Entertainment news
ആ സിനിമക്ക് ശേഷം ഒരു വര്‍ഷത്തോളം വെറുതെ ഇരിക്കേണ്ടി വന്നു, അന്ന് സിനിമയോട് ദേഷ്യം തോന്നി: ഇര്‍ഷാദ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Mar 10, 11:36 am
Monday, 10th March 2025, 5:06 pm

സീരിയലുകളിലും സിനിമകളിലും സജീവമാണ് ഇര്‍ഷാദ് അലി. സിബി മലയില്‍ സംവിധാനം ചെയ്ത ക്യാമ്പസ് കഥയായ പ്രണയവര്‍ണ്ണങ്ങള്‍ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം അഭിനയരംഗത്തേക്ക് പ്രവേശിച്ചത്. പിന്നീട് നിരവധി സീരിയലുകളില്‍ സഹനടനായി അഭിനയിച്ചിട്ടുണ്ട്. ഭക്തജനങ്ങളുടെ ശ്രദ്ധയ്ക്ക് എന്ന ചിത്രത്തില്‍ നായകനായും അഭിനയിച്ചു. 150ഓളം ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

അഭിനയ ജീവിതത്തില്‍ തനിക്ക് അഹങ്കാരം വന്നിട്ടുണ്ടെന്നും ചെറിയ വേഷങ്ങള്‍ ലഭിക്കുമ്പോള്‍ അത് വേണ്ടായെന്ന് വച്ചിട്ടുണ്ടെന്നും പറയുകയാണ് ഇര്‍ഷാദ് അലി. സിനിമ തന്നെ ശരിക്കും പരിഗണിച്ചിട്ടില്ലെന്ന് തോന്നിയിട്ടുണ്ടെന്നും നായകനായി അഭിനയിച്ചതുകൊണ്ട് തനിക്ക് അവസരം ലഭിക്കുമെന്നുമാണ് ആദ്യം വിചാരിച്ചതെന്നും പറയുന്നുണ്ട് നടന്‍.

ആ സമയത്ത് സിനിമയോട് തനിക്ക് ദേഷ്യം തോന്നിയിട്ടുണ്ടെന്നും ചെറിയ വേഷങ്ങള്‍ വരുമ്പോള്‍ ചെയ്യില്ലായിരുന്നുവെന്നും ഇര്‍ഷാദ് കൂട്ടിച്ചേര്‍ക്കുന്നു. കാന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് നടന്‍ ഇക്കാര്യം പറഞ്ഞത്.

‘ഞാനൊരു ഭയങ്കര ഹാര്‍ഡ് വര്‍ക്കറല്ലായിരുന്നു. ഇപ്പോഴാണ് കുറച്ച് കൂടി ഹാര്‍ഡ് വര്‍ക്ക് ചെയ്യാന്‍ തുടങ്ങിയത്. പാഠം ഒന്ന് ഒരു വിലാപം എന്ന സിനിമയില്‍ നായകനായി ചെയ്ത ശേഷം ഒരു വര്‍ഷം ഒരു പണിയുമില്ലാതെയിരുന്നിട്ടുണ്ട്. എന്റെ ധാരണകളുടെ കൂടെ പ്രശ്‌നമാണത്. ഞാന്‍ വിചാരിച്ചു സിനിമ വരുമായിരിക്കുമെന്ന്.

ഞാന്‍ നായകനായി അഭിനയിച്ചതല്ലെ? ഞാന്‍ വിളിക്കേണ്ട കാര്യമുണ്ടോയെന്നൊക്കെ വിചാരിച്ചിരുന്നു. എന്റെ വിവരമില്ലായ്മയുടെയും മണ്ടത്തരത്തിന്റെയുമൊക്കെ കുഴപ്പമാണ്. സിനിമയെന്നെ ശരിക്കും പരിഗണിച്ചിട്ടില്ലായെന്ന് തോന്നിയിട്ടുണ്ട്. അപ്പോള്‍ സിനിമയോട് ദേഷ്യം തോന്നിയിട്ടുണ്ട്. ചെറിയ വേഷങ്ങള്‍ വരുമ്പോള്‍ സീരിയലില്‍ നായകനായി അഭിനയിച്ച് കൊണ്ടിരിക്കുകയാണെന്ന് പറയും.

വിവരമില്ലായ്മയാണത്, നമ്മള്‍ ആ സമയത്തും സിനിമ ട്രൈ ചെയ്ത് കൊണ്ടിരിക്കണം. ഞാനപ്പോള്‍ സീരിയലുകള്‍ മാത്രം തുടര്‍ച്ചയായി ചെയ്തുകൊണ്ടിരുന്നു. അപ്പോഴാണ് ജോണി ചേട്ടന്റെ (ജോണി ആന്റണി) കൊച്ചി രാജാവൊക്കെ വന്നത്,’ ഇര്‍ഷാദ് പറയുന്നു.

ടി. വി. ചന്ദ്രന്റെ പാഠം ഒന്ന് ഒരു വിലാപം, പ്രിയനന്ദന്റെ ഭക്തജനങ്ങളുടെ ശ്രദ്ധയ്ക്ക് എന്നീ സിനിമകളിലെ ഇര്‍ഷാദിന്റെ പ്രകടനം പ്രേക്ഷകനിരൂപണം നേടി. ടി. വി. ചന്ദ്രന്‍ സംവിധാനം ചെയ്ത ഡാനി, വിലാപങ്ങള്‍ക്കപ്പുറം, ഭൂമി മലയാളം, പി. ടി. കുഞ്ഞുമുഹമ്മദിന്റെ പരദേശി, പ്രിയനന്ദനന്റെ പുലിജന്മം, മധു കൈതപ്രത്തിന്റെ മധ്യവേനല്‍, ഡോക്ടര്‍ ബിജുവിന്റെ വീട്ടിലേയ്ക്കുള്ള വഴി എന്നീ സിനിമകളിലും ശ്രദ്ധേയമായ വേഷങ്ങള്‍ ഇര്‍ഷാദ് ചെയ്തു.

content highlights: Irshad said that there were no films for a year after the film Paadam Onnu Oru Vilapam