national news
ഹരിയാനയില്‍ ബി.ജെ.പി മുഖ്യമന്ത്രിക്കെതിരെ തേജ് ബഹദൂര്‍ യാദവ് മത്സരിക്കും; നീക്കത്തിന് പിന്നില്‍ പ്രബല കക്ഷി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Sep 29, 04:50 pm
Sunday, 29th September 2019, 10:20 pm

ഹരിയാന നിയമസഭ തെരഞ്ഞെടുപ്പില്‍ നിലവിലെ മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ക്കെതിരെ മുന്‍ ബി.എസ്.എഫ് ജവാന്‍ തേജ് ബഹദൂര്‍ യാദവ് മത്സരിക്കും. ദുഷ്യന്ത് ചൗട്ടാല നേതൃത്വം നല്‍കുന്ന ജനനായക് ജനതാ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായാണ് തേജ് ബഹദൂര്‍ യാദവ് മത്സരിക്കുക. ഇന്ന് ദല്‍ഹിയില്‍ വെച്ചാണ് തേജ് ബഹദൂര്‍ യാദവ് ജെ.ജെ.പിയില്‍ ചേര്‍ന്നത്.

ജമ്മു കശ്മീരിലെ ബി.എസ്.എഫ് ജവാന്മാരുടെ ദുരവസ്ഥ വെളിവാക്കുന്ന വീഡിയോ പുറത്തു വിട്ടത് വഴിയാണ് തേജ് ബഹദൂര്‍ യാദവ് ശ്രദ്ധേയനാവുന്നത്.

വീഡിയോയെ കുറിച്ച് പ്രധാനമന്ത്രിയുടെ ഓഫീസ് പോലും റിപ്പോര്‍ട്ട് തേടിയിരുന്നു. ഇതേ തുടര്‍ന്ന് മൂന്നു മാസത്തെ സൈനിക വിചാരണയ്ക്ക് ശേഷം അദ്ദേഹത്തെ ബി.എസ്.എഫില്‍ നിന്ന് പിരിച്ച് വിടുകയായിരുന്നു. സ്വമേധയാ വിരമിക്കാന്‍ അനുവദിക്കണമെന്ന തേജ്ബഹദൂറിന്റെ ആവശ്യം തള്ളിക്കളഞ്ഞു കൊണ്ടായിരുന്നു നടപടി.

കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വാരണാസിയില്‍ നരേന്ദ്രമോദിക്കെതിരെ തേജ് ബഹദൂര്‍ യാദവ് മത്സരിക്കാന്‍ നാമനിര്‍ദേശ പത്രിക നല്‍കിയിരുന്നു. എസ്.പി-ബി.എസ്.പി സഖ്യം പിന്തുണയും നല്‍കിയിരുന്നു. എന്നാല്‍ പത്രിക തള്ളിപ്പോവുകയായിരുന്നു. ഇതിനെതിരെ തേജ് ബഹദൂര്‍ യാദവ് കോടതിയെ സമീപിച്ചിരിക്കുകയാണ്.