ഹൈദരാബാദ്: മുൻ പ്രധാനമന്ത്രി പി.വി. നരസിംഹ റാവുവിനോട് കോൺഗ്രസ് നേതൃത്വം കാണിച്ചത് അനീതിയാണെന്ന ആരോപണവുമായി ബി.ആർ.എസ് വർക്കിങ് പ്രസിഡന്റും തെലങ്കാന മന്ത്രിയുമായ കെ.ടി. രാമറാവു.
‘ അന്തരിച്ച മുൻ പ്രധാനമന്ത്രി പി.വി. നരസിംഹ റാവു നേരിടേണ്ടിവന്ന അനീതിയുടെ ചരിത്രത്തെക്കുറിച്ച് പ്രിയങ്ക ഗാന്ധിക്ക് അറിയില്ല എന്നത് നിർഭാഗ്യകരമാണ്.
കോൺഗ്രസ് പാർട്ടിക്ക് വേണ്ടി തന്റെ ജീവിതം സമർപ്പിച്ച ആ വിനീത മനുഷ്യനെ പാർട്ടി അപമാനിക്കുകയാണുണ്ടായത്,’ കെ.ടി.ആർ വാർത്താ ഏജൻസിയായ എ.എൻ.ഐയോട് പറഞ്ഞു.
നരസിംഹറാവു 2004ൽ അന്തരിച്ചപ്പോൾ അദ്ദേഹത്തിന്റെ ഭൗതിക അവശിഷ്ടങ്ങൾ ന്യൂദൽഹിയിലെ എ.ഐ.സി.സി ഹെഡ് ഓഫീസിൽ കൊണ്ടുവരാൻ കോൺഗ്രസ് അനുവദിച്ചില്ലെന്നും അദ്ദേഹം ആരോപിച്ചു.
‘പ്രധാനമന്ത്രി ആണെന്നിരിക്കെ 1996ൽ എം.പി സ്ഥാനത്ത് മത്സരിക്കാൻ അദ്ദേഹത്തിന് കോൺഗ്രസ് സീറ്റ് പോലും നൽകിയില്ല.
പ്രിയങ്ക ഗാന്ധിയെ ഞാൻ മറ്റൊരു കാര്യം കൂടി ഓർമ്മപ്പെടുത്തട്ടെ, 24 അക്ബർ റോഡിലെ എ.ഐ.സി.സി ഹെഡ് ഓഫീസിൽ അദ്ദേഹത്തിന്റെ മൃതശരീരം കൊണ്ടുവരാൻ പോലും അനുവദിച്ചില്ല.
പ്രിയങ്ക ഗാന്ധിക്ക് ഇതിനെക്കുറിച്ചൊന്നും അറിയില്ല എന്നത് വളരെ കഷ്ടമാണ്. നരസിംഹ റാവുവിന്റെ കുടുംബത്തോട് രാഹുൽഗാന്ധിയും പ്രിയങ്ക ഗാന്ധിയും മാപ്പു പറയണം,’ കെ.ടി.ആർ പറഞ്ഞു.
തെലങ്കാനയിൽ പ്രിയങ്ക ഗാന്ധിയും രാഹുൽ ഗാന്ധിയും തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്ന സാഹചര്യത്തിലാണ് കെ.ടി.ആറിന്റെ പരാമർശം.
നരസിംഹ റാവുവിന്റെ നാടായ കരിംനഗറിൽ മുൻ പ്രധാനമന്ത്രിയുമായി ചുറ്റിപ്പറ്റിയുള്ള വികാരം വോട്ടാക്കി മാറ്റാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്.
ഇതിന്റെ ഭാഗമായി കരിംനഗർ ജില്ലയുടെ പേര് പി.വി. നരസിംഹ റാവു എന്ന് മാറ്റുമെന്ന് തെലങ്കാന പ്രദേശ് കോൺഗ്രസ് കമ്മിറ്റി അധ്യക്ഷൻ രേവന്ത് റെഡ്ഡി അറിയിച്ചിരുന്നു.