‍ മുസ്‌ലിം ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ ഉപയോഗിക്കുന്ന ഹലാല്‍ ബോര്‍ഡ് എടുത്തു മാറ്റി മൗനം പാലിക്കണം. ഹലാല്‍ ബോര്‍ഡ് വെച്ച് ലാഭം കൊഴുപ്പിക്കാമെന്നു കരുതിയ ബിസിനസ് തന്ത്രം ഒടുവില്‍ ഇതേ ബിസിനസുകാര്‍ക്ക് തന്നെ എടുത്തു മാറ്റേണ്ടി വരുന്നു എന്നതാണ് രസകരമായ പരിണതി.

എനിക്ക് തോന്നിയ മറ്റൊരു പ്രധാന ചിന്ത; ഇന്ന് ട്വിറ്ററക്കമുള്ള സാമൂഹിക മാധ്യമങ്ങളില്‍ നടക്കുന്ന ഈയൊരു പ്രചരണത്തിന്നു പിന്നില്‍ ഏതെങ്കിലും മുസ്‌ലിം വിരുദ്ധരോ ഹിന്ദുവോ ക്രിസ്ത്യനോ ആയ മതസമുദായമോ അല്ല പ്രവര്‍ത്തിക്കുന്നത്, മറിച്ച് ഹലാല്‍ ബ്രാന്‍ഡ് തുടങ്ങി വെച്ച മള്‍ട്ടിനാഷണല്‍ കമ്പനികള്‍ തന്നെയായിരിക്കണം ഈ ക്യാംപെയിനു പിന്നില്‍, കാരണം അറവു യന്ത്രങ്ങള്‍ കണ്ടു പിടിക്കുന്നതിനു മുമ്പാണ് ഈ ഹലാല്‍ കാറ്റഗറികള്‍ തുടങ്ങിയത്. എന്നാല്‍ അറവു യന്ത്രങ്ങള്‍ കണ്ടുപിടിച്ചതിനു ശേഷം അവര്‍ക്ക് തന്നെ യന്ത്രങ്ങള്‍ ഉപയോഗിക്കാന്‍ പറ്റാത്ത അവസ്ഥയായി. കാരണം യന്ത്രങ്ങള്‍ കൊണ്ട് അറുത്ത മാംസങ്ങള്‍ ശരീഅപ്രകാരം മുസ്‌ലിങ്ങള്‍ക്ക് ഹലാല്‍ ആവുകയില്ല.

അപ്പോള്‍ മാര്‍ക്കറ്റില്‍ നിന്ന് ഹലാല്‍ മുഖമുദ്ര എടുത്തു മാറ്റാന്‍ ഒറ്റ വഴിയേയുള്ളു, ഹലാലിനെതിരെ വ്യാപക പ്രതിഷേധം നടത്തിക്കുക. അങ്ങനെ മാര്‍ക്കറ്റില്‍ ഹലാല്‍ കാറ്റഗറി തിരോഭവിക്കുമ്പോള്‍ അറവു യന്ത്രം വ്യാപകമായി ഉപയോഗിച്ച് ബിസിനസ് കൊഴുപ്പിക്കാം. ഈ കോര്‍പ്പറേറ്റ് ബുദ്ധിയായിരിക്കണം ഇതിനു പിന്നില്‍. അപ്പോള്‍ ഹലാലിനു പിന്നാലെ ഓടി നടന്നവനും ഹലാലിനെ പ്രതിഷേധിക്കാന്‍ ചാടി നടന്നവനും ആരായീ….????

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highight: Facebook Notification Halal Food Latheef Abbas Patla