Sports News
ജയിക്കാനാണ് കളിക്കുന്നത്, ഉത്തരവാദിത്തമുള്ളത് അവരോട് മാത്രം; ഇന്ത്യന്‍ വിജയത്തെക്കുറിച്ച് ഗൗതം ഗംഭീര്‍
സ്പോര്‍ട്സ് ഡെസ്‌ക്
2025 Mar 10, 11:50 am
Monday, 10th March 2025, 5:20 pm

ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യ ജേതാക്കളായിരിക്കുകയാണ്. ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നാല് വിക്കറ്റിന് ന്യൂസിലാന്‍ഡിനെ തോല്‍പ്പിച്ചാണ് ഇന്ത്യ വിജയം കരസ്ഥമാക്കിയത്. ആറ് പന്ത് ബാക്കി നില്‍ക്കെയായിരുന്നു ഇന്ത്യയുടെ വിജയം.

ഫൈനലില്‍ ടോസ് നേടിയ ന്യൂസിലാന്‍ഡ് ബാറ്റിങ് തെരഞ്ഞെടുത്ത് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 251 റണ്‍സെടുത്തിരുന്നു. ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ അര്‍ധ സെഞ്ച്വറി കരുത്തിലാണ് ഇന്ത്യ വിജയ ലക്ഷ്യം മറികടന്നത്. വിജയത്തോടെ ഇന്ത്യ മൂന്നാം ചാമ്പ്യന്‍സ് ട്രോഫി കിരീടമാണ് സ്വന്തമാക്കിയത്.

ഇന്ത്യയുടെ കിരീട നേട്ടത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് മുഖ്യ പരിശീലകനായ ഗൗതം ഗംഭീര്‍. മത്സരങ്ങള്‍ ജയിക്കാനാണ് കളിക്കുന്നതെന്നും സമ്മര്‍ദ ഘട്ടങ്ങളില്‍ പോസറ്റീവായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയ്ക്കായി വ്യത്യസ്ത മത്സരങ്ങളില്‍ വ്യത്യസ്ത കളിക്കാരാണ് സ്‌കോര്‍ ചെയ്തതെന്നും ഗംഭീര്‍ കൂട്ടിച്ചേര്‍ത്തു.

‘നിങ്ങള്‍ മത്സരങ്ങള്‍ കളിക്കുന്നത് തോല്‍ക്കാനല്ല, ജയിക്കാനാണ്. കിരീടങ്ങള്‍ നേടാന്‍ സമ്മര്‍ദ ഘട്ടങ്ങളില്‍ പോസറ്റീവായിരിക്കുകയും സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് കളിക്കുകയും വേണം.

താരങ്ങള്‍ ധീരരായിരുന്നു. വ്യത്യസ്ത മത്സരങ്ങളില്‍ വ്യത്യസ്ത താരങ്ങളാണ് ടീമിനായി സ്‌കോര്‍ ചെയ്തത്. ബാറ്റര്‍മാര്‍ കളി ജയിപ്പിക്കുമെന്നും ബൗളര്‍മാര്‍ ടൂര്‍ണമെന്റുകള്‍ വിജയിപ്പിക്കുമെന്നും ഞാന്‍ മുമ്പും പറഞ്ഞിട്ടുണ്ട്,’ ഗംഭീര്‍ പറഞ്ഞു.

എല്ലാ ദിവസവും തനിക്ക് സമ്മര്‍ദമുണ്ടെന്നും ഇന്ത്യന്‍ ആരാധകരോട് മാത്രമാണ് ഉത്തരവാദിത്തമുള്ളതെന്നും ഗംഭീര്‍ പറഞ്ഞു. ടീമിനെ പിന്തുണക്കാന്‍ മണിക്കൂറുകളോളം കാത്തിരുന്ന ആരാധകര്‍ സങ്കടപ്പെടുന്നത് കാണാന്‍ ആഗ്രഹമില്ലെന്നും പരിശീലകന്‍ വ്യക്തമാക്കി.

‘ദിവസവും എനിക്ക് സമ്മര്‍ദമുണ്ട്. പക്ഷേ, എനിക്ക് ഇന്ത്യന്‍ ആരാധകരോട് മാത്രമേ ഉത്തരവാദിത്തമുള്ളൂ. ഞങ്ങളെ പിന്തുണയ്ക്കാന്‍ 10 മണിക്കൂര്‍ ഗ്രൗണ്ടില്‍ ഇരുന്നതിനുശേഷം, ഞങ്ങളുടെ തോല്‍വിയില്‍ ഒരു കുട്ടി പോലും സങ്കടപ്പെടുന്നത് കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല,’ ഗംഭീര്‍ പറഞ്ഞു.

ടി-20 ലോകകപ്പിന് ശേഷം രാഹുല്‍ ദ്രാവിഡിന്റെ പിന്‍ഗാമിയായാണ് ഗൗതം ഗംഭീര്‍ ഇന്ത്യന്‍ പരിശീലക കുപ്പായത്തിലെത്തുന്നത്. ന്യൂസിലാന്‍ഡിനോടും ഓസ്‌ട്രേലിയയോടുമുള്ള പരമ്പര പരാജയത്തില്‍ ഗംഭീറിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ചാമ്പ്യന്‍സ് ട്രോഫിക്ക് ശേഷം പരിശീലക സ്ഥാനം നഷ്ടമാകുമെന്ന അഭ്യൂഹങ്ങളുമുണ്ടായിരുന്നു. പരിശീലക സ്ഥാനം ഏറ്റെടുത്ത ശേഷമുള്ള ഗംഭീറിന്റെ ആദ്യ ഐ.സി.സി ട്രോഫികൂടിയാണിത്.

CONTENT HIGHLIGHTS: Playing to win, only responsible to them; Gautam Gambhir on India’s victory