ന്യൂദല്‍ഹി: ബി.ജെ.പി നേതാക്കള്‍ക്ക് ഫേസ്ബുക്ക് പ്രത്യേക പരിഗണന നല്‍കിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ട്.
കഴിഞ്ഞ ദല്‍ഹി തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് ഫേസ്ബുക്കിന്റെ സഹായം കിട്ടിയതായി കമ്പനിയുടെ മുന്‍ ഡാറ്റ സൈന്റിസ്റ്റ് വെളിപ്പെടുത്തി.
ബി.ജെ.പി, കോണ്‍ഗ്രസ്, ആംആദ്മി എന്നീ പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാനായി വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുകള്‍ തുടങ്ങിയിരുന്നെന്നും എന്നാല്‍ ബി.ജെ.പിയുടെ വ്യാജ അക്കൗണ്ടുകള്‍ക്കെതിരെ ഫേസ്ബുക്ക് നടപടി സ്വീകരിച്ചില്ലെന്നും സോഫി ഷാന്‍ങ് പറഞ്ഞു.
‘അഞ്ച് നെറ്റ് വര്‍ക്കുകളില്‍ നാലെണ്ണം ഞങ്ങള്‍ നീക്കം ചെയ്തു, എന്നാല്‍ അഞ്ചാമത്തേത് അവസാന നിമിഷത്തില്‍ നിര്‍ത്തിവെച്ചു. അത് നീക്കം ചെയ്യാന്‍ പോകുന്നതിന് തൊട്ടുമുമ്പായിരുന്നു അത് ഒരു ബി.ജെ.പി നേതാവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ഞങ്ങള്‍ മനസ്സിലാക്കിയത്,” അവര്‍ പറഞ്ഞു.
പിന്നീട് ഈ അക്കൗണ്ടിനെതിരെ എന്ത് നടപടി സ്വീകരിച്ചത് ആരും പറഞ്ഞില്ലെന്നും അവര്‍ പറഞ്ഞു. എന്നാല്‍, ഫേസ്ബുക്ക് സോഫിയയുടെ ആരോപണങ്ങള്‍ നിഷേധിച്ചു.
ഇതിന് മുന്‍പും ഫേസ്ബുക്ക് ബി.ജെ.പിക്ക് അതിരുവിട്ട സഹായങ്ങള്‍ ചെയ്തിട്ടുണ്ട്. ഫേസ്ബുക്കിനെതിരെ ഗുരുതര വെളിപ്പെടുത്തലുമായി മുന്‍ ജീവനക്കാരന്‍ മാര്‍ക്ക് ലൂക്കി രംഗത്തുവന്നിരുന്നു. ദല്‍ഹി കലാപത്തില്‍ ഫേസ്ബുക്കിലൂടെ പ്രചരിച്ച വിദ്വേഷ പോസ്റ്റുകളില്‍ നിന്ന് ഫേസ്ബുക്ക് ലാഭമുണ്ടാക്കിയെന്നാണ് ലൂക്കി പറഞ്ഞത്.
ബി.ജെ.പി നേതാവ് ടി. രാജ സിംഗിന്റെ വിദ്വേഷ പോസ്റ്റിനെതിരായ നടപടി ഒഴിവാക്കിയത് സംബന്ധിച്ച് നടത്തിയ അന്വേഷണത്തില്‍ കേന്ദ്ര സര്‍ക്കാരിനു വേണ്ടി ഫേസ്ബുക്ക് തങ്ങളുടെ മാനദണ്ഡങ്ങള്‍ തിരുത്തിയതായും കണ്ടെത്തിയിരുന്നു.
തീവ്ര ഹിന്ദുത്വ സംഘടനയായ ബജ്‌രംഗ് ദളിനോട് ഫേസ്ബുക്ക് മൃദുസമീപനമാണ് സ്വീകരിച്ചുകൊണ്ടിരിക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
ഇന്ത്യയിലുടനീളമുള്ള ന്യൂനപക്ഷങ്ങള്‍ക്കെതിരായ അതിക്രമങ്ങളെ പിന്തുണയ്ക്കുന്ന അപകടകരമായ സംഘടനയായി ഫേസ്ബുക്കിന്റെ സുരക്ഷാ സംഘം തന്നെ ടാഗ് ചെയ്ത സംഘടനാണ് ബജ്‌രംഗ് ദള്‍. എന്നാല്‍ ഫേസ്ബുക്ക് തന്നെ ഈ സംഘടനയ്ക്ക് അനുകൂലമായ നടപടികള്‍ എടുത്തിട്ടുണ്ടെന്നാണ് വാള്‍സ്ട്രീറ്റ് ജേണല്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്.