മെസിക്കായി സൗദി ക്ലബ്ബുകൾ രം​ഗത്ത് വന്നിട്ടില്ല, വാസ്തവം മറ്റൊന്ന്: ഫാബ്രിസിയോ റൊമാനോ
Football
മെസിക്കായി സൗദി ക്ലബ്ബുകൾ രം​ഗത്ത് വന്നിട്ടില്ല, വാസ്തവം മറ്റൊന്ന്: ഫാബ്രിസിയോ റൊമാനോ
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 19th January 2023, 9:00 am

പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ സൗദി അറേബ്യൻ ക്ലബ്ബായ അൽ നസർ വാങ്ങിയത് മുതൽ ക്ലബ്ബിന്റെ വിപണി മൂല്യവും ബ്രാൻഡ് മൂല്യവും കുതിച്ചുയർന്നിരിക്കുകയാണ്.

റൊണാൾഡോ അൽ നസ്റിൽ എത്തിയതിന് പിന്നാലെ അൽ നസറിന്റെ പ്രോ ലീഗിലെ ചിര വൈരികളായ അൽ ഹിലാൽ മെസിയെ അവരുടെ തട്ടകത്തിലെത്തിക്കാൻ ശ്രമങ്ങൾ നടത്തുന്നുണ്ട് എന്ന തരത്തിലുള്ള റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു.

മാത്രമല്ല മെസിയുടെ പിതാവ് ജോർജ് മെസി അൽ ഹിലാലുമായി ചർച്ചകൾ നടത്താൻ റിയാദിലെത്തിച്ചേർന്നു എന്ന റിപ്പോർട്ടും പ്രചരിച്ചിരുന്നു.

അൽ ഹിലാലിന് പുറമെ മറ്റൊരു പ്രമുഖ പ്രോ ലീഗ് ക്ലബ്ബായ അൽ ഇത്തിഹാദും മെസിയെ സ്വന്തമാക്കാൻ രംഗത്തുണ്ട് എന്നും ഇരു ടീമുകളും 350 മില്യൺ യൂറോ മൂല്യം വരുന്ന പ്രതിവർഷക്കരാറിലാണ് മെസിയെ ടീമിലെത്തിക്കാൻ ശ്രമിക്കുന്നത് എന്നും അഭ്യൂഹങ്ങളുണ്ടായിരുന്നു.

പി.എസ്.ജിയുമായുള്ള മെസിയുടെ കരാർ ഈ സീസണോടെ അവസാനിക്കാനിരിക്കെ ഫ്രീ ഏജന്റ് ആയി മാറുന്ന താരത്തെ ടീമിലെത്തിക്കാനുള്ള നീക്കങ്ങളാണ് ഇപ്പോഴേ അറബ് ക്ലബ്ബുകൾ നടത്തുന്നതെന്നായിരുന്നു റിപ്പോർട്ടുകൾ.

എന്നാൽ പ്രചരിക്കുന്നതെല്ലാം അഭ്യൂഹങ്ങൾ മാത്രമാണെന്നും മെസിക്കായി സൗദി അറേബ്യൻ ക്ലബ്ബുകൾ രം​ഗത്ത് വന്നിട്ടില്ലെന്നും അറിയിരിക്കുകയാണ് പ്രമുഖ ഫുട്ബോൾ ജേണലിസ്റ്റും ട്രാൻസ്ഫർ എക്സപർട്ടുമായ ഫാബ്രിസിയോ റൊമാനോ.

ഈ അഭ്യൂഹങ്ങളിൽ യാഥാർത്ഥ്യമില്ല. മെസിയെ സൈൻ ചെയ്യിക്കാൻ സൗദി അറേബ്യൻ ക്ലബ് രം​ഗത്തെത്തിയിട്ടില്ല. യാതൊരു ഓഫറും നൽകിയിട്ടുമില്ല.

ഈ സീസണോടെ കരാർ അവസാനിക്കുന്ന ലയണൽ മെസി ഫ്രഞ്ച് ക്ലബായ പി.എസ്‌.ജിയിൽ തന്നെ കരാർ പുതുക്കി തുടരാനുള്ള പദ്ധതിയിലാണ്, റൊമാനോ പറഞ്ഞു.

ലോകകപ്പിന് ശേഷം ലയണൽ മെസി കരാർ പുതുക്കുമെന്ന റിപ്പോർട്ടുകൾ നേരത്തെ ഉണ്ടായിരുന്നെങ്കിലും ഇതുവരെയും അക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. ലോകകപ്പ് വിജയം നേടിയ ലയണൽ മെസിയെ ഒരു വർഷത്തെ കരാർ കൂടി നൽകി ക്ലബിനൊപ്പം നിലനിർത്താനാണ് പി.എസ്‌.ജി ഒരുങ്ങുന്നത്.

നേരത്തെ ബാഴ്‌സലോണ താരത്തെ തിരിച്ച് കൊണ്ടുവരാൻ ശ്രമം നടത്തുന്നുണ്ടെന്ന റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും അതിലും വാസ്തവമില്ലെന്ന് ഫാബ്രിസിയോ റൊമാനോ പറഞ്ഞു.

മെസിയുടെ കരാർ 2024 വരെ നീട്ടാനും ഈ കാലയളവിൽ താരം മറ്റ് ക്ലബ്ബുകളിൽ പോകുന്നത് തടയാനും നടപടി സ്വീകരിക്കാൻ പി.എസ്.ജി മാനേജ്മെന്റ് വിളിച്ചു ചേർത്ത യോഗത്തിൽ തീരുമാനമുണ്ടായതായി നേരത്തെ റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു.

Content Highlights: Fabrizio Romano responds on Lionel Messi’s club transfer rumors